വേദങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു ദേവനാണ് അഗ്നിദേവന്‍. ഇന്ദ്രന്‍ കഴിഞ്ഞാല്‍ അടുത്തസ്ഥാനം അഗ്നിദേവനാണ്. അഷ്ടദിക്ക് പാലകരില്‍ ഒരാളായ അഗ്നി തെക്കു കിഴക്കിന്റെ ആധിപത്യം വഹിക്കുന്നു. (അഗ്നികോണ്‍).അംഗിരസ്സിന്റെ പുത്രന്‍ ‘ശാണ്ഡില്യ’ മഹര്‍ഷിയുടെ പൗത്രന്‍, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രന്‍ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. അഗ്നിയെ സ്വര്‍ഗ്ഗത്തുനിന്ന് ഭൂമിയിലേക്ക് പ്രൊമിഥ്യൂസ് കടത്തിക്കൊണ്ടുപോന്നെന്നും തന്മൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിന് പാത്രീഭൂതനായെന്നും ഗ്രീക്ക് പുരാണത്തില്‍ പറയുന്നു.’അഗ്നിമീളേപുരോഹിതം’ എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ 200-ല്‍പ്പരം സൂക്തങ്ങള്‍കൊണ്ട് അഗ്നിയുടെ മഹിമ വര്‍ണ്ണിച്ചിട്ടുണ്ട്. പ്രായശ്ചിത്ത ഹോമങ്ങളില്‍ ചെയ്യപ്പെടുന്ന അഗ്നി സ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു.
‘മന്ത്രഹീനം ക്രിയാഹീനം
ഭക്തിഹീനം ഹുതാശയ
യദ്ഹുതം ഉമയാ ദേവ
പരിപൂര്‍ണ്ണം തദസ്തുമേ’
മന്ത്രത്തിലോ, ക്രിയയിലോ, ഭക്തിയിലോ വല്ല കുറവും ഹോമിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം പൊറുത്ത് ആ കര്‍മ്മത്തെ സഫലമാക്കിത്തരണമേയെന്നാണ് അഗ്നിയോട് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്. സായന ഭാഷ്യത്തില്‍ അഗ്നിയെ പരബ്രഹ്മമെന്ന അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്.ദേവന്മാരുടെ സന്ദേശഹരന്‍, യാഗാംശങ്ങളെ ദേവന്മാര്‍ക്ക് എത്തിച്ചുകൊടുക്കുന്നവന്‍, ദേവന്മാരുടെ മുഖം എന്നെല്ലാം വര്‍ണ്ണിതനായിരിക്കുന്ന അഗ്നി ”അഗ്നിസാരാംശ”ത്തില്‍ ഒരു ഗൃഹദേവതയാണ്. അഗ്നി, ജലത്തെ ഉല്‍പാദിക്കുന്നുവെന്ന് ഉപനിഷത്തുക്കള്‍ ഘോഷിക്കുന്നു.ദീപത്തില്‍ക്കൂടി പ്രകടമാക്കുന്നത് അഗ്നിയാണ്. ഭാരതീയര്‍ വിവാഹാദി പ്രധാന കര്‍മ്മങ്ങളെല്ലാം അഗ്നിസാക്ഷിയായിട്ടാണ് നടത്തുന്നത്. അഗ്നി സ്പര്‍ശിക്കുന്നതോടുകൂടി എല്ലാ വസ്തുക്കളും പവിത്രമാകുന്നു. പഞ്ചഭൂതങ്ങളില്‍ അഗ്നിക്കാണ് മാഹാത്മ്യം കൈവന്നത്.
വെള്ളത്തെയും, വായുവിനേയും മലീമസമാക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അഗ്നിയെ മലീമസമാക്കാന്‍ ആര്‍ക്കും കഴിയില്ല. അഗ്നിയാണ് ഹോമകുണ്ഡത്തില്‍ ഹോമിക്കുന്ന ദ്രവ്യത്തെ ദേവന്മാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത്.അഗ്നി സൂര്യന്റെ പ്രതിനിധിയാണ്. വീടിനകത്ത് ജ്വലിക്കുന്ന ദീപത്തില്‍ക്കൂടി സൂര്യ സാന്നിധ്യമാണ് വരുന്നത്. പവിത്രമായ എല്ലാ ചടങ്ങുകളും ദീപത്തെ (അഗ്നിയെ) സാക്ഷിയായിട്ടാണ് ചെയ്യുന്നത്.
”ഓം അഗ്നിനേ തവ യത്തേജസ്തദ് ബ്രാഹ്മ്യം
അതസ്ത്വം പ്രത്യക്ഷം ബ്രഹ്മസി’
അല്ലയോ അഗ്നേ നിനക്ക് യാതൊരു തേജസ്സുണ്ടോ അത് ബ്രഹ്മ സംബന്ധിയാകുന്നു. അതിനാല്‍ നീ പ്രത്യക്ഷത്തിലുള്ള ബ്രഹ്മം തന്നെയാകുന്നു. വാക്കായി പരിണയിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെ വലത്തേ ചെവിയിലും ബ്രാഹ്മണന്റെ വലത്തേ കൈയിലും ദര്‍ഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക