മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നെഞ്ചുവേദനയുമായി ഗുരുതരാവസ്ഥയിലെത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി ചന്ദ്രശേഖരന് (42) നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധര്‍മ്മാശുപത്രിയില്‍ ചികിത്സ നിഷേധിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചന്ദ്രശേഖരനെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. തുടന്ന് ഇസിജിയും എക്കോ ടെസ്റ്റും ചെയ്ത ശേഷം ജനറല്‍ മെഡിസിന് വാര്‍ഡിലേക്ക് മാറ്റുകയാണുണ്ടായത്. ഡോക്ടര്‍ വാര്‍ഡില്‍ വന്ന് പരിശോധിച്ച ശേഷം ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നാണ് ബന്ധുക്കളോട് അത്യാഹിത വിഭാഗം ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ രണ്ടരയോടെ വാര്‍ഡിലെത്തിയ രോഗിയെ പരിശോധിക്കാന്‍ രാവിലെ ഏഴ് മണിയായിട്ട് പോലും ഒരു ഡോക്ടര്‍ പോലും തിരിഞ്ഞുനോക്കാന്‍ തയ്യാറായില്ല. നിരവധി പ്രാവശ്യം ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് ഡ്യൂട്ടി നഴ്സുമാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വാര്‍ഡില്‍ പിജി ഡോക്ടര്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഏഴരമണിയോടെ രോഗി അതീവ ഗുരുതരാവസ്ഥയിലേക്ക് മാറിയതോടെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്.
ആരോഗ്യരക്ഷാപ്രവര്ത്തനത്തില് ഗുരുതര വീഴ്ചയാണ് ഡോക്ടര്‍മാര്‍ കാണിച്ചത്. ഗുരുതരാവസ്ഥയിലെത്തുന്ന രോഗിക്ക് ദ്രുതഗതിയില്‍ ചികിത്സ നല്‍കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഡ്യൂട്ടി ഡോക്ടേഴ്സ് ഇത് അട്ടിമറിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെ പ്രാഥമിക പരിശോധനയില്‍ തന്നെ രോഗി ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലാക്കിയിരുന്നു. എന്നിട്ടും ഐസിയുവിലേക്ക് മാറ്റി ചികിത്സ നല്‍കാതെ ജനറല്‍ മെഡിസിന് വാര്‍ഡിലേക്ക് പറഞ്ഞുവിട്ടത് ദുരൂഹതയുയര്‍ത്തുകയാണ്. രോഗിയെ മരണത്തിലേക്ക് തള്ളിവിടുകയെന്ന ലക്ഷ്യമായിരുന്നോ പിന്നിലെന്നും സംശയിക്കപ്പെടുന്നു. പെട്ടെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയതുകൊണ്ട് മാത്രമാണ് ജീവന് രക്ഷിക്കാനായത്. വാര്‍ഡില്‍ കിടക്കപോലും രോഗിക്ക് നല്‍കിയില്ല. തറയില്‍ ഷീറ്റ് വിരിച്ച് കിടക്കേണ്ട ഗതികേടാണ് ഉണ്ടായതെന്നും ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: