Health

ലോക സി.ഒ.പി.ഡി. (COPD) ദിനം: സി.ഒ.പി.ഡി. രോഗികളിൽ കണ്ടു വരുന്ന ഹൃദ്രോഗങ്ങൾ

Published by

ലോകാരോഗ്യ സംഘടനക്ക് കീഴിലുള്ള ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ക്രോണിക് ഒബ്സ്ട്രക്റ്റീവ് ലങ് ഡിസീസ് (ജി.ഒ.എൽ.ഡി) 2002 നവംബർ 14 മുതൽ ഓരോ വർഷവും നവംബറിലെ മൂന്നാമത്തെ ബുധനാഴ്ച ലോക സി.ഒ.പി.ഡി (ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്) ദിനമായി ആചരിച്ചു വരുന്നു. നവംബർ 20 ആണ് ഈ വർഷത്തെ ലോക സി.ഒ.പി.ഡി. ദിനം. ആഗോളതലത്തിൽ ഓരോ വർഷവും 3 മില്ല്യൺ (ദശലക്ഷം) ആളുകൾ സി.ഒ.പി.ഡി. മൂലം മരിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സി.ഒ.പി.ഡി.യെക്കുറിച്ച് അറിയുക, പ്രതിരോധ-ചികിത്സാ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക, രോഗവുമായി ജീവിക്കുന്ന വ്യക്തികളെ പിന്തുണയ്‌ക്കുക എന്നിവയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.

വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, എംഫിസിമ എന്നിവ ഉൾപ്പെടുന്ന ഈ ഗുരുതര ശ്വാസകോശ രോഗത്തിൽ ശ്വാസകോശത്തിൽ നിന്നുള്ള വായുസഞ്ചാരം തടസ്സപ്പെടുന്നു. വിട്ടുമാറാത്ത ശ്വാസതടസ്സം, കഫക്കെട്ട്, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പുകവലിയാണ് പ്രധാന കാരണം. പുകവലിക്കുന്നവർ വലിച്ചു വിടുന്ന പുക നിരന്തരം ശ്വസിക്കുന്നവരേയും (പാസീവ് അഥവാ സെക്കഡ് ഹാൻഡ് സ്മോക്കിങ്ങ്) ഈ രോഗം ബാധിക്കും. മാത്രമല്ല വായു മലിനീകരണം, കൊതുകുതിരികൾ, പാചകത്തിനുപയോഗിക്കുന്ന വിറക്, അഗർബത്തികൾ എന്നിവയിൽ നിന്നുള്ള പുകയും, തൊഴിൽ സ്ഥലത്തെ ചില പുക-പൊടി-വാതകങ്ങളുമായുള്ള നിരന്തര സമ്പർക്കവും ഇതിനു കാരണമാകുന്നുണ്ട്. സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഗർഭാശയത്തിൽ നിന്ന് ആരംഭിച്ച് ശൈശവത്തിലും കൗമാരത്തിലും തുടരുന്ന ജനിതക-പാരിസ്ഥിതിക അപകട സാധ്യത ഘടകങ്ങളുടെ ആകെത്തുകയായി ആണ് സി.ഒ.പി.ഡി ഉണ്ടാകുന്നത് എന്നാണ്.

സി.ഒ.പി.ഡി രോഗികൾക്ക് ഹൃദ്രോഗം, ശ്വാസകോശ കാൻസർ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.

സി.ഒ.പി.ഡി രോഗികളിൽ രോഗത്തിന്റെ സങ്കീർണതയായും അനുബന്ധ പ്രശ്നങ്ങളായും പലപ്പോഴും ഹൃദയ സംബന്ധമായ രോഗങ്ങൾ കണ്ടു വരുന്നു. കൊറോണറി ധമനി രോഗം, ഹൃദയപരാജയം(ഹാർട്ട് ഫെയില്യർ), ഹൃദയമിടിപ്പ് തകരാറുകൾ(അറിത്മിയ), പൾമണറി ഹൈപ്പർടെൻഷൻ എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ രോഗങ്ങളുടെ വ്യാപനം സി.ഒ.പി.ഡി രോഗികളിൽ വർദ്ധിക്കുന്നു. രക്താതിസമ്മർദ്ദവും, പെരിഫറൽ ധമനീ രോഗങ്ങളും അനുബന്ധപ്രശ്നങ്ങളായി കണ്ടു വരുന്നു. ഹാർട്ട് ഫെയില്യർ സി.ഒ.പി.ഡി. രോഗികളിലെ മരണനിരക്കിന്റെ സുപ്രധാന കാരണമാണ്.

സി.ഒ.പി.ഡി രോഗികളിൽ സിസ്റ്റോളിക് അല്ലെങ്കിൽ ഡയസ്റ്റോളിക് ഹാർട്ട് ഫെയില്യർ തോത് 20% മുതൽ 70% വരെയാണ്. പ്രതിവർഷം 3-4% സി.ഒ.പി.ഡി. രോഗികളിൽ ഇങ്ങനെ ഹൃദയപരാജയം സംഭവിക്കുന്നു. ഹാർട്ട് ഫെയില്യർ രോഗം പലപ്പോഴും സി.ഒ.പി.ഡിയുടെ സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ അത് തിരിച്ചറിയാതെ പോകുന്നു. ചില രോഗികളിൽ സി.ഒ.പി.ഡി യും ഹാർട്ട് ഫെയില്യറും ഒരുമിച്ചും കാണപ്പെടാറുണ്ട്. സി.ഒ.പി.ഡി രോഗികളിൽ സാധാരണയായി കണ്ടു വരുന്ന ഹൃദയമിടിപ്പ് വൈകല്യമാണ് ഏട്രിയൽ ഫിബ്രിലേഷൻ. ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു വരുന്ന ഒരു രോഗാവസ്ഥയായ ഇത് ഹൃദയാഘാതം(ഹാർട്ട് അറ്റാക്ക്), ഹൃദയപരാജയം(ഹാർട്ട് ഫെയില്യർ), ഹൃദയസ്തംഭനം(കാർഡിയാക്ക് അറസ്റ്റ്), പക്ഷാഘാതം(സ്ട്രോക്ക്) എന്നീ സങ്കീർണ്ണതകളിലേക്ക് നയിക്കുന്നു. പൾമണറി ധമനികളിലെ സമ്മർദം വർധിക്കുമ്പോൾ ഉണ്ടാക്കുന്ന രോഗാവസ്ഥയാണ് പൾമണറി ഹൈപ്പർടെൻഷൻ. സി.ഒ.പി.ഡി ഉള്ള രോഗികളിൽ പൾമണറി ഹൈപ്പർടെൻഷന്റെ എല്ലാ വകഭേദങ്ങളും പൊതുവിൽ കണ്ടു വരുന്നു.

സി.ഒ.പി.ഡിക്ക് തുടർപരിശോധനകളും ചികിത്സയും ഏറെ ആവശ്യമാണ്. ഫലപ്രദമായ ആധുനിക ചികിത്സ കൃത്യമായി സ്വീകരിക്കുക വഴി രോഗത്തെ മികച്ച രീതിയിൽ നിയന്ത്രിച്ചു ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കും. തീവ്രമായ അണുബാധകൾ ഒഴിവാക്കാൻ ഇൻഫ്ലുവൻസ, ന്യൂമോണിയ എന്നിവയ്‌ക്കെതിരായ കുത്തിവെപ്പുകൾ അത്യാവശ്യമാണ്. ഇത്തരം അണുബാധകൾ സി.ഒ.പി.ഡി രോഗികളുടെ, പ്രത്യേകിച്ചു ഹൃദ്രോഗങ്ങൾ കൂടിയുള്ളവരിൽ സ്ഥിതി ഗുരുതരമാക്കിയേക്കും. അതിനാൽ ഒരു ശ്വാസകോശ രോഗ വിദഗ്‌ദ്ധനായ ഡോക്റ്ററുടെ നിർദ്ദേശപ്രകാരം ആവശ്യമായ കുത്തിവെപ്പുകൾ കൃത്യമായ ഇടവേളകളിൽ നടത്തുക. ഓർക്കുക, കൃത്യമായി തടയാവുന്നതും ചികിത്സിക്കാവുന്നതുമായ ഒരു ശ്വാസകോശ രോഗമാണ് സി.ഒ.പി.ഡി.

(മലപ്പുറം കാവനൂർ ഡോ.അജയ് രാഘവൻ’സ് ക്ലിനിക്കിലെ കാർഡിയോളജി സ്‌പെഷ്യൽ ഒ.പി. വിഭാഗം ഡയറക്ടർ ആണ് ലേഖകൻ)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക