ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് 2026ലേക്കുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതയില്‍ ജയിച്ച് അര്‍ജന്റീന. പെറുവിനെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നിലവിലെ ജേതാക്കളുടെ ജയം. മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ കരുത്തരായ ഉറുഗ്വേയോട് സമനിലയില്‍ പിരിഞ്ഞു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്രസീല്‍ സമനില പിണയുന്നത്.
നായകന് ലയണല്‍ മെസിയുടെ അസിസ്റ്റില്‍ മുന്‍നിരതാരം ലാട്ടരോ മാര്‍ട്ടിനെസ് നേടിയ അതിസുന്ദരമായ ഗോളിലൂടെയാണ് അര്‍ജന്റീന ഇന്നലെ വിജയിച്ചത്. പതിവ് ആക്രമണോത്സുക സ്വഭാവം വിട്ട് താളത്തില്‍ മുന്നേറുന്ന അര്‍ജന്റീനയെ ആണ് ഇന്നലെ കാണാനായത്. പക്ഷെ ആദ്യുപകിതിയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോഴേക്കും ഗിയര്‍ മാറ്റി. മികച്ച മുന്നേറ്റങ്ങള്‍ കാഴ്ച്ചവച്ചെങ്കിലും അവസരങ്ങള്‍ പാഴാക്കിക്കൊണ്ടിരുന്നു. പരാഗ്വേയ്ക്കെതിരെ പരാജയപ്പെട്ട കഴിഞ്ഞ മത്സരത്തില്‍ കണ്ട ഫിനിഷിങ്ങിലെ പോരായ്മ ഇന്നലെയും അര്‍ജന്റീന ടീമില്‍ നിന്നുണ്ടായി. പല ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകളും വലിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയിക്കൊണ്ടിരുന്നത്.
ഗോളില്ലാതെ തീര്‍ന്ന ആദ്യ പകുതിക്ക് ശേഷം കളിക്ക് 55 മിനിറ്റായപ്പോഴാണ് വിജയഗോള്‍ പിറന്നത്. ഇടത് ഭാഗത്ത് നിന്ന് മെസി ഉയര്‍ത്തി നല്കിയ പന്ത് ഇടതുകാല്കൊണ്ടൊരു സെമി ബൈസിക്കിള്‍ കിക്കിലൂടെ ലാട്ടരോ ഗോളാക്കുകയായിരുന്നു.
വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, സാവിയോ, മാര്‍ക്വിഞ്ഞോസ് തുടങ്ങി പ്രമുഖ താരങ്ങളുമായി ഇറങ്ങിയാണ് ബ്രസീല്‍ സമനില വഴങ്ങിയത്. ബ്രസീലിലെ സാല്വദോറിലായിരുന്നു മത്സരം. മുന്‍ ലോക ജേതാക്കളായ ഉറുഗ്വേ ആണ് ആദ്യം ഗോളടിച്ചത്. ആദ്യപകുതി ഗോളില്ലാതെ തീര്‍ന്നു. കളിക്ക് 55 മിനിറ്റായപ്പോള്‍ ഫെഡെറിക്കോ വാല്വെല്ദെ ഉറുഗ്വേയെ മുന്നിലെത്തിച്ചു. ഈ ലീഡിന് ഏഴ് മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 62-ാം മിനിറ്റില്‍ ജെര്സനിലൂടെ കാനറികള്‍ ഗോള്‍ മടക്കി.
കഴിഞ്ഞ യോഗ്യതാ പോരാട്ടത്തിലും ബ്രസീല്‍ സമനില വഴങ്ങിയിരുന്നു. വെനസ്വേലയ്ക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇതിന് മുമ്പത്തെ മത്സരം. അന്നും രണ്ട് ടീമുകളും ഓരോ ഗോളുകളാണ് നേടിയത്.
ഇന്നലത്തെ മറ്റ് യോഗ്യതാ പോരാട്ടങ്ങളില്‍ ഇക്വഡോര്‍, ചിലി ടീമുകള്‍ ജയിച്ചു. പരാഗ്വേ-ബൊളീവിയ പോരാട്ടം സമനിലയില്‍ കലാശിച്ചു.
കൊളംബിയക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇക്വഡോര്‍ വിജയിച്ചത്. വെനസ്വേലയുടെ രണ്ടിനെതിരെ നാല് ഗോളുകള്‍ നേടിയായിരുന്നു ചിലിയുടെ വിജയം. രണ്ട് ഗോള്‍ വീതം നേടിയാണ് ബൊളീവിയയും പരാഗ്വേയും സമനിലയില്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: