സുസ്ഥിര വികസനവും ഊര്‍ജ പരിവര്‍ത്തനവും എന്നത് വരും തലമുറയുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂദല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് ഭാരതം വാരാണസി കര്‍മപദ്ധതി അംഗീകരിച്ചിരുന്നു.
പുനരുപയോഗ ഊര്‍ജ ഉത്പാദനം മൂന്നിരട്ടിയാക്കാനും 2030 ഓടെ ഊര്‍ജ കാര്യക്ഷമതാ നിരക്ക് ഇരട്ടിയാക്കാനും തീരുമാനിച്ചിരുന്നു. ബ്രസീലിന്റെ അദ്ധ്യക്ഷതയ്ക്കു കീഴില്‍, ഈ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്; ഇത് സ്വാഗതം ചെയ്യുന്നു.
ഇക്കാര്യത്തില്‍, സുസ്ഥിര വികസന കാര്യപരിപാടി കൈവരിക്കുന്നതിനുള്ള ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധതയും പരിശ്രമങ്ങളും അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 40 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 120 ദശലക്ഷം വീടുകള്‍ക്ക് ശുദ്ധജല വിതരണം ഉറപ്പാക്കി. 100 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് സംശുദ്ധ പാചക ഇന്ധനം നല്കി. 115 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കി.
പുരോഗമനപരവും സന്തുലിതവുമായ പരമ്പരാഗത ഭാരതീയ ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശ്രമങ്ങള്‍. ഭൂമിയെ അമ്മയായും നദികളെ ജീവദാതാക്കളും മരങ്ങളെ ദൈവതുല്യമായും കണക്കാക്കുന്ന വിശ്വാസ സമ്പ്രദായമാണത്. പ്രകൃതിയെ പരിപാലിക്കുക എന്നത് ധാര്‍മികവും മൗലികവുമായ കടമയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പാരീസ് ഉടമ്പടിക്ക് കീഴിലുള്ള പ്രതിജ്ഞാബദ്ധതകള്‍ മുന്‍കൂട്ടി നിറവേറ്റുന്ന ആദ്യത്തെ ജി-20 രാജ്യമാണ് ഭാരതം.
ഇപ്പോള്‍ കൂടുതല്‍ അഭിലഷണീയമായ ലക്ഷ്യങ്ങളിലേക്ക് രാജ്യം അതിവേഗം നീങ്ങുകയാണ്. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം കൈവരിക്കുക എന്ന ലക്ഷ്യം ഞങ്ങള്‍ സ്വയം നിശ്ചയിച്ചിരുന്നു. അതില്‍ 200 ജിഗാവാട്ട് ഇതിനകം നേടി.
ഹരിത പരിവര്‍ത്തനത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ പുരപ്പുറ സൗരോര്‍ജ പരിപാടിക്കായി ഏകദേശം 10 ദശലക്ഷം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
ഭാരതം, ഭാരതത്തെക്കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്. മനുഷ്യരാശിയുടെയാകെ താല്പര്യങ്ങളാണ് ഞങ്ങളുടെ മനസിലുള്ളത്. ആഗോള തലത്തില്‍ സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി, ഞങ്ങള്‍ പരിസ്ഥിതിക്ക് വേണ്ടിയുള്ള മിഷന് ലൈഫിന് അഥവാ ജീവിതശൈലിക്കു തുടക്കം കുറിച്ചു. ഭക്ഷണം പാഴാക്കുന്നത് കാര്‍ബണ്‍ പാദമുദ്രകള്‍ മാത്രമല്ല വര്‍ധിപ്പിക്കുന്നത്; വിശപ്പും വര്‍ധിപ്പിക്കുന്നു. ഈ ആശങ്കയിലും നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഭാരതം അന്താരാഷ്ട്ര സൗരസഖ്യത്തിനു തുടക്കമിട്ടു. നൂറിലധികം രാജ്യങ്ങള്‍ ഇതിന്റെ ഭാഗമായി. ”ഒരു സൂര്യന്, ഒരു ലോകം, ഒരു ശൃംഖല” എന്ന സംരംഭത്തിന് കീഴില്‍ ഞങ്ങള്‍ ഊര്ജവിനിമയക്ഷമതയില് സഹകരിക്കുന്നു.
ഭാരതം ഹരിത ഹൈഡ്രജന്‍ നൂതനാശയ കേന്ദ്രം സ്ഥാപിക്കുകയും ആഗോള ജൈവ ഇന്ധന സഖ്യം ആരംഭിക്കുകയും ചെയ്തു. മാലിന്യത്തില്‍നിന്ന് ഊര്‍ജം എന്ന വ്യാപകമായ യജ്ഞം നടത്തുന്നു. നിര്‍ണായക ധാതുക്കളുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാന്‍ ഭാരതം ചാക്രിക സമീപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
അമ്മയ്ക്കായി ഒരു മരം എന്ന യജ്ഞത്തിനു കീഴില്‍ ഈ വര്‍ഷം ഭാരതത്തില്‍ ശതകോടി മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ദുരന്തനിവാരണ അടിസ്ഥാന സൗകര്യ സഖ്യത്തിന് തുടക്കമിട്ടു. ഇതിന് കീഴില്‍, ദുരന്താനന്തര വീണ്ടെടുക്കലിലും പുനര്‍നിര്‍മാണത്തിലും രാജ്യം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറുദ്വീപ് വികസ്വര രാഷ്ട്രങ്ങള്‍ക്ക്, സാമ്പത്തിക വികസനം മുന്‍ഗണനയാണ്. ഡിജിറ്റല്‍ യുഗത്തില്‍, നിര്‍മിതബുദ്ധിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം കണക്കിലെടുക്കുമ്പോള്‍, സന്തുലിതവും ഉചിതവുമായ ഊര്‍ജമിശ്രണത്തിന്റെ ആവശ്യകത കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
അതിനാല്‍ ഗ്ലോബല്‍ സൗത്തിലെ ഊര്‍ജ പരിവര്‍ത്തനത്തിന് താങ്ങാനാകുന്നതും ഉറപ്പുള്ളതുമായ കാലാവസ്ഥാ ധനസഹായം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. വികസിത രാജ്യങ്ങള്‍ സാങ്കേതികവിദ്യയും ധനസഹായവും സമയബന്ധിതമായി നല്‍കാനുള്ള അവരുടെ പ്രതിജ്ഞാബദ്ധത നിറവേറ്റണം.
എല്ലാ സൗഹൃദ രാജ്യങ്ങളുമായും, പ്രത്യേകിച്ച് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുമായി, ഭാരതം വിജയകരമായ അനുഭവങ്ങള്‍ പങ്കിടുന്നു. ഇതിനായി, മൂന്നാമത് ‘ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയില്‍, ഭാരതം ആഗോളവികസന കരാര്‍ പ്രഖ്യാപി
ച്ചിരുന്നു. ഈ സംരംഭത്തില്‍ ഭാരതത്തോടൊപ്പം ചേരാനും ശ്രമങ്ങളില്‍ പങ്കാളികളാകാനും അഭ്യര്‍ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: