ലഖ്‌നൗ : ‘ദി സബർമതി റിപ്പോർട്ട് ‘ എന്ന സിനിമയുടെ നായകൻ വിക്രാന്ത് മാസി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ലഖ്‌നൗവിലെ അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ഇത് സംബന്ധിച്ച് യോഗിയും നടനും തങ്ങളുടെ നവമാധ്യമങ്ങളിൽ പരാമർശിച്ചു.
യോഗി ആദിത്യനാഥ് ചൊവ്വാഴ്ച തന്റെ എക്‌സ് അക്കൗണ്ടിൽ നടനോടൊപ്പമുള്ള ചിത്രം പങ്കിട്ടു. “ഇന്ന് ചലച്ചിത്ര നടൻ ശ്രീ വിക്രാന്ത് മാസി ലഖ്‌നൗവിലെ സർക്കാർ വസതിയിൽ സന്ദർശനം നടത്തി.”- യോഗി എക്സിൽ കുറിച്ചു.
യോഗിക്ക് പുറമെ നടൻ വിക്രാന്തും തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അതേ ചിത്രം പങ്കുവെക്കുകയും ചിത്രത്തെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് യുപി മുഖ്യമന്ത്രിയോട് നന്ദി പറയുകയും ചെയ്തു.
“ബഹുമാനപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാൻ ഇന്ന് അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ അഭിനന്ദനം ദി സബർമതി റിപ്പോർട്ടിന്റെ മുഴുവൻ ടീമിനും പ്രചോദനമായി. ഈ ബഹുമാനത്തിനും വാത്സല്യത്തിനും ഹൃദയംഗമമായ നന്ദി,”- അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ എഴുതി.
2002-ലെ ഗോധ്ര ട്രെയിൻ കോച്ച് കത്തിച്ച സംഭവത്തെക്കുറിച്ചുള്ള സുപ്രധാന സിനിമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ‘ദി സബർമതി റിപ്പോർട്ടിനെ’ വിശേഷിപ്പിച്ചിരുന്നു. കൂടാതെ സത്യം വെളിച്ചത്തുവരുന്നത് കാണുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ധീരജ് സർണ സംവിധാനം ചെയ്ത് ശോഭ കപൂർ, ഏകതാ ആർ കപൂർ, അമുൽ വി മോഹൻ, അൻഷുൽ മോഹൻ എന്നിവർ ചേർന്ന് നിർമ്മിച്ച ‘ദി സബർമതി റിപ്പോർട്ട്’ ഗോധ്രയിൽ സബർമതി എക്‌സ്പ്രസിന്റെ എസ്-6 കോച്ച് കത്തിച്ചതുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: