ന്യൂഡൽഹി: ഹർദീപ് സിങ് നിജ്ജാർ വധം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കാനഡ. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി പ്രധാനമന്ത്രി മോദിയെ ബന്ധിപ്പിക്കുന്ന റിപ്പോർട്ട് ഊഹാപോഹവും കൃത്യവുമല്ലെന്ന് കനേഡിയൻ സർക്കാർ തള്ളിക്കളഞ്ഞു, ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ അത്തരം അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നുമില്ലെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കി.
‘ കാനഡയിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് പങ്കുള്ളതായി കാനഡ സ്ഥിരീകരിച്ചിട്ടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ദി ഗ്ലോബ് ആൻഡ് മെയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയായിട്ടാണ് കനേഡിയൻ സർക്കാർ പ്രസ്താവന ഇറക്കിയത്.
മാധ്യമ റിപ്പോർട്ട് അങ്ങേയറ്റം പരിഹാസ്യവും, അപകീർത്തിപ്പെടുത്തുന്നതുമാണെന്ന ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെയാണ് സംഭവത്തിൽ കാനഡ വ്യക്തത വരുത്തുന്നത്. അമിത് ഷായുടെ നേതൃത്വത്തിലാണ് ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനും ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനും പദ്ധതിയെ കുറിച്ച് അറിയാമെന്നുമായിരുന്നു കനേഡിയൻ പത്രത്തിന്റെ റിപ്പോർട്ട്.
കാനഡയുടെ ഈ നടപടിക്കെതിരെ കഴിഞ്ഞദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ കടുത്ത ഭാഷയില് തന്നെ മറുപടി നല്കിയിരുന്നു.
പ്രധാനമന്ത്രിയ്ക്കെതിരേ നടത്തിയത് അപകീർത്തി പ്രചാരണമാണെന്ന് രൺധീർ ജയ്സ്വാൾ വ്യക്തമാക്കിയിരുന്നു. മനഃപൂർവ്വമായി ഇത്തരത്തിലുള്ള അസംബന്ധപ്രസ്താവനകൾ മാധ്യമത്തിന് നൽകിയ ഉദ്യോഗസ്ഥരെ കനേഡിയൻ സർക്കാർ പുറത്താക്കണമെന്നും രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു.
കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാർ 2023 ജൂണിലാണ് വാൻകൂവറിൽവെച്ച് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ നേരിടാനാരംഭിച്ചു. ഇന്ത്യയ്ക്കെതിരേ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമായത്. അവിടുന്നിങ്ങോട്ട് ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക