രണ്ട് ദിവസം മുൻപാണ് തന്റെ വിവാഹമോചനം സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഭാര്യ സൈറാബാനുവുമൊത്ത് സംയുക്ത പ്രസ്താവനയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് മണിക്കൂറുകൾക്കകം റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചു.
ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിൽ ചർച്ചകളുയർന്നു. എന്നാൽ മോഹിനിയും റഹ്മാന്റെ മക്കളുമെല്ലാം ഈ അഭ്യൂഹങ്ങളെ വിമർശിക്കുകയും തള്ളിക്കളയുകയും ചെയ്തു. ഇതിനുപിന്നാലെ തന്നെക്കുറിച്ച് അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് എ.ആർ. റഹ്മാൻ.എ.ആർ.റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ഭാര്യ സൈറാബാനുവുമൊത്ത് സംയുക്ത പ്രസ്താവനയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഒരു മണിക്കൂർ അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ തന്റെ പ്രശസ്തിയെയും കുടുംബത്തേയും ബാധിക്കുന്ന തരത്തിലുള്ള എല്ലാ പോസ്റ്റുകളും നീക്കം ചെയ്യണമെന്നാണ് റഹ്മാന്റെ മുന്നറിയിപ്പ്.
കുറഞ്ഞ സമയത്തെ പബ്ലിസിറ്റിക്കായി തന്റെ കക്ഷിയെ അപകീർത്തിപ്പെടുത്തുവാൻ അപവാദങ്ങൾ പ്രചരിപ്പികുകയാണെന്നും പ്രസ്തുത സമയത്തിനുള്ളി ഇവ നീക്കം ചെയ്തില്ലായെങ്കിൽ 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.
ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാനാരംഭിച്ചെന്ന് നോട്ടീസിൽ പറയുന്നു. റഹ്മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടീസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക