ഇംഫാൽ : കഴിഞ്ഞയാഴ്ച ജിരിബാം ജില്ലയിൽ ആറ് സാധാരണക്കാരെ കൊലപ്പെടുത്തിയ കുക്കി തീവ്രവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്. സംഭവത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ തന്റെ സർക്കാർ വിശ്രമിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി തന്റെ എക്സ് അക്കൗണ്ടിൽ പറഞ്ഞു. ഒരു പരിഷ്കൃത സമൂഹത്തിലും ഇത്തരം പ്രാകൃത പ്രവർത്തനങ്ങൾക്ക് സ്ഥാനമില്ല. ഈ ഭീകരർക്കുവേണ്ടിയുള്ള വേട്ടയാടൽ ഇപ്പോൾ നടക്കുന്നുണ്ടെന്നും അവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഉറപ്പുതരുന്നു. അവരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികൾക്ക് അവർ ശിക്ഷിക്കപ്പെടുന്നത് വരെ തങ്ങൾ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം തുടക്കത്തിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവയ്‌പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ജിരിബാമിലെ കുടിയിറക്കപ്പെട്ടവർക്കുള്ള ക്യാമ്പിൽ നിന്ന് ആറ് പേരെ നവംബർ 11 മുതൽ കാണാതാകുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞയാഴ്ച ജിരിബാം ജില്ലയിലെ നദിയിൽ നിന്ന് മൂന്ന് സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
അതേ സമയം സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനുള്ള അക്ഷീണമായ പ്രതിബദ്ധതയ്‌ക്ക് മുഖ്യമന്ത്രി കേന്ദ്ര നേതാക്കൾക്ക് നന്ദി പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്ന സിആർപിഎഫിന് പുറമെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി 50 കമ്പനി സൈന്യത്തെ കേന്ദ്രം അധികമായി അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: