India

കശ്മീർ മയക്കുമരുന്ന് ഭീകരവാദ കേസ് : പ്രധാന പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു

Published by

ന്യൂദൽഹി : ജമ്മു കശ്മീരിൽ തീവ്രവാദം വ്യാപിപ്പിക്കാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ നടത്തിയ ഗൂഢാലോചനയിൽ ഉൾപ്പെട്ട ഒരു പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മുനീർ അഹമ്മദ് ബന്ദേ എന്ന ഭീകരനാണ് പിടിയിലായത്.

ജമ്മുകശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താൻ വേണ്ടി ഫണ്ട് കണ്ടെത്താൻ ഗൂഢാലോചന നടത്തിയ തീവ്രവാദ സംഘങ്ങളുടെ പ്രധാന ഭാഗമായിരുന്നു ഇയാളെന്ന് ഏജൻസി പറഞ്ഞു. 2020 ജൂണിൽ കിലോ കണക്കിന് ഹെറോയിൻ പിടികൂടിയതിനെ തുടർന്ന് ഹന്ദ്വാര പോലീസ് കേസെടുത്തതോടെയാണ് നിരോധിത ഭീകര സംഘടനകളായ ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയവരുടെ ഗൂഢാലോചന പുറത്തായതെന്ന് ഭീകരവിരുദ്ധ ഏജൻസി പറഞ്ഞു.

കേസിൽ മറ്റൊരു പ്രതിയായ അബ്ദുൾ മോമിൻ പീറിന്റെ വാഹനം ബാരാമുള്ളയിൽ നിന്ന് വരുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വാഹനം ഓടിച്ചിരുന്ന അബ്ദുൾ മോമിൻ പീറിനെ ചോദ്യം ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ 15 കിലോ ഹെറോയിനും 1.15 കോടി രൂപയും കണ്ടെടുത്തിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട ഒരു പ്രതിയാണ് ഇപ്പാൾ അറസ്റ്റിലായിരിക്കുന്ന മുനീർ അഹമ്മദ് എന്ന് ഏജൻസി പറഞ്ഞു.

നേരത്തെ 2020 ജൂൺ 23ന് കേസ് രജിസ്റ്റർ ചെയ്ത എൻഐഎ ഇതുവരെ 15 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കൂടാതെ നാർക്കോ-ഭീകര ശൃംഖല തകർക്കുന്നതിനും തീവ്രവാദ ഫണ്ടിംഗിന്റെ വേരുകൾ നശിപ്പിക്കുന്നതിനുമുള്ള അന്വേഷണങ്ങൾ തുടരുകയാണെന്നും അന്വേഷണ ഏജൻസി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by