iപി. ശ്രീകുമാർ
തിരുവനന്തപുരം: രണ്ടു വയസുകാരൻ മകൻ ലോറന്റ് ഡുമാസ് പറഞ്ഞ ഒരുവാക്ക് ഫ്രാൻസുകാരനായ ക്രിസ്റ്റോഫ് ഡുമാസിന്റെ ജീവിതമാണ് മാറ്റിയത്. ന്യൂക്ലിയർ സയൻസിൽ നിന്ന് ആത്മീയതയിലേക്കുള്ള മാറ്റം. ‘കാസ് തടാകം’ എന്നതായിരുന്നു ആ വാക്ക്. ആദ്യം പറഞ്ഞപ്പോൾ അവഗണിച്ചു. കൊച്ചുകുട്ടി എന്തോ പറയുന്നു എന്നുമാത്രം കരുതി.
ഒരു ദിവസം അടുക്കളയിൽ ചാരിവെച്ചിരുന്ന ബോർഡിൽ രണ്ടു വയസുകാരൻ കുത്തിവരയ്‌ക്കുന്നു. വെള്ളത്തിന്റേയും തീയുടേയും സാമ്യരൂപങ്ങൾ. അപ്പോഴും കൊച്ചുപയ്യൻ സ്ഫുടമായി പറഞ്ഞുകൊണ്ടിരുന്നു. ‘കാസ് തടാകം’, ‘കാസ് തടാകം’ എന്ന്. ക്രിസ്റ്റോഫ് ഗൂഗിളിൽ വാക്ക് തെരഞ്ഞു. അമേരിക്കയിലെ മിനസോട്ടയിലെ വലിയൊരു തടാകത്തിന്റെ പേര്. അവിടെ അപകടമുണ്ടായി നിരവധി പേർ മരിച്ചതിന്റെ വാർത്തയും ലഭിച്ചു. തൊട്ടടുത്ത ദിവസം മേശപ്പുറത്തിരുന്ന ഗ്ളോബ് വട്ടംകറക്കിയ ലോറന്റ് കൃത്യമായി കാസ് തടാകം സ്ഥിതിചെയ്യുന്ന സ്ഥലത്ത് കൊച്ചുവിരൽ ചൂണ്ടി.
ഗർഭ പാത്രത്തിൽ വെച്ച് ശ്വാസംമുട്ടൽ അനുഭവിച്ചതും സംഗീതം കേട്ടപ്പോൾ ആശ്വാസം തോന്നിയതുമായ കാര്യവുമൊക്കെ വാക്കുകൊണ്ടും ആംഗ്യംകൊണ്ടു കൊച്ചുകുട്ടി വിവരിച്ചപ്പോൾ അത്ഭുതം ഏറി. കുട്ടിയുടെ പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയ കാര്യം ഡോക്ടർമാർ പറഞ്ഞതും സുഖപ്രസവത്തിനായി പാട്ടും നൃത്തവും നടത്തിയതും ഓർമയിലെത്തി.
ന്യൂക്ലിയർ സയൻസിൽ ശാസ്ത്രജ്ഞനും ഡോക്ടറേറ്റുമുള്ള ക്രിസ്റ്റോഫിന്റെ മനസിൽ സംശയങ്ങൾ ഉയർന്നു. സഹപ്രവർത്തകനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ പുനർജന്മത്തെക്കുറിച്ചുള്ള ഭാരതീയരുടെ വിശ്വാസത്തെക്കുറിച്ച് സൂചിപ്പിച്ചു. കാസ് തടാകത്തിൽ അപകടത്തിൽ മരിച്ച ആരുടേയോ പുനർജന്മമാണ് തന്റെ മകൻ എന്ന വിശ്വാസം ബലപ്പെടുന്നതായിരുന്നു പിന്നീടുണ്ടായ പല സംഭവങ്ങളും.
സത്യം തേടിയുള്ള യാത്രയായിരുന്നു പിന്നീട്. ഭാരതത്തിലെത്തി. ആശ്രമങ്ങളും മഠങ്ങളും സന്ദർശിച്ചു. സന്യാസിമാരും പണ്ഡിതന്മാരുമായി സംവദിച്ചു. ബുദ്ധദർശനം പഠിച്ചു. പൂർണമായും സസ്യാഹാരിയായി. അവസാനം തന്റെ പല സംശയങ്ങൾക്കും മറുപടി നൽകുന്ന ഗുരുവിനെ തമിഴ്‌നാട്ടിൽ കണ്ടെത്തി. പുനർജന്മം സത്യമാണെന്ന് ബോധ്യപ്പെട്ടു. ക്രിസ്റ്റോഫ്, ഈശ്വർ എന്ന പേരു സ്വീകരിച്ചു. ഭാര്യ കരോലിന്‍, ഗൗരിയായി. മകൻ ലോറന്റ് തത്പുരുഷ് എന്ന നാമവും സ്വീകരിച്ചു.
ആത്മീയ വഴിയിലൂടെയായിരുന്നു മൂവരുടേയും പിന്നീടുള്ള യാത്ര. തുടർച്ചയായി ഭാരതത്തിലെത്തി കൂടുതൽ കൂടുതൽ പഠിച്ചു. ഗുരു സമാധി ആയതിനെ തുടർന്ന് സംശയ നിവാരണത്തിന് ആളെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഈശാ സ്വാമിയുടെ പാരീസിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്. ആത്മീയതയെ ശാസ്ത്രീയമായി സ്വാമി വിവരിക്കുന്നതു കേട്ടപ്പോൾ അത്ഭുതമായി. പ്രപഞ്ചത്തിന് അടിസ്ഥാനമായ ഊർജത്തെക്കുറിച്ചുള്ള സ്വാമിയുടെ വിശദീകരണം താൻ പഠിച്ച ശാസ്ത്രത്തിനും എത്ര മുകളിലെന്ന് ക്രിസ്റ്റോഫ് തിരിച്ചറിഞ്ഞു.
മനുഷ്യന്റെ ആന്തരിക ലോകവും ബാഹ്യലോകവും ഒന്നാണെന്ന് ഈശാ സ്വാമി സ്ഥാപിച്ചെടുക്കുന്നത് ബോധ്യപ്പെട്ടു. ശാസ്ത്രത്തേയും ആത്മീയതയേയും സമന്വയിപ്പിച്ച് നൂതനമായ പ്രവർത്തനശൈലി സ്വീകരിച്ചുള്ള സ്വാമിയുടെ രീതി ഇഷ്ടമായി. പ്രപഞ്ചത്തിന് നിദാനമായ ഊർജത്തെക്കുറിച്ചും പൂർണബോധത്തിലേക്ക് നയിക്കുന്ന വിദ്യാഭ്യാസത്തെ കുറിച്ചും ഈശാ സ്വാമി ആവിഷ്‌കരിച്ച സിദ്ധാന്തങ്ങൾ അക്കാദമിക്ക് ലോകത്തെക്കൊണ്ട് കൂടുതൽ അംഗീകരിപ്പിക്കാനുള്ള ശ്രമത്തിലാണ് ക്രിസ്റ്റോഫ് എന്ന ഈശ്വർ. ഈശാ സ്വാമിയുടെ പ്രശസ്തമായ ഐ തിയറിയുടെ മുഖ്യ പ്രചാരകനുമാണിപ്പോൾ ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: