ഭാഗ്യനഗര്‍(തെലങ്കാന): നമ്മുടെ പൈതൃകം ആഘോഷിക്കുകയും അത് വരും തലമുറകള്‍ക്ക് കൈമാറുകയും വേണമെന്ന് മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. ലോകമന്ഥന് സാംസ്കാരികോത്സവവും ഇതിനോടനുബന്ധിച്ച പ്രദര്ശനിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിനാകെ മാതൃകയായ നമ്മുടെ കുടുംബവ്യവസ്ഥ സംരക്ഷിക്കണം. യുവാക്കള്‍ മുതിര്‍ന്നവരെയും മാതാപിതാക്കളെയും ബഹുമാനിക്കണം. ഭാരതീയ സംസ്കാരത്തിന്റെ ആഘോഷത്തില്‍ മുഴുകാന്‍ ലോക്മന്ഥന് അത്ഭുതകരമായ അവസരമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തില്‍ അഭിമാനം വളര്‍ത്തുന്നതിനും കൊളോണിയല്‍ മാനസികാവസ്ഥയില്‍ നിന്ന് മോചനം നേടുന്നതിനും ഇത്തരം ഉത്സവങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ലോക്മന്ഥന് സാംസ്കാരികോത്സവത്തിന് കൊടിയേറി. ഇനിയുള്ള നാളുകളില്‍ ഭാരതീയ കലകളുടെയും ചിന്തകളുടെയും സംഗമവേദിയായി ഭാഗ്യനഗര്‍ മാറും.
നമ്മുടെ സനാതനധര്‍മ്മം മഹത്തരവും പവിത്രവുമാണ്. പൂര്‍വികര്‍ കൈമാറിയ പാരമ്പര്യങ്ങളിലും സംസ്കാരത്തിലും അഭിമാനിക്കണം, അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാര്‍ സമ്പത്ത് മാത്രമല്ല ചിന്തകളും അപഹരിച്ചു. ഇന്ന് നാം ഇംഗ്ലീഷിനെ അമിതമായി ആശ്രയിക്കുന്നു. ഇത് മാറണം. മാതൃഭാഷ നമ്മുടെ കാഴ്ച ശക്തിയാണ്, എന്നാല്‍ ഇംഗ്ലീഷ് കണ്ണട പോലെയാണ്.
കാഴ്ചശക്തി ഇല്ലെങ്കില്‍ കണ്ണട ഉപയോഗശൂന്യമാണ്. ആദ്യം മാതൃഭാഷ, പിന്നെ, സഹോദരഭാഷ, അതിനുശേഷം മറ്റേതെങ്കിലും ഭാഷ എന്നായിരിക്കണം പഠനത്തിന്റെ രീതി. ഞാന്‍ ഉപരാഷ്ട്രപതിയായപ്പോള്‍ വസ്ത്രധാരണരീതി മാറ്റണമെന്ന് ചില ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. എന്നാല്‍ വസ്ത്രം മാറില്ല, വിലാസം മാത്രമേ മാറൂവെന്ന് അവരോട് പറഞ്ഞു, വെങ്കയ്യ നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: