India

ബെംഗളൂരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം; യുവതിക്ക് ദാരുണാന്ത്യം

Published by

ബെംഗളൂരു: ബെംഗളൂരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ യുവതിക്ക് ദാരുണാന്ത്യം. കാഷ്യറായി ജോലി ചെയ്തിരുന്ന 20-കാരിയാണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 45-ലേറെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തിനശിച്ചതായാണ് വിവരം. ബെംഗളൂരുവിലെ ഡോ രാജ്കുമാര്‍ റോഡിലെ ഇലക്ട്രിക് വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്.

നവരംഗ് ജംഗ്ഷനു സമീപമുള്ള മൈ ഇവി സ്റ്റോറില്‍ ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. ഷോറൂമിലെ കാഷ്യറായിരുന്ന പ്രിയയ്‌ക്ക് തീപിടിത്തമുണ്ടായതോടെ പുറത്തേക്ക് ഇറങ്ങാനായില്ല. പിന്നാലെ പ്രിയ ഇരുന്ന ക്യാബിനില്‍ തീയും പുകയും നിറഞ്ഞിരുന്നു. രാമചന്ദ്രപുര സ്വദേശിനിയാണ് പ്രിയ. ശ്വാസം കിട്ടാതെയും പൊള്ളലേറ്റുമാണ് യുവതി മരിച്ചത്. ഇന്ന് ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് യുവതിയുടെ മരണം. സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ തീപിടിത്തത്തിന് പിന്നാലെ ഇവിടെ നിന്നും രക്ഷപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അഗ്‌നിശമന സേന ഉടനെ സ്ഥലത്തെത്തി മൂന്ന് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചാണ് തീയണച്ചത്. മറ്റ് അപകടങ്ങള്‍ ഒഴിവാക്കാന്‍ ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരെയും കടകളിലുണ്ടായിരുന്നവരെയും ഒഴിപ്പിച്ചു. സ്റ്റോറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി പൊട്ടിത്തെറിച്ചതാണോ തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by