India

സ്വയംഭരണം വേണമെന്ന് ചിദംബരം, അപക്വമെന്ന് ഇബോബി സിങ്; മണിപ്പൂരില്‍ വിഘടനവാദവുമായി കോണ്‍ഗ്രസ്

Published by

ഇംഫാല്‍ (മണിപ്പൂര്‍): മണിപ്പൂരില്‍ വിഘടനവാദം ആളിക്കത്തിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നീക്കം. മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരമാണ് മണിപ്പൂരിന് പ്രാദേശിക സ്വയംഭരണം വേണമെന്ന വാദമുയര്‍ത്തിയത്. എക്‌സിലൂടെയുള്ള പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നതോടെ ചിദംബരം പോസ്റ്റ് മുക്കി.

അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനും പി. ചിദംബരത്തിനുമെതിരെ മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഒക്രാം ഇബോബി സിങ് രംഗത്തെത്തി. അപക്വവും അപകടകരവും അപലപനീയവുമായ അഭിപ്രായ പ്രകടനമാണ് ചിദംബരത്തിന്റേതെന്ന് ഇബോബി സിങ് പറഞ്ഞു.

മണിപ്പൂര്‍ സമൂഹത്തെ സൈന്യത്തിനെതിരെ തിരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ചിദംബരത്തിന്റെ പോസ്റ്റ്. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ചിദംബരം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ 5,000 കേന്ദ്ര സായുധ പോലീസുകാരെ അധികമായി വിന്യസിച്ചതിനെയും വിമര്‍ശിച്ചു. പ്രതിസന്ധിക്ക് കാരണം മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങാണെന്നും പ്രാദേശിക സ്വയംഭരണം ഉണ്ടെങ്കില്‍ മാത്രമേ മെയ്‌തേയ്, കുക്കി, നാഗ വിഭാഗങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനാകൂ എന്നുമായിരുന്നു ചിദംബരത്തിന്റെ പോസ്റ്റ്.

മണിപ്പൂരിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ആളുടെ അഭിപ്രായമെന്നാണ് ഇതേക്കുറിച്ച് ഇബോബി സിങ് പറഞ്ഞത്. ചിദംബരത്തിന്റെ പ്രസ്താവന കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, സംസ്ഥാനത്ത് ആറ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) പുനഃസ്ഥാപിക്കുന്നത് പുനഃപരിശോധിക്കണമെന്ന് ചില എംഎല്‍എമാര്‍ പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജിരിബാമില്‍ സ്ത്രീകളും കുട്ടികളുമടക്കം ആറുപേരെ കൊലപ്പെടുത്തിയതിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന കുക്കി തീവ്രവാദികള്‍ക്കെതിരെ ജനകീയ മുന്നേറ്റമാണ് ആവശ്യമെന്ന് പ്രമേയം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by