Football

സന്തോഷ് ട്രോഫി: കേരളത്തിന് വിജയത്തുടക്കം

Published by

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ റെയില്‍വേസിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്സലാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്.

മത്സരത്തില്‍ കേരളത്തിനായിരുന്നു മുന്‍തൂക്കം. തുടക്കം മുതല്‍ കേരള താരങ്ങള്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത് റെയില്‍വേ പ്രതിരോധത്തെ പരീക്ഷിച്ചു. എതിരാളികള്‍ക്ക് പന്ത് വിട്ടുകൊടുക്കാതെ നിയന്ത്രിച്ച് ആക്രമണങ്ങള്‍ മെനയുക എന്നതായിരുന്നു കേരളത്തിന്റെ രീതി. കേരളത്തിന്റെ മുന്നേറ്റങ്ങള്‍ റെയില്‍വേസ് പ്രതിരോധം ശക്തിയായി ചെറുത്തു.
വിങ്ങുകളില്‍ക്കൂടെയുള്ള മുന്നേറ്റങ്ങള്‍ക്കാണ് കേരളം തുനിഞ്ഞത്. 26-ാം മിനിറ്റില്‍ കേരളത്തിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും മധ്യനിരതാരം ക്രിസ്റ്റി ഡേവിസ് പാഴാക്കി. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്നുള്ള ഡേവിസിന്റെ ഷോട്ട് പുറത്തേക്ക് പോയി. ഇടതുവിങ്ങിലൂടെയായിരുന്നു കേരളത്തിന്റെ മുന്നേറ്റങ്ങള്‍ കൂടുതലും. ഗനി അഹമ്മദ്, ഷിജിന്‍ എന്നിവരാണ് കേരളത്തിന്റെ മുന്നേറ്റങ്ങള്‍ നയിച്ചത്. അതേസമയം കൗണ്ടര്‍ അറ്റാക്കുകളാണ് റെയില്‍വേ മെനഞ്ഞത്.

39-ാം മിനിറ്റില്‍ റെയില്‍വേസിന്റെ മുന്നേറ്റം കേരള ബോക്സില്‍ ഭീതിപടര്‍ത്തിയെങ്കിലും പ്രതിരോധ താരം എം. മനോജ് രക്ഷകനായി. ആദ്യപകുതി ഗോള്‍രഹിതമായി പിരിഞ്ഞു.
രണ്ടാം പകുതിയില്‍ റെയില്‍വേ കൂടുതല്‍ മെച്ചപ്പെട്ടു. കേരളതാരങ്ങള്‍ മൈതാന മധ്യത്ത് പന്ത് കൈവശം വെച്ച് കളിച്ചപ്പോള്‍ റെയില്‍വേസ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. റെയില്‍വേസ് മുന്നേറ്റതാരങ്ങള്‍ പലകുറി കേരള ബോക്‌സില്‍ അപകടം വിതച്ചു. 54-ാം മിനിറ്റില്‍ ഉഗ്രന്‍ സേവിലൂടെ ഗോള്‍കീപ്പര്‍ ഹജ്മല്‍ കേരളത്തിന്റെ രക്ഷകനായി. ഇതോടെ കേരളം പ്രതിരോധത്തിലേക്ക് വലിഞ്ഞു. 64-ാം മിനിറ്റില്‍ കേരളത്തിന്റെ ഗോള്‍മുഖം വിറച്ചു. കിടിലന്‍ കൗണ്ടര്‍ അറ്റാക്കിനോടുവില്‍ റെയില്‍വേസ് താരത്തിന്റെ ഷോട്ട് ഗോളിനടുത്തെത്തി.

ഗോള്‍കീപ്പര്‍ ഹജ്മല്‍ പന്ത് തടയാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍ വരയ്‌ക്കടുത്തെത്തി. പിന്നാലെ ഉഗ്രന്‍ ഗോള്‍ ലൈന്‍ സേവിലൂടെ മനോജ് ഒരിക്കല്‍ കൂടി കേരളത്തെ രക്ഷിച്ചു.
എന്നാല്‍ കളിയുടെ ഒഴുക്കിനെതിരെ കേരളം 72-ാം മിനിറ്റില്‍ ഗോളടിച്ചു. റെയില്‍വേസ് പ്രതിരോധതാരത്തിന്റെ പിഴവ് മുതലെടുത്തു മുന്നേറിയ നിജോ ഗില്‍ബെര്‍ട്ട് പന്ത് പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അജ്സലിന് നീട്ടി. പന്ത് കിട്ടിയ അജ്സല്‍ റെയില്‍വേസ് ഗോളിയെ അനായാസം കീഴടക്കി വലകുലുക്കി. ഗോള്‍ വീണതിന് ശേഷവും കേരളം മുന്നേറ്റങ്ങള്‍ തുടര്‍ന്നെങ്കിലും റെയില്‍വേസ് പ്രതിരോധം മറികടക്കാനായില്ല. 1-0ന്റെ വിജയവുമായി ബിബി തോമസിന്റെ പരിശീലനത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയ കേരളം തിരിച്ചുകയറി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by