Kerala

ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ ഒരുക്കി; കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റം ആരോപിച്ചു, സരിനെതിരെ ഹെയര്‍ സ്റ്റൈലിസ്റ്റ്

Published by

പാലക്കാട്: ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ പാലക്കാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി. പി സരിന്റെ കൂടെ നടക്കുന്ന ബോസ് എന്നയാളാണ് മോഷണക്കുറ്റം ആരോപിച്ചത്.

സരിന്റെ വീട്ടില്‍ നിന്ന് 35000 രൂപ മോഷ്ടിച്ചതായാണ് ആരോപിച്ചതെന്ന് ബാവ പറയുന്നു. പത്തിരുപത് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും സ്ഥാനാര്‍ഥി ആവുന്നതിന് മുമ്പ് നടന്ന ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ സരിനെ ഒരുക്കിയത് താനാണെന്നും ബാവ പറഞ്ഞു. വോട്ടെണ്ണുന്നതിന് തലേ ദിവസം അദ്ദേഹത്തിന്റെ തിരുവില്വാമലയിലെ വീട്ടില്‍ വെച്ചാണ് ഒരുക്കങ്ങള്‍ നടന്നത്. അതുവരെയുള്ള പ്രതിഫലമെല്ലാം സരിന്‍ കൃത്യമായി ചെയ്തിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്റെ തലേ ദിവസം ചെയ്ത ജോലിയുടെ പ്രതിഫലം ചോദിച്ചപ്പോഴാണ് മോഷണക്കുറ്റം ആരോപിച്ചതെന്ന് ബാവ പറയുന്നു.

‘പി സരിന്റെ കൂടെ നടക്കുന്ന ബോസ് എന്നയാളോടാണ് പ്രതിഫലം ചോദിച്ചത്. എന്നാല്‍ തലേദിവസം ഞാന്‍ സരിന്റെ വീട്ടില്‍ നിന്ന് പോയതിന് ശേഷം അവിടെ നിന്ന് 35000 രൂപയോളം നഷ്ടമായെന്ന് ബോസ് പറഞ്ഞു. അത് ഞാനെടുത്തു എന്ന രീതിയിലാണ് ബോസ് സംസാരിച്ചത്.’ ബാവ പറഞ്ഞു.

വളരെ ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹത്തിന് വേണ്ടി ജോലി ചെയ്തത്. സരിന്‍ ഇത് അറിഞ്ഞിരുന്നുവെങ്കില്‍ തന്നോട് വിളിച്ചുപറയണമായിരുന്നുവെന്നും സംഭവത്തില്‍ കേസുമായി മുന്നോട്ട് പോവാനാണ് താല്‍പര്യമെന്നും ബാവ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by