കേരളം അപകട മേഖല. ടൂറിസ്റ്റുകള്‍ പോകരുത് – ലോക ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു അമേരിക്കയിലെ ലോക പ്രശസ്ത ട്രാവല്‍ സഹായി ‘ഫോഡോര്‍സ് ട്രാവല്‍ ഗൈഡ്’.
പച്ച വിരിച്ച വയലേലകളും തെങ്ങിന്‍ തോപ്പുകളും, കളകളം പാടിയൊഴുകുന്ന അരുവികളും പുഴകളും, പരന്നു കിടക്കുന്ന കായലും ഓളങ്ങള്‍ ഉയരുന്ന കടലും, കുന്നും മലയും അധികമല്ലാത്ത മഴയും വെയിലും…മനോഹരമായ കേരളം. ഒന്നു കാണാന്‍, താമസിക്കാന്‍ ആരും കൊതിച്ചു പോകുന്ന പ്രകൃതി കനിഞ്ഞരുളിയ കേരളം.
സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ധാരാളമെത്തി ആസ്വദിച്ച കേരളം. ലോക ടൂറിസം ഭൂപടത്തില്‍ സുപ്രധാന സ്ഥാനം ഉണ്ടായിരുന്ന കേരളത്തെയാണ് നശിപ്പിച്ച് ആരും വരാത്ത ഊഷര ഭൂമിയാക്കി മാറ്റിയത്. ആത്മാര്‍ത്ഥതയില്ലാത്ത അധികാര മോഹികളായ സര്‍ക്കാരുകളാണ് കേരളത്തെ വിറ്റ് പണമുണ്ടാക്കി നാടിനെ ഈ സ്ഥിതിയിലാക്കിയത്.
ലോകം പറയുന്നു – കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ പോകരുത് അപകടമാണ് എന്ന്. അമേരിക്കയിലെ ലോകപ്രശസ്ത ട്രാവല്‍ സഹായിയാണ് ഫോഡോര്‍സ് ട്രാവല്‍ ഗൈഡ്. ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളും അവിടുത്തെ സൗകര്യങ്ങളും ഒക്കെ വിശദീകരിക്കുന്ന പ്രസിദ്ധീകരണം . കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ ഗോ ലിസ്റ്റും ഒഴിവാക്കേണ്ട സ്ഥലങ്ങള്‍ നോ ലിസ്റ്റും ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്ന പട്ടിക 85 വര്‍ഷമായി ഫോഡോര്‍ പുറത്തിറക്കാറുണ്ട്. നോ ലിസ്റ്റ് എന്ന തലക്കെട്ടില്‍, നവംബറില്‍ കേരളത്തെ അവര്‍ നോ ലിസ്റ്റില്‍ കയറ്റിയിട്ടുണ്ട്. കാരണങ്ങളും വിശദമായി നല്‍കിയിട്ടുണ്ട്.
കാരണങ്ങള്‍
കേരളത്തില്‍ അമിത ടൂറിസം ഉണ്ടായി. അത് പ്രകൃതി ദുരന്തങ്ങളുണ്ടാക്കി. നാട്ടില്‍ ഉണ്ടാക്കിയ വികസനം സ്വാഭാവിക ജല ഒഴുക്കിനെ തടയുകയും ഉരുള്‍ പൊട്ടല്‍ ഉണ്ടാക്കുകയും ചെയ്തു. വികസനമാകട്ടെ അശാസ്ത്രീയവും മനുഷ്യനെയും പരിസ്ഥിതിയെയും നശിപ്പിക്കുന്നതുമാണ് എന്നവര്‍ പറയുന്നു.
സര്‍ക്കാര്‍ അന്ധമായ ടൂറിസം പ്രൊമോഷന്‍ നടത്തി ഒരു നിയന്ത്രണവുമില്ലാതായി ടൂറിസം എന്നാണ്. വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ കുറിച്ചും അവര്‍ പറയുന്നുണ്ട്. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ സഞ്ചാരികള്‍ എത്തുന്നു എന്ന് ടൂറിസം മന്ത്രി റിയാസ് സമ്മതിച്ചു എന്നും അവര്‍ പറയുന്നു.
ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമായ വേമ്പനാട്ടു കായല്‍ അനധികൃത നിര്‍മാണങ്ങള്‍ കൊണ്ട് ചെറുതായി. ഹൗസ് ബോട്ടുകളില്‍ നിന്നുള്ള മനുഷ്യ വിസര്‍ജ്യങ്ങള്‍ കായലിനെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള ഒരു നാട്ടിലേക്ക് സഞ്ചാരികള്‍ പോകരുതെന്നാണ് ലോകത്തോട് പറയുന്നത്.
കേരളത്തില്‍ ടൂറിസം രംഗം നശിക്കാന്‍ കാരണം ടൂറിസം എന്നാല്‍ എന്താണെന്ന് വ്യക്തമായ ധാരണയില്ലാത്ത ഒരു കൂട്ടം ആളുകള്‍ ഭരണത്തില്‍ വന്നതാണ്. പ്രകൃതി രമണീയമായ കേരളം കാണാനും ആസ്വദിക്കാനും അവസരം ഒരുക്കുകയാണ് ടൂറിസം. അതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുക എന്നതാണ് പ്രധാനം. പ്രകൃതിയെ നശിപ്പിക്കാതെയുള്ള സൗകര്യങ്ങള്‍. പക്ഷേ എന്താണ് കേരളത്തില്‍ നടന്നത്-നടക്കുന്നത്? സ്ഥലവും പ്രകൃതിയും നശിപ്പിച്ച് ടൂറിസം വികസിപ്പിച്ചു. ഏറ്റവും നല്ല ഉദാഹരണമാണ് കോവളം. മനോഹരമായ കടല്‍ത്തീരം. ശാന്തമായ കടല്‍. വെയില്‍ കായാന്‍ കടല്‍ത്തീരം. വികസനത്തിന്റെ പേരില്‍ ഹോട്ടലുകളും കച്ചവടസ്ഥലങ്ങളും കൊണ്ട് നിറച്ചു. കടലും കടല്‍ത്തീരവും നഷ്ടമായി. സഞ്ചാരികളും വരാതായി. സ്വച്ഛമായ വേമ്പനാട് കായല്‍ നിറയെ ഹൗസ് ബോട്ടുകള്‍ – ലൈസന്‍സ് ഉണ്ടോ എന്ന് ആര്‍ക്കും അറിയില്ല. മനുഷ്യ വിസര്‍ജ്യമെല്ലാം കായലില്‍ തള്ളുന്നു. കായല്‍ കൈയേറി ഹോട്ടലുകളും റിസോര്‍ട്ടുകളും. ഇങ്ങനെ പോകുന്നു കേരള ടൂറിസം.
ടൂറിസ്റ്റ് വന്നിറങ്ങുമ്പോള്‍ തുടങ്ങുന്നു അവരെ ചൂഷണം ചെയ്യല്‍. അവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുക എന്ന ലക്ഷ്യം മാത്രം. ഒരു നിയന്ത്രണവുമില്ല. നാടാകെ മാലിന്യം കൊണ്ട് നാറുന്നു. അറവു ശാലകളില്‍ നിന്നുമുള്ള മാലിന്യം ഭൂരിഭാഗവും റോഡിലും പുഴകളിലും ആണ് തട്ടുന്നത്. തെരുവുനായ്‌ക്കളുടെ ശല്യം കാരണം കോവളം കടപ്പുറത്ത് വിദേശ ടൂറിസ്റ്റുകള്‍ ഓടുന്ന ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ടല്ലോ. എയര്‍പോര്‍ട്ടില്‍ വച്ച് രണ്ടു യാത്രക്കാരെ നായ കടിച്ചത് അടുത്ത കാലത്താണ്. ഇതിനൊക്കെ ഉത്തരവാദികള്‍ കാലാകാലം ഭരിച്ച ടൂറിസം മന്ത്രിമാരാണ്.
ജനങ്ങളെ പറ്റിക്കാന്‍ കായല്‍ ടൂറിസം, കാരവാന്‍ ടൂറിസം, സീ പ്ലെയിന്‍ ടൂറിസം…തുടങ്ങി കേള്‍ക്കാന്‍ ഇമ്പമുള്ള കുറേ കാര്യങ്ങള്‍ വാ തോരാതെ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു. മാത്രമല്ല ഇടയ്‌ക്കിടെ ടൂറിസം വികസിപ്പിക്കാന്‍ വിദേശ യാത്രകളും ടൂറിസം കോണ്‍ക്ലേവുകളും. ടൂറിസം വികസിപ്പിക്കലും നാടു നന്നാക്കലും അല്ല അധികാരികളുടെ ലക്ഷ്യം. നാടും ടൂറിസവും നശിപ്പിക്കലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക