Kerala

പൊള്ളും വിലയില്‍ പച്ചക്കറി; വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍

Published by

തിരുവനന്തപുരം: മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറികള്‍ക്ക് വന്‍ വിലക്കയറ്റം. പയര്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, അമര ,ചേമ്പ്, പാവല്‍, വെള്ളരി, പടവലം, സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി അങ്ങനെ നീളുന്നു വില വര്‍ദ്ധനയുള്ള പച്ചക്കറികളുടെ ലിസ്റ്റ്. ഇതിന് പുറമേ തേങ്ങയ്‌ക്കും, വെളിച്ചെണ്ണയ്‌ക്കും തീവിലകൂടിയായതോടെ അടുക്കള ബജറ്റ് താളം തെറ്റുന്നു. വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍.

പച്ചക്കറികള്‍ക്ക് തീ വിലയായതോടെ ഹോട്ടലുകളില്‍ വെജിറ്റബിള്‍ കറികളുടെ ചേരുവ കുറച്ചു തുടങ്ങി. അവിയലില്‍ ഇനങ്ങള്‍ വളരെക്കുറഞ്ഞു. സാമ്പാറിലും കഷ്ണങ്ങള്‍ കുറവാണ്. ആവശ്യസാധനങ്ങളുടെ വിലക്കയറ്റം തുടര്‍ന്നാല്‍ ഭക്ഷണസാധനങ്ങളുടെ വില വര്‍ദ്ധന അനിവാര്യമെന്ന് ഹോട്ടലുകാര്‍ പറഞ്ഞു. അതേസമയം സാധാരണക്കാരന്റെ നടു ഒടിക്കുന്ന വിലക്കയറ്റം ഉണ്ടായിട്ടും അധികൃതര്‍ ഇടപെടുന്നില്ലന്നും പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.

ആഴ്ചകള്‍ക്ക് മുമ്പു തന്നെ പച്ചക്കറിയ്‌ക്ക് വില കൂടിയതിനാല്‍ അടുത്തെങ്ങും വിലകുറയാന്‍ സാധ്യതയില്ല. അടുത്തമാസം ക്രിസ്തുമസും ന്യൂ ഇയറും എത്തുന്നതിനാല്‍ ഇനിയും വില ഉയരും. മുരിങ്ങയ്‌ക്ക, തക്കാളി, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീന്‍സ്, വള്ളിപ്പയര്‍, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്‌ക്ക് കഴിഞ്ഞമാസത്തേക്കാള്‍ കിലോയ്‌ക്ക് 10 മുതല്‍ 50 രൂപ വരെയാണ് കൂടിയത്. ചുവന്നുള്ളിക്ക് കിലോയ്‌ക്ക് 120 രൂപയായി. തക്കാളി 25 ല്‍ നിന്ന് 35 രൂപയിലെത്തി. മാങ്ങയുടെ ഇന്നലത്തെ വില 80 രൂപയാണ്. സര്‍ക്കാര്‍ സംരംഭമായ ഹോര്‍ട്ടികോര്‍പ്പിലും കാര്യമായ വിലക്കുറവില്ല. പച്ചക്കറി വില കുതിച്ചുയരുമ്പോഴും കാര്യമായ വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

തേങ്ങാവിലയും ഉയരുന്നു

നാളികേര വില സര്‍വകാല റെക്കാഡിലേക്കെത്തിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാളികേരത്തിന് കിലോയ്‌ക്ക് 65 മുതല്‍ 75 രൂപയായി ഉയര്‍ന്നു. വലിയ തേങ്ങ ഒരെണ്ണത്തിന് 33 രൂപയും ചെറുതിന് 25 രൂപയുമാണ് വില. തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങയുടെ ചില്ലറ വില്പന കിലോയ്‌ക്ക് 65 രൂപയാണ്. നാടന്‍ തേങ്ങയെന്ന് അവകാശപ്പെടുന്നതിന് കിലോയ്‌ക്ക് 75 രൂപയും. രാജ്യത്ത് നാളികേരത്തിന്റെ ഉത്പാദനത്തില്‍ 25 ശതമാനം കുറവുണ്ടായെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിന് പുറമേ സംസ്ഥാനത്ത് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പൊതുവെ നാളികേരത്തിന് ഉത്പാദന ഇടിവ് നേരിടാറുണ്ടന്നും പറയുന്നു. ഇതും വില വര്‍ദ്ധനവിനെ ബാധിച്ചിട്ടുണ്ട്. നാളികേരത്തിന്റെ വില കൂടിയതോടെ വെളിച്ചെണ്ണ വിലയും ഉയര്‍ന്ന് 240 മുതല്‍ 260 രൂപ വരെയെത്തി. തേങ്ങയ്‌ക്കും എണ്ണയ്‌ക്കും പച്ചക്കറിയ്‌ക്കും വില കൂടിയതോടെ അടുക്കള ബഡ്ജറ്റ് താളം തെറ്റിയ നിലയിലാണ്.

കൃഷിനാശം, വരവ് കുറഞ്ഞു
തമിഴ്‌നാട് ഉള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണം ന്യൂനമര്‍ദ്ദം കാരണം ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉത്പാദനത്തില്‍ കുറവുണ്ടായിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക