ന്യൂദല്‍ഹി: യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയും കൈക്കൂലി മുതലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തതോടെ നേരത്തെക്കൂട്ടിയുള്ള പദ്ധതിയനുസരിച്ച് ആഹ്ളാദാരവങ്ങളോടെ നീങ്ങുകയാണ് കോണ്‍ഗ്രസും ഇന്ത്യാമുന്നണിയും ജിഹാദികളും എൻജിഒകളും. സമൂഹമാധ്യമങ്ങളിലെ നൂറുകണക്കിന് അക്കൗണ്ടുകളില്‍ അദാനിയെ പെരുങ്കള്ളനാക്കി ചിത്രീകരിച്ചുള്ള സംഹാരതാണ്ഡവമാണ് നടക്കുന്നത്. ചിലര്‍ അദാനിയെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തെന്ന് വരെ വ്യാജമായി സൃഷ്ടിച്ച ചിത്രം ഉള്‍പ്പെടെ ആരോപണം ഉയര്‍ത്തുന്നു.
നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്. അമേരിക്കന്‍ പൊലീസ് കൈവിലങ്ങുകള്‍ വെച്ചാണ് അദാനിയെ കൊണ്ടുപോകുന്നത്. ഈ ചിത്രം വ്യാജമാണെന്ന് ഫാക്ട് ചെക്ക് നടത്തി നിരവധി വെബ്സൈറ്റുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും ഈ ചിത്രം വൈറലായി പ്രചരിക്കുകയാണ്.
മൂന്നാംലോകരാജ്യങ്ങളിലെ സര്‍ക്കാരുകളുടെ അട്ടിമറിച്ച് അവിടെ പാവസര്‍ക്കാരുകളെ വാഴ്‌ത്തി ലാഭം കൊയ്യുന്ന വലിയൊരു അധികാര ശൃംഖലയെയാണ് ഡീപ് സ്റ്റേറ്റ് എന്ന് വിളിക്കുന്നത്. ഇതില്‍ യുഎസിലെ മുന്‍ പ്രസിഡന്‍റുമാര്‍, അവരെ ചുറ്റി നില്‍ക്കുന്ന കോര്‍പറേറ്റുകള്‍, അവര്‍ ഊട്ടിവളര്‍ത്തുന്ന എന്‍ജിഒകള്‍, ഇവര്‍ പണം നല്‍കി വളര്‍ത്തുന്ന പത്രപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ഉണ്ട്. ഈ ഡീപ് സ്റ്റേറ്റിന്റെ വലിയൊരു ഏജന്‍റാണ് അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ്. ഇദ്ദേഹത്തിന് ബന്ധമുള്ള രണ്ട് സ്ഥാപനങ്ങളാണ് ഇതിന് മുന്‍പ് അദാനിയെ വീഴ്‌ത്താന്‍ രണ്ട് കൂറ്റന്‍ ആരോപണങ്ങളുമായി വന്നത്. ഒന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആണെങ്കില്‍ രണ്ടാമത്തേത് ഒസിസിആര്‍പി എന്ന സംഘടനയാണ്. ഇവരെ പിന്തുണച്ച് സുപ്രീംകോടതിയില്‍ അദാനിയ്‌ക്കെതിരെ വാദിച്ചതാകട്ടെ, ഇന്ത്യയിലെ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധികളാണെന്ന് ആരോപിക്കപ്പെടുന്ന അഡ്വക്കേറ്റുമാരായ പ്രശാന്ത് ഭൂഷണും അഭിഷേക് മനു സിംഘ് വിയും ആണ്.
എന്താണ് അദാനിയ്‌ക്കതിരായ ആരോപണം
യുഎസ് അറ്റോര്‍ണി ജനറല്‍ ഇപ്പോള്‍ അദാനിയ്‌ക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണം എന്താണ്? 2020-22 കാലഘട്ടത്തില്‍ അദാനി 2000 കോടി രൂപ കൈക്കൂലി നടത്തിയെന്നായിരുന്നു ആരോപണം. കേന്ദ്രസര്‍ക്കാരില്‍ നിന്നും ഊര്‍ജ്ജം വാങ്ങിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായി കരാര്‍ ഉണ്ടക്കാനായി അതത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് അദാനി 2000 കോടി രൂപയോളം കൈക്കൂലി നല്‍കി എന്നാണ് ആരോപണം. ഈ കമ്പനികള്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെകി (എസ് ഇസിഐ- സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) യില്‍ നിന്നും ഊര്‍ജ്ജം വാങ്ങുന്ന പദ്ധതിക്ക് കരാറില്‍ ഒപ്പുവെപ്പിക്കാനായിരുന്നു കൈക്കൂലി നല്‍കിയത് എന്നാണ് ആരോപണം. പകരം സെകി (എസ് ഇസിഐ- സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) ഈ ആവശ്യത്തിന് വേണ്ട ഊര്‍ജ്ജം അദാനിയുടെ പവര്‍ കമ്പനിയില്‍ നിന്നും വാങ്ങും എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഈ കരാറുകളില്‍ ഏര്‍പ്പെട്ടതോടെ അദാനിയുടെ ഊര്‍ജ്ജോല്‍പാദന കമ്പനികള്‍ സുരക്ഷിതമായ അവസ്ഥയില്‍ എത്തിയെന്നും തങ്ങളുടെ ഊര്‍ജ്ജോല്‍പാദന കമ്പനികളെ വളര്‍ത്താനുള്ള അധിക മൂലധനം ഈ ഓര്‍ഡറുകള്‍ കാണിച്ച് യുഎസ് പൗരന്മാരരില്‍ നിന്നും കണ്ടെത്തി. മാത്രമല്ല, ഫ്രാന്‍സിലെ ടോട്ടര്‍ എനര്‍ജിക്കും തങ്ങളുടെ ഊര്‍ജോല്‍പാദനകമ്പനികളുടെ ഓഹരികള്‍ വന്‍തുകയ്‌ക്ക് വിറ്റു എന്നും ആരോപണമുണ്ട്. ഇതെല്ലാമാണ് യുഎസ് അറ്റോര്‍ണി ജനറലിന്റെ ആരോപണം. ഇത് ഗൗരവമായ ആരോപണമാണ്. ഈ ആരോപണത്തെക്കുറിച്ച് ആദ്യം അന്വേഷിക്കേണ്ടത് ഇന്ത്യയുടെ ഓഹരി വിപണി നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സെബി ആണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
അദാനിയില്‍ നിന്നും കൈക്കൂലി സ്വീകരിച്ചതില്‍ ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്ല
ഇനിയാണ് ഏറ്റവും തമാശയുള്ള കാര്യം. അദാനി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്ന് ആരോപിക്കപ്പെടുന്ന ഈ സംസ്ഥാനങ്ങളൊന്നും ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളല്ല. വൈ.എസ്. ആര്‍ പാര്‍ട്ടി നേതാവ് ജഗന്‍ ഭരിച്ചിരുന്ന ആന്ധ്രാപ്രദേശ്, കോണ്‍ഗ്രസ് ഭരിച്ചിരുന്ന ഛത്തീസ് ഗഡ്, ബിജു ജനതാദള്‍ ഭരിച്ചിരുന്ന ഒഡിഷ, ഡിഎംകെ ഭരിയ്‌ക്കുന്ന തമിഴ്നാട്, ഗവര്‍ണ്ണര്‍ ഭരിയ്‌ക്കുന്ന ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് 2020-22 കാലത്ത് അദാനി കൈക്കൂലി നല്‍കിയത് എന്ന് പറയപ്പെടുന്നത്. അദാനിയുടെ ഊര്‍ജ്ജം വിതരണം ചെയ്യുന്നതിനായി കോണ്‍ഗ്രസും ഇന്ത്യാമുന്നണിയിലെ പാര്‍ട്ടികള്‍ ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി പറയുന്നത് മോദി അഴിമതിക്കാരനാണ് എന്നാണ്. ഒഡിഷ ഭരിച്ചിരുന്ന നവീന്‍ പട് നായിക്, തമിഴ്നാട് ഭരിക്കുന്ന സ്റ്റാലിന്‍, ഛത്തീസ്ഗഢ് ഭരിച്ചിരുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ബാഗേല്‍ തുടങ്ങിയവരൊന്നും കുറ്റവാളികളല്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം. ഇതാണ് രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യാ മുന്നണിയുടെയും ഇരട്ടത്താപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: