തിരുവനന്തപുരം: മികച്ച റൊമാന്‍റിക് ഗാനങ്ങളുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടാന്‍ സാധ്യതയുള്ള ഗാനമാണ് വിദ്യാധരന്‍മാസ്റ്റര്‍ സംഗിതം ചെയ്ത ‘കല്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍….” എന്ന ഗാനം. പക്ഷെ ആ ഗാനം വിദ്യാധരന്‍മാസ്റ്ററുടെ കയ്യില്‍ എത്തിപ്പെടുന്നതിന് പിന്നില്‍ ഏറെ വിധിവൈപരീത്യങ്ങള്‍ നിറഞ്ഞ സംഭവവികാസങ്ങള്‍ ഉണ്ടായി. ഒടുവില്‍ ശ്രീമൂലനഗരം വിജയന്‍ എന്ന നാടകകൃത്തും സംവിധായകനും പ്രതീക്ഷകളോടെ മാറ്റി സൂക്ഷിച്ച ഗാനം സംഗീത സംവിധായകന്‍ വിദ്യാധരന്‍മാസ്റ്റര്‍ ട്യൂണ്‍ ചെയ്യുന്നു, യേശുദാസ് പാടുന്നു. പക്ഷെ അത്ര എളുപ്പമായിരുന്നില്ല ആ സംഗമം. ആ കഥ ഇങ്ങിനെ.
“കാലടി ഗോപി എഴുതിയ ‘രംഗം’ എന്ന നാടകത്തിന് പശ്ചാത്തല സംഗീതം ചെയ്യാന്‍ പോയതാണ് ഞാന്‍. ഈ നാടകത്തിന്റെ സംവിധായകന്‍ ശ്രീമൂലനഗരം വിജയനാണ്. ആ നാടകത്തിന് രംഗപടം ചെയ്യുന്നത് ‘വീണപൂവി’ന്റെ സംവിധായകന്‍ അമ്പിളിയും. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് പോയത്. നാടകത്തില്‍ പാട്ടില്ല. പശ്ചാത്തലസംഗീതമേ ഉള്ളൂ. ഞങ്ങള്‍ ചെല്ലുമ്പോള്‍ ശ്രീമൂലനഗരം വിജയന്‍ അഭിനേതാക്കളെ ഡയലോഗ് പഠിപ്പിക്കുന്നതാണ് കാണുന്നത്. ഡയലോഗിന്റെ ഏറ്റിറക്കങ്ങള്‍ പഠിപ്പിക്കുകയാണ് അദ്ദേഹം. കാലടി ഗോപിയുടെ നാടകശാലയാണ് പെരുമ്പാവൂര്‍ നാടകശാല. നാല് രംഗങ്ങളുള്ള നടകമാണ് രംഗം. ഒരു ക്ലാരനറ്റ്, ഒരു ഗിറ്റാര്‍, തബല, ഒരു കോംഗോഡ്രം ഇങ്ങിനെ നാലഞ്ച് ആളുകള്‍ ചേര്‍ന്നാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. ശ്രീമൂലനഗരം വിജയനുമായി പരിചയമായി. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി”. – വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.
“പിന്നീട് ഒരു ദിവസം ശ്രീമൂലനഗരം മോഹന്‍ പറഞ്ഞു. എന്റെ ഒരു ട്രൂപ്പുണ്ട്. അതില്‍ നാലഞ്ച് പാട്ടുണ്ട്. അത് ഒരു സംഗീത സംവിധായകന്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു പാട്ടുണ്ട്. അതിന്റെ ട്യൂണ്‍ ആ രംഗത്തിന് ചേരാത്തതുകൊണ്ട് ആ പാട്ട് മാറ്റിവെച്ചിരിക്കുകയാണ്. അതൊന്ന് മാറ്റി സംഗീതം ചെയ്യണം.” -ശ്രീമൂലനഗരം വിജയന്‍ ഒരു ദിവസം ആവശ്യം പറഞ്ഞു.
“മറ്റൊരാള്‍ ചെയ്ത പാട്ട് ഞാന്‍ ചെയ്യണോ. അത് എന്റെ രീതിയില്ല”- എന്ന് പറഞ്ഞ് വിദ്യാധരന്‍ മാസ്റ്റര്‍ ഒഴിഞ്ഞുമാറാന്‍ നോക്കി. അപ്പോള്‍ ശ്രീമൂലനഗരം വിജയന്‍ പറഞ്ഞതിങ്ങിനെ::”മാഷ് ആ പാട്ട് കേട്ടിട്ടില്ലല്ലോ. അതുകൊണ്ട് ഈ വരികള്‍ കൊണ്ടുപോയി ഫ്രഷായി സംഗീതം ചെയ്താല്‍ മതി.”. ശ്രീമൂലനഗരം വിജയന്‍ പറഞ്ഞ ആ അഭിപ്രായം വിദ്യാധരന്‍ മാസ്റ്റര്‍ക്കിഷ്ടമായി. അങ്ങിനെയാണ് അദ്ദേഹം കല്‍പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍ എന്ന ഗാനം ട്യൂണ്‍ ചെയ്തത്.
വാസ്തവത്തില്‍1976-ൽ ശ്രീമൂലനഗരത്ത് നിന്ന് ആരംഭിച്ച വിജയാതീയറ്റേഴ്സിന്റെ പ്രഥമ നാടകം.
ഈ നാടകത്തിലാണ് “കൽപ്പാന്തകാലത്തോള൦” എന്ന ഗാനം
ആദ്യമായി ഉപയോഗിച്ചത്. അത് മറ്റൊരു സംഗീതസംവിധായകന്‍ സോപാനസ൦ഗീതച്ഛായയില്‍ ഇടയ്‌ക്കയും ഓടക്കുഴലും ഉപയോഗിച്ച് ചെയ്ത ഈണമായിരുന്നു ആ ഗാനത്തിന്. അന്ന് നാടകത്തില്‍ ആ ഗാനം ഉപയോഗിച്ചെങ്കിലും ശ്രീമൂലനഗരം വിജയന് ആ ട്യൂണ്‍ അത്രയ്‌ക്ക് ബോധിച്ചിരുന്നില്ല.
താന്‍ ഒരു സിനിമയ്‌ക്ക് സ്ക്രിപ്റ്റ് എഴുതുന്നുണ്ടെന്നും ആ സിനിമയില്‍ ഈ പാട്ട് നമുക്ക് യേശുദാസിനെക്കൊണ്ട് പാടിക്കാമെന്നും ശ്രീമൂലനഗരം വിജയന്‍ വിദ്യാധരന്‍മാസ്റ്റര്‍ക്ക് ഉറപ്പുനല്‍കി. താന്‍ ഹൃദയം കൊണ്ട് രചിച്ച ഈ ഗാനം മികച്ച ടൂണില്‍ തന്നെ പുറത്ത് വരണമെന്ന നിര്‍ബന്ധമായിരുന്നു ശ്രീമൂലനഗരം വിജയന് ഉണ്ടായിരുന്നത്.
“അന്ന് ഞാന്‍ കലാമണ്ഡലം ക്ഷേമാവതിയുടെ ട്രൂപ്പില്‍ ഹാര്‍മോണിയം വായിച്ച് നടക്കുകയാണ്. കല്പാന്ത കാലത്തോളം എന്ന വരി:”കള്‍ക്ക് പല തരത്തിലും ഈണങ്ങള്‍ ചെയ്ത് നോക്കി, ഈണങ്ങള്‍ ചേരുന്നത് നോക്കി ഏറെക്കാലം നടന്നു. ഒടുവില്‍ ഒരു ട്യൂണ്‍ ഇഷ്ടപ്പെട്ടു. അങ്ങിനെ ഒരു ദിവസം ഞാന്‍ കലാമണ്ഡലം ഹൈദരലിയോട് പറഞ്ഞു ഹൈദരൂ, ഞാന്‍ യേശുദാസിനെക്കൊണ്ട് പാടിക്കാന്‍ ഒരു മെലഡി ഉണ്ടാക്കിയിട്ടുണ്ട്. ഒന്നു കേട്ടിട്ട് അഭിപ്രായം പറയൂ. “- വിദ്യാധരന്‍ മാസ്റ്റര്‍ പറയുന്നു. കലാമണ്ഡലം ഹൈദരലി ആ പാട്ട് ആദ്യമായി കേട്ടു.
കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
കൽഹാരഹാരവുമായ് നിൽക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവർന്ന രാധികയെ പോലെ..
കവർന്ന രാധികയെ പോലെ…
ഒരു സെമിക്ലാസിക്കല്‍ ടച്ചില്‍ ശ്രീരാഗത്തില്‍ ആണ് വിദ്യാധരന്‍മാസ്റ്റര്‍ ഗാനം ട്യൂണ്‍ ചെയ്തത്. ട്യൂണ്‍ കേട്ടയുടന്‍ ഹൈദരലി വിദ്യാധരന്‍മാഷെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. എന്ന് പറഞ്ഞു:””ഇത് യേശുദാസ് പാടിയാല്‍ സൂപ്പര്‍ ഹിറ്റാകും”.
പക്ഷെ ഈ പാട്ട് കമ്പോസ് ചെയ്ത് ആറ് കൊല്ലം കൂടി കഴിഞ്ഞാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത്.
“കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ…
കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ…
കസ്തൂരിമാനല്ലോ നീ…”
എന്റെ ഗ്രാമം എന്ന സിനിമയില്‍ സോമനും കനകദുര്‍ഗ്ഗയും ആണ് അഭിനയിക്കുന്നത്. 1984ലാണ് ശ്രീമൂലനഗരം വിജയന്‍ എന്റെ ഗ്രാമം എന്ന സിനിമ സംവിധാനം ചെയ്തത്. അങ്ങിനെ ആ ഗാനം എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ റൊമാന്‍റിക് ഗാനങ്ങളില്‍ ഒന്നായി മാറി. .
പ്രതികരിക്കാൻ ഇവിടെ എഴുതുക