പാലക്കാട്: നാട്ടിന്‍പുറങ്ങളില്‍ കാലങ്ങളായി ജീവനും സ്വത്തിനും ഭീഷണിയായി വിഹരിക്കുന്ന കാട്ടുപന്നികള്‍ നഗരങ്ങളിലേക്കും എത്തുന്നത് നഗരവാസികളെകൂടി ഭീതിയിലാക്കുകയാണ്. നാട്ടിന്‍പുറങ്ങളില്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചും മറ്റുമാണ് ഇവയുടെ സൈ്വരവിഹാരം.
ഒറ്റയ്‌ക്കും കൂട്ടായും രാപകലന്യേ ജനവാസ മേഖലകളില്‍ വിഹരിക്കുന്ന ഇവ സൃഷ്ടിക്കുന്ന ഭീതി ഏറെയാണ്. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് നഗരത്തോടു ചേര്‍ന്ന ഷാദിമഹല്‍ റോഡില്‍ കാട്ടുപന്നിയുടെ സാന്നിധ്യം പ്രദേശവാസികളില്‍ ആശങ്കയയുണര്‍ത്തുന്നു. ഇംഗ്ലീഷ് ചര്‍ച്ച് റോഡില്‍ നിന്നും ഷാദിമഹല്‍ ഭാഗത്തേക്ക് പോകുന്ന വഴിയില്‍ ടൗണ്‍ സ്‌ക്വയര്‍ ക്ലബ്ബിന് സമീപമാണ് വീട്ടിലേക്ക് പോവുകയായിരുന്ന പ്രദേശവാസി കഴിഞ്ഞദിവസം രാത്രി കാട്ടുപന്നിയെ കണ്ടത്.
ഒരു ഭാഗത്ത് റെയില്‍വേ ട്രാക്കുള്ളതിനാലും കാടുപിടിച്ച് കിടക്കുന്നതിനാലും ഇവിടെ കാട്ടുപന്നികള്‍ തമ്പടിക്കാനുള്ള സാധ്യതയേറെയാണ്. കോട്ടമൈതാനം ഇംഗ്ലീഷ് ചര്‍ച്ച് റോഡില്‍ നിന്നും ഡിപിഒ കെഎസ്ആര്‍ടിസി പുതുപള്ളിത്തെരുവ് എന്നിവിടങ്ങളിലേക്ക് ആളുകള്‍ എളുപ്പത്തിലെത്താന്‍ ആശ്രയിക്കുന്ന പ്രധാന റോഡാണ് ഷാദിമഹല്‍ റോഡ്. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളുമുള്ളതിനാല്‍ രാപകലന്യേ നൂറുകണക്കിന് ആളുകളാണ് ഇതുവഴി പോകുന്നത്.
തെരുവ് നായ്‌ക്കളുടെ ശല്യം ഇവിടെയുണ്ടെങ്കിലും കാട്ടുപന്നികളുടെ സാന്നിധ്യമില്ലായിരുന്നു. മയിലുകളും കുരങ്ങുകളുമൊക്കെ നഗരങ്ങളിലെ ജനവാസമേഖലകളില്‍ എത്താറുണ്ട്. നഗരത്തോടുചേര്‍ന്ന പുത്തൂരിലെ ഹൗസിങ് കോളനികളില്‍ മുള്ളന്‍ പന്നികളുടെ ശല്യവും ഉണ്ടായിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലകള്‍ വിട്ട് നഗരങ്ങളിലേക്ക് കാട്ടുപന്നികളെത്തുന്നത് നഗരവാസികളെ കൂടി ഭീതിയിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: