മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങും മുഴങ്ങിയ ഈണം ഇതായിരുന്നു, താളവും ഭാവവും വികാരവും ഇതായിരുന്നു. ഇന്നത്തെ തലമുറ രീതിയില്‍ പറഞ്ഞാല്‍ ‘വൈറലായ’ തെരഞ്ഞെടുപ്പ് പാട്ട്, മുമ്പത്തെ ‘ഹിറ്റ്’.
പാട്ടിന്റെ ഈ വരികളുടെ അര്‍ത്ഥമിതാണ്:
രാമനെ കൊണ്ടുവന്നവരാരോ
അവരെ നമ്മള്‍ ജയിപ്പിക്കും
മഹാരാഷ്‌ട്രയില്‍ പിന്നെയും
കാവിപതാക പറപ്പിക്കും… മഹാരാഷ്‌ട്രക്കാരുടെ സര്‍വസ്വമായ ഛത്രപതി ശിവാജി മഹാരാജിനെ വാഴ്‌ത്തിക്കൊണ്ട്, കാവിയുടെ വരവിനെ ആഘോഷിച്ചുകൊണ്ടുള്ള ആ പാട്ടുപോലെ പാട്ടുംപാടിയാണ് സംസ്ഥാനത്ത് എന്‍ഡിഎ വിജയിച്ചത്. 288 സീറ്റില്‍ 225 സീറ്റ്. വീണ്ടും കാവിയണിഞ്ഞു, അക്ഷരാര്‍ത്ഥത്തില്‍.
മഹാരാഷ്‌ട്ര നല്‍കുന്ന സന്ദേശം എന്താണ്? ഒരിക്കല്‍ ആ സംസ്ഥാനം ഭരിച്ച് വിഹരിച്ച കോണ്‍ഗ്രസ് നേതാവ് ശരദ് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ പിളര്‍പ്പില്‍ വോട്ടര്‍മാര്‍ ആരുടെ പക്ഷം എന്ന് തെളിയിച്ചു. ഒരിക്കല്‍ സംസ്ഥാനത്തെ അടക്കി ഭരിച്ച ബാല്‍താക്കറെയുടെ ശിവസേന പിളര്‍ന്നപ്പോള്‍ അനുയായികള്‍ ആരുടെ പക്ഷം എന്ന് സ്ഥാപിച്ചു. വോട്ടര്‍മാര്‍ രാഷ്‌ട്രപക്ഷത്ത് നില്‍ക്കുന്ന, ദേശീയ കക്ഷിയായ ബിജെപിക്ക് ഒപ്പം. അതാണ് തെരഞ്ഞെടുപ്പു ഫല സന്ദേശം.
ശരദ് പവാര്‍ കോണ്‍ഗ്രസിന്റെ ദേശീയതയില്‍നിന്നുള്ള അകല്‍ച്ചയെ തുടര്‍ന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കിയതാണ് എന്‍സിപി. ഇറ്റലിക്കാരിയായ സോണിയ പ്രധാനമന്ത്രിയാകുമെന്ന സ്ഥിതിവന്നപ്പോള്‍ രാജ്യ സ്നേഹം പറഞ്ഞ് കോണ്‍ഗ്രസ് വിട്ടയാള്‍. പക്ഷേ, ദേശീയതാ വികാരം പരമമായി കാണുന്ന മഹാരാഷ്‌ട്രക്കാരെ വഞ്ചിക്കുകയായിരുന്നു, പവാറും എന്‍സിപിയും കോണ്‍ഗ്രസിന്റെ വാലായി മാറിയപ്പോഴെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു.
മറാഠാ അഭിമാനവും മഹാരാജ് ശിവാജിയുടെ പൈതൃകവും ജീവനമാക്കി വളര്‍ന്ന ശിവസേനയുടെ ആചാര്യന്‍ ബാല്‍ താക്കറെയുടെ പിന്‍മുറക്കാര്‍ ആദര്‍ശം അടിയറവെച്ച് കോണ്‍ഗ്രസിന്റെ പാദസേവകരായി. അതില്‍ വിയോജിച്ച് ശിവസേനയുടെ സ്വാഭാവിക സഖ്യകക്ഷിയെന്ന് ബാല്‍ താക്കറെതന്നെ വിശേഷിപ്പിച്ച ബിജെപിയോടൊപ്പം നിന്നവര്‍ക്ക് ഒപ്പം അനുയായികള്‍ നിന്നു. അതാണ് മഹാരാഷ്‌ട്രയുടെ ചുരുക്ക ഫലം. അങ്ങനെ സംഗമിച്ച് ത്രിവേണിയായ ‘മഹായുതി’ പാടിയത് പാട്ടിലാക്കി, ചരിത്രമാക്കി. മഹാരാഷ്‌ട്രയില്‍ ”ഫിര്‍ സേ ഭഗവാ ലഹരാ ആഗയാ-” വീണ്ടും കാവിപതാക ഉയര്‍ന്നു.
അവിടെ മാത്രമല്ല, ബീഹാറില്‍, അസാമില്‍, യുപിയില്‍, സിക്കിമില്‍ കാവി പടര്‍ന്നു. ബീഹാറില്‍ എന്‍ഡിഎ ഘടകകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചത് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ ആണ്. ആകെ നാല് സീറ്റില്‍ മൂന്നിലും എന്‍ഡിഎയാണ് നേടിയത്. എന്നാല്‍ ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് ജെഎംഎം -കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യത്തിനോട് തോല്‍വി പിണഞ്ഞു.
മഹാരാഷ്‌ട്ര ഫലത്തിനെ രാഷ്‌ട്രീയമായി വായിക്കേണ്ടത് രണ്ടു തരത്തിലാണ്. ഒന്ന്: മഹാ വികാസ് അഘാഡി എന്ന സഖ്യം ദേശീയ രാഷ്‌ട്രീയത്തിലെ ബലപരീക്ഷണമായിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം വിലയിരുത്തി ചിലര്‍ എന്‍ഡിഎയ്‌ക്ക് എതിരായി രൂപപ്പെടുത്തിയത് അബദ്ധ ധാരണകളാണെന്നതാണ് അത്്. രണ്ട്: 2025 ഫെബ്രുവരിയില്‍ നടക്കേണ്ട ദല്‍ഹി- നവംബര്‍ ഒടുവില്‍ നടക്കേണ്ട ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫല സൂചനകൂടിയാകുന്നു അത്. അതെ, ‘ഭഗവാ ലഹരായേംഗേ’ എന്നു നിശ്ചയിച്ചാല്‍ അതിന് ‘ഒന്നായി ഒപ്പം നിന്നാല്‍’ സാധ്യമാക്കുകതന്നെ ചെയ്യാമെന്നാണ് ചുവരെഴുത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: