India

സീതാരാമ വിവാഹം ഡിസംബര്‍ ആറിന്; അയോദ്ധ്യയില്‍ ശ്രീരാമതിലകോത്സവം തുടങ്ങി

Published by

അയോദ്ധ്യ: നേപ്പാളിലെ ജനക്പൂരില്‍ സീതാരാമ വിവാഹാഘോഷത്തിന് മുന്നോടിയായി അയോദ്ധ്യയില്‍ ശ്രീരാമ തിലകോത്സവം ആരംഭിച്ചു. ജനക്പൂരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും ഉപഹാരങ്ങളും 501 തരം പ്രസാദങ്ങളും അയോദ്ധ്യയിലെത്തി. ഡിസംബര്‍ ആറിന് ജനക്പൂരില്‍ നടക്കുന്ന വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ 26ന് അയോദ്ധ്യയില്‍ നിന്ന് രാമരഥം പുറപ്പെടും. ഡിസംബര്‍ മൂന്നിന് ജനക്പൂരിലെത്തും. വിവാഹോത്സവം കഴിഞ്ഞ് ഡിസംബര്‍ 10ന് ഘോഷയാത്രയായി അയോദ്ധ്യയിലേക്ക് മടങ്ങും.

ഭാരതവും നേപ്പാളും തമ്മിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായി ആരംഭിച്ച ശ്രീരാമതിലകമഹോത്സവത്തില്‍ പങ്കെടുക്കാന്‍ അഞ്ഞൂറിലധികം പ്രതിനിധികള്‍ നേപ്പാളില്‍ നിന്ന് എത്തിച്ചേര്‍ന്നു. നേപ്പാളിലെ മധേഷ് പ്രദേശ് മുഖ്യമന്ത്രി സതീഷ് കുമാര്‍ സിങ്, ജനക്പൂര്‍ മേയര്‍ മനോജ് കുമാര്‍ ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 501 തരം പ്രസാദങ്ങളാണ് കൊണ്ടുവന്നത്. അതിഥികളെ അയോദ്ധ്യയിലെ രാംസേവകപുരത്ത് വരവേറ്റു. ജനക്പൂരിലെ ജാനകി ക്ഷേത്ര പൂജാരി രാം റോഷന്‍ ദാസ് വേദമന്ത്രങ്ങള്‍ ഉരുവിട്ടാണ് തിലകോത്സവം ആരംഭിച്ചത്.

നേപ്പാളില്‍ നിന്നുള്ള സംഘം അയോദ്ധ്യയിലെ കര്‍സേവകപുരം, അഭയ്ദത്ത ഹനുമാന്‍ ആശ്രമം, വിവേക് സൃഷ്ടി, മാതാ സരസ്വതി ദേവി ക്ഷേത്രം, തീര്‍ത്ഥക്ഷേത്ര ഭവന്‍ എന്നിവിടങ്ങളിലാണ് താമസിക്കുകയെന്ന് വിശ്വഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്ര സിങ് പങ്കജ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by