India

സുബ്ബലക്ഷ്മിയുടെ പേരിലെ പുരസ്കാരവും ഒരു ലക്ഷവും പതിനായിരം രൂപ അധികവും നല്‍കി ചിത്രവീണ വാദകന്‍ രവികിരണിന്റെ യുദ്ധം

സനാതനവിരുദ്ധത പ്രസംഗിക്കുന്ന ടി.എം.കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ പുരസ്കാരം നല‍്കാനുള്ള തീരുമാനത്തിനെതിരെയുള്ള എം.എസ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം മടക്കി നല്‍കി ചിത്രവീണവാദകന്‍ രവികിരണ്‍.

Published by

ചെന്നൈ: സനാതനവിരുദ്ധത പ്രസംഗിക്കുന്ന ടി.എം.കൃഷ്ണയ്‌ക്ക് മദ്രാസ് മ്യൂസിക് അക്കാദമിയുടെ പുരസ്കാരം നല‍്കാനുള്ള തീരുമാനത്തിനെതിരെയുള്ള എം.എസ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം മടക്കി നല്‍കി ചിത്രവീണവാദകന്‍ രവികിരണ്‍. മദ്രാസ് മ്യൂസിക് അക്കാദമി 2017ല്‍ തനിക്ക് നല്‍കിയ പുരസ്കാരമാണ് പ്രശസ്ത ചിത്രവീണ വാദകന്‍ രവികിരണ്‍ മടക്കിനല്‍കിയത്. ഈ പുരസ്കാരത്തിനൊപ്പം അന്ന് നല്‍കിയ ക്യാഷ് അവാര്‍ഡായ ഒരു ലക്ഷം രൂപ പതിനായിരം രൂപ അധിക തുക കൂടി ചേര്‍ത്ത് തിരിച്ചുനല്‍കാനും രവികിരണ്‍ മറന്നില്ല. മദ്രാസ് മ്യൂസിക് അക്കാദമിയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നതായി ഈ സംഭവം.

ഇപ്പോള്‍ സുബ്ബലക്ഷ്മിയുടെ പേരില്‍ ലഭിച്ച അവാര്‍ഡും ക്യാഷ് പ്രൈസും തിരിച്ചുകൊടുക്കാന്‍ മൂന്ന് കാരണങ്ങളുണ്ടെന്ന് രവികിരണ്‍ പറയുന്നു. അതില്‍ ഒന്ന്  വിദ്വാന്‍ പാലക്കാട് രാമചന്ദ്ര അയ്യരുടെ പേരില്‍ ചിത്രവീണ രവികരണ്‍ഏര്‍പ്പെടുത്തിയിരുന്ന എന്‍ഡോവ് മെന്‍റ് മദ്രാസ് മ്യൂസിക് അക്കാദമി നിര്‍ത്തലാക്കിയതാണ്. ചിത്ര വീണ രവികിരണ്‍ മദ്രാസ് മ്യൂസിക് അക്കാദമി നല്‍കിയ സംഗീത കലാനിധി പുരസ്കാരം തിരിച്ചുനല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയുടെ ഈ നടപടി. നേരത്തെ രവികിരണ്‍  സംഗീത കലാനിധി അവാര്‍ഡ് മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക്  തിരിച്ചുനല്‍കിയത് ടി.എം. കൃഷ്ണയ്‌ക്ക് മദ്രാസ് മ്യൂസിക് അക്കാദമി സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് നല‍്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു.

സനാതനവിരുദ്ധതയിലേക്കും ഇടത് സ്വഭാവങ്ങളിലേക്കും മദ്രാസ് മ്യൂസിക് അക്കാദമിയെ കൊണ്ടുപോകാനുള്ള ഹിന്ദു പത്രം ഉടമസ്ഥരായ എന്‍.മുരളിയുടെയും എന്‍. റാമി‍ന്റെയും നീക്കത്തിനെതിരെയാണ് കര്‍ണ്ണാടകസംഗീതജ്ഞരുടെ യുദ്ധം. ഹിന്ദു ദിനപത്രത്തിന്റെ ഉടമയായ എന്‍. റാം സനാതനധര്‍മ്മത്തിനും ബിജെപി രാഷ്‌ട്രീയത്തിനും എതിരെ ശക്തമായ പ്രചാരണം നടത്തുന്ന വ്യക്തി കൂടിയാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദു പത്രം സദ്ഗുരുവിനെതിരെയും വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാറുണ്ട്. എന്‍.മുരളി അധ്യക്ഷനായ മദ്രാസ് മ്യൂസിക് അക്കാദമിയാണ് ടി.എം. കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി സുബ്ബലക്ഷ്മിയുടെ പേരില്‍ അവാര്‍ഡ് നല്‍കാന്‍ പാടില്ലെന്ന് വിധിച്ചിരിക്കുകയാണ്. സുബ്ബലക്ഷ്മിയുടെ മകളുടെ മകന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. മറ്റേതെങ്കിലും പേരില്‍ മദ്രാസ് മ്യൂസിക് അക്കാദമിക്ക് അവാര്‍ഡ് നല്‍കാമെന്നും കോടതി നിര്‍ദേശിച്ചു. തന്റെ പേരില്‍ പുരസ്കാരങ്ങള്‍ നല്‍കരുതെന്ന് എം.എസ്. സുബ്ബലക്ഷ്മി വില്‍പത്രത്തില്‍ എഴുതിയിട്ടുണ്ടെന്ന ചെറുമകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇത് തല്‍ക്കാലം എന്‍.റാമിനും എന്‍. മുരളിയ്‌ക്കും തിരിച്ചടിയായിരിക്കുകയാണ്.

സുബ്ബലക്ഷ്മിയെ ബഹുമാനിക്കാത്ത സംഗീതജ്ഞനാണ് ടി.എം.കൃഷ്ണ എന്ന് പൊതുവേ കര്‍ണ്ണാടക സംഗീതജ്ഞര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. സുബ്ബലക്ഷ്മിയുടെ പേരിലെ അവാര്‍ഡ് നല്‍കാന്‍ എന്തായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക് വാശി എന്ന ചോദ്യ വും വീണ്ടുമുയരുകയാണ്.

ഡിസംബര്‍ 25നാണ് പുരസ്കാരം നല്‍കേണ്ടത്. കര്‍ണ്ണാടകസംഗീതത്തിലെ മികച്ച ഗായകരായ രഞ്ജി- ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ഹരികഥാ വിദഗ്ധന്‍ ദുഷ്യന്ത് ശ്രീധര്‍ എന്നിവര്‍ പുരസ്കാരദാനം നടക്കുന്ന ഡിസംബര്‍ 25ന് മദ്രാസ് മ്യൂസിക് അക്കാദമി നടത്തുന്ന സംഗീതപരിപാടിയില്‍ നിന്നും പിന്‍വാങ്ങുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ദേവദാസി കുടുംബാംഗമായിരുന്നു എം.എസ്. സുബ്ബലക്ഷ്മി ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ചതോടെ അവരുടെ സിദ്ധികള്‍ ഇല്ലാതായെന്ന് ഒരു പ്രസംഗത്തില്‍ ടി.എം.കൃഷ്ണ പറഞ്ഞിരുന്നു. ദേവദാസികളുടെ സംഗീതാവിഷ്കാരം ജീവിതത്തിന്റെ ബഹുതല ഭാവങ്ങളുടെ സ്വതന്ത്ര പ്രകാശനമായിരുന്നുവെന്നും ദേവദാസിയായിരുന്ന കാലത്ത് സുബ്ബലക്ഷ്മിയുടെ ഗാനാലാപനം കൂടുതല്‍ സ്വതന്ത്രമായിരുന്നുവെന്നും വാദിച്ചിട്ടുള്ള സംഗീതജ്ഞനാണ് ടി.എം. കൃഷ്ണ. ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ച് തന്റെ ദേവദാസീ സ്വത്വം കളഞ്ഞുകുളിച്ചതിന് (നിഷ്കാസനം ചെയ്ത) മുമ്പും പിമ്പുമുള്ള എം.എസ്. സുബ്ബലക്ഷ്മിയുടെ .ഗാനാലാപനത്തില്‍ വലിയ മാറ്റം ഉണ്ടെന്നാണ് എം.എസ്. കൃഷ്ണയുടെ നിരീക്ഷണം. പണ്ട് ദേവദാസീ ഭാവത്തില്‍ പാടിയിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനത്തോടാണ് കൃഷ്ണയ്‌ക്ക് കൂടുതല്‍ അടുപ്പവും മതിപ്പും. ഇതുപോലുള്ള വില കുറഞ്ഞ അഭിപ്രായപ്രകടനം നടത്തുന്ന ടി.എം. കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരില്‍ ഒരു പുരസ്കാരം നല്‍കുന്നതിനെ കര്‍ണ്ണാടക സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് സാധിക്കുമോ? ആ പ്രതിഷേധം തന്നെയാണ് രഞ്ജി- ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ഹരികഥാ വിദഗ്ധന്‍ ദുഷ്യന്ത് ശ്രീധര്‍ എന്നിവര്‍ നടത്തിയത്. യൂറോപ്യന്‍ സദാചാരവും ബ്രാഹ്മണ്യ പുരുഷമേധാവിത്വ സങ്കല്‍പങ്ങളും ദേവദാസീ കലകളിലേക്ക് പ്രവേശിച്ചതായും കര്‍ണ്ണാടക സംഗീതം പുതിയ സവര്‍ണ്ണ മധ്യവര്‍ഗ്ഗ ഭക്തിയുടെ കലാപ്രകടനമായി സങ്കോചിച്ചതായും അഭിപ്രായമുള്ള വ്യക്തിയാണ് ടി.എം.കൃഷ്ണ.

ഹിന്ദു ബ്രാഹ്മണ്യത്തിനെതിരെ പ്രചാരണം അഴിച്ചുവിടാനും തമിഴ്നാട്ടില്‍ ബിജെപിയ്‌ക്ക് വേരോട്ടമില്ലാതാക്കാനുമുള്ള ബോധപൂര്‍വ്വമായുള്ള ശ്രമത്തിന്റെ ഭാഗമാണ് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കാന്‍ എന്‍.റാമിന്റെയും എന്‍.മുരളിയുടെയും നേതൃത്വത്തില്‍ നീക്കം നടന്നതെന്നും ആരോപണമുണ്ട്. പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കാനുള്ള തീരുമാനത്തിനെതിരെ കര്‍ണ്ണാടകസംഗീതവിദഗ്ധര്‍ പ്രതികരിച്ച ഉടന്‍ ഡിഎംകെ എംപി കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ടി.എം. കൃഷ്ണയുടെ പിന്നില്‍ അണിനിരന്നതിലും ഇതിന് പിന്നിലെ രാഷ്‌ട്രീയ അജണ്ട വ്യക്തമാക്കുന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക