സന്നിധാനം: മലകയറി വരുമ്പോള്‍ മസില് വലിഞ്ഞു മുറുകല്‍ പോലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവരെ സഹായിക്കാന്‍ ഫിസിയോതെറാപ്പി സെന്ററുകള്‍ രണ്ടിടത്ത് പ്രവര്‍ത്തിക്കുന്നു. ശബരീപീഠത്തിലെ ഏഴാം നമ്പര്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും (ഇ.എം.സി -7) സന്നിധാനത്തെ വലിയ നടപ്പന്തലിനോടു ചേര്‍ന്നുമാണ് ഫിസിയോതെറാപ്പി സെന്ററുകളുള്ളത്.
മസില് കോച്ചിവലിക്കല്, ഉളുക്ക്, കൈകാല്‍ വേദന തുടങ്ങിയ അസ്വസ്ഥതകളുള്ളവര്‍ ഇരുനൂറോളം പേര് ദിവസവും ഇവിടെ ചികിത്സ തേടുന്നുണ്ട്. ശരംകുത്തിയില്‍ മൂന്നും സന്നിധാനത്ത് ഒന്നും ഫിസിയോ തെറാപ്പിസ്റ്റുമാരാണ് ഉള്ളത്. അയ്യപ്പ ഭക്തര്‍ക്കു മാത്രമല്ല, സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, ശുചീകരണത്തൊഴിലാളികള്‍, ഡോളി തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കൊക്കെ ഈ കേന്ദ്രങ്ങള്‍ ആശ്വാസമാണ്. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഫിസിയോ തെറാപ്പിസ്റ്റും പത്തനംതിട്ട റിഹാബിലിറ്റേഷന്‍ പാലിയേറ്റീവ് കെയര്‍ സെന്ററും ചേര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ സഹായത്തോടെയാണ് കേന്ദ്രങ്ങള്‍ തുറന്നത്.
ആരോഗ്യരക്ഷയ്ക്ക് ആയുര്‍വേദവും
അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കുമായി സന്നിധാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്സറിയില് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി. ഭാരതീയ ചികിത്സാ വകുപ്പ് ഒരുക്കിയ ഡിസ്പെന്സറിയില് കാലുവേദന, ശരീരവേദന, കാലാവസ്ഥയിലെ മാറ്റം കൊണ്ടുണ്ടാകുന്ന പനി, ചുമ, ജലദോഷം, ഉദര സംബന്ധമായ അസുഖങ്ങള്‍, കഫക്കെട്ട് എന്നിവയ്ക്കെല്ലാം ചികിത്സ ലഭ്യമാണ്. ചികിത്സയും മരുന്നും സൗജന്യമാണെന്ന് ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എച്ച്. കൃഷ്ണകുമാര്‍ പറഞ്ഞു.
മണ്ഡലകാലത്ത് ഇതുവരെ 5,632 പേര് ഇവിടെ ചികിത്സ തേടി. ഒരു ദിവസം ശരാശരി 1,000 പേര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. ഏഴ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 ജീവനക്കാരുണ്ട്. 24 മണിക്കൂറും ഈ ഡിപെന്‍സറി പ്രവര്‍ത്തിക്കും. ശരീരത്തില്‍ എണ്ണ തേച്ചുള്ള ഉഴിച്ചില്‍(അഭ്യഗം), കഫക്കെട്ടിന് ആവി പിടിക്കല്‍, ഒടിവിനും ചതവിനുമുള്ള ബാന്‍ഡേജ് തുടങ്ങിയവയും ഇവിടെ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: