India

ജനക്ഷേമമാണ് രാഷ്‌ട്രീയത്തിന്റെ മെയിന്‍; മഹാരാഷ്‌ട്ര തൂത്തുവാരിയതിന് പിന്നില്‍ ഈ മൂന്ന് ഘടകങ്ങള്‍

Published by

മുംബൈ: ഇനി വെറുതെ മുദ്രാവാക്യം ഉയര്‍ത്തി ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്‌ട്രീയത്തിന് പ്രസക്തിയില്ല എന്ന് മഹാരാഷ്‌ട്രയിലെ മഹായുതി സര്‍ക്കാരിന്റെ വിജയം തെളിയിക്കുന്നു. ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ മാത്രമാണ് ജനങ്ങള്‍ ഒരു സര്‍ക്കാരിനെയോ ഭരണത്തെയോ പിന്തുണയ്‌ക്കുന്നത്. അതിന് ഉത്തമമായ ഉദാഹരണമാണ് 288ല്‍ 230 സീറ്റുകള്‍ നല്‍കി മഹാരാഷ്‌ട്രയിലെ മഹായുതി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കുന്ന ജനവിധി.

മൂന്ന് പ്രധാന ഘടകങ്ങളാണ് മഹായുതിയുടെ ഈ വമ്പന്‍ വിജയത്തിന് പിന്നില്‍. ഒന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ വീതം നല്‍കുന്ന ലഡ് കി ബഹിന്‍ യോജന എന്ന പെന്‍ഷന്‍ പദ്ധതി, രണ്ടാമത്തേത് മുന്നണിയാണെങ്കിലും ഫഡ്നാവിസ്, അജിത് പവാര്‍, ഏക് നാഥ് ഷിന്‍ഡേ എന്നിവരുടെ യോജിച്ചുള്ള നില്‍പ്, മുന്നാമത്തേത് പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണായുധങ്ങളുടെ മുനയൊടിച്ച് കൊണ്ടുള്ള പ്രചാരണം എന്നിവയാണ് മഹായുതി തെരഞ്ഞെടുപ്പ് തൂത്തുവാരാന്‍ കാരണമായത്.

1,സ്ത്രീകള്‍ക്ക് മാസം 1500 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന ലഡ് കി ബഹന്‍ യോജന

സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന മഹായുതി സര്‍ക്കാരിന്റെ ക്ഷേമപദ്ധതിയാണ് ഇതില്‍ എടുത്തുപറയേണ്ടത്. ലഡ്കി ബഹിന്‍ യോജന എന്നാണ് ഈ പദ്ധതിയ്‌ക്ക് പേര് നല്‍കിയിരിക്കുന്നത്. തന്റെ സര്‍ക്കാരിന് തുടര്‍ഭരണം നേടിക്കൊടുത്ത ലഡ് കി ബഹിന്‍മാര്‍ക്ക് (പ്രിയ സഹോദരി) മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേ നന്ദി പറഞ്ഞു. 21 മുതല്‍ 65 വയസ്സുവരെയുള്ള വനിതകള്‍ക്ക് മാസപെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് ല‍ഡ് കി ബഹിന്‍. വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ കുറവുള്ള വീടുകളിലെ സ്ത്രീകള്‍ക്കാണ് പെ‍ന്‍ഷന് അര്‍ഹത. മാസം 1500 രൂപ വീതം ഒരു വര്‍ഷം 18000 രൂപയാണ് നല്‍കുക. നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക എത്തുക. ഇക്കഴിഞ്ഞ ദീപാവലിയ്‌ക്ക് നാലും അഞ്ചും ഘട്ടത്തിലെ തുക ഒന്നിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. 3000 രൂപയാണ് സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തത്. സ്ത്രീകളുടെ ആധാര്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് , ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ജനനസര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന് അര്‍ഹരായവരെ തെരഞ്ഞെടുക്കുക.

വര്‍ധിച്ച വോട്ട് ശതമാനത്തിന് ഒരു കാരണം ഇതാണെന്ന് കരുതുന്നു. 1995ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിംഗ് ആണ് മഹാരാഷ്്ടരയില്‍ നടന്നത്. ഏകദേശം 65.02 ശതമാനം പോളിംഗ് നടന്നു. ഇതിന് മുന്‍പ് 1995ല്‍ ഉണ്ടായ 71 ശതമാനമായിരുന്നു ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം. വോട്ടിംഗ് ശതമാനത്തിലെ ഈ വര്‍ധന ക്ഷേമപദ്ധതികള്‍ , പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മാസപെന്‍ഷന്‍ നല്‍കുന്ന ക്ഷേമപദ്ധതിയ്‌ക്ക് ലഭിച്ച പിന്തുണയാണെന്ന് മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസും വിലയിരുത്തുന്നു.

 

2. ജാതിസംവരണരാഷ്‌ട്രീയത്തെ ഫലപ്രദമായി ചെറുക്കല്‍
ജാതി സംവരണത്തിലൂടെ ഹിന്ദു സമുദായത്തെ ദുര്‍ബലപ്പെടുത്തുക എന്ന തന്ത്രമാണ് ഇന്ത്യാസഖ്യം പയറ്റാന്‍ ശ്രമിക്കുന്നത്. ഇതിനെയാണ് ഏക് ഹെ തോ സേഫ് ഹെ, ബട്ടേംഗെ തോ കട്ടേംഗെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കൊണ്ട് മോദിയും ബിജെപി നേതാക്കളും ചെറുത്തത്. ഒബിസി, എസ് സി, എസ് ടി വിഭാഗങ്ങളെ ജാതി സംവരണത്തിലൂടെ ദുര്‍ബലപ്പെടുത്തുക വഴി ന്യൂനപക്ഷങ്ങളുടെ വോട്ട് പിന്തുണയോടെ അധികാരത്തില്‍ കയറുക എന്ന പരമ്പരാഗത കോണ്‍ഗ്രസ് തന്ത്രത്തെയാണ് മോദിയും കൂട്ടരും തെരഞ്ഞെടുപ്പ് ഗോദായില്‍ തകര്‍ത്തുടച്ചത്.

3. മുന്നണിയുടെ ഒറ്റക്കെട്ടായുള്ള നില്‍പ്
ഏക് നാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ് നാവിസും അജിത് പവാറും തമ്മിലുള്ള ഐക്യവും ഭിന്നതകളെ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള വിശാലമനസ്കതയും മഹായുതിയുടെ വിജയത്തെ സഹായിച്ചു. സീറ്റുവിഭജനചര്‍ച്ചയും തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച വിഷയങ്ങളും ഭിന്നതകളില്ലാതെ മുന്നോട്ട് കൊണ്ടുപോവുക വഴിയാണ് ഇവര്‍ വിജയത്തിലേക്ക് നടന്നുകയറിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക