Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന് പിഎഫ്‌ഐ ഭീകരരുടെ വധഭീഷണി; ഭീഷണിമുഴക്കിയത് അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി റാസ

Published by

ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിക്കുമെന്ന് അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതിയായ പോപ്പുലര്‍ഫ്രണ്ട് ഭീകരന്റെയും സഹായിയുടെയും ഭീഷണി. രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മണ്ണഞ്ചേരി സ്വദേശി റാസ (ഹാരീസ്) യും മറ്റൊരാളുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് പൊന്നാട് ലക്ഷ്മീഭവനത്തില്‍ ശ്രീനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രസാദിനെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി.

നിങ്ങള്‍ രണ്ടു പേരെയും ഞങ്ങള്‍ കൊല്ലാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നായിരുന്നു ഭീഷണി. രണ്‍ജീത് വധക്കേസില്‍ ജാമ്യത്തിലാണ് റാസ. കൂലിവേല ചെയ്താണ് നിര്‍ധന കുടുംബാംഗമായ ശ്രീനാഥ് വീട് പുലര്‍ത്തുന്നത്. രോഗബാധിതരായ മാതാപിതാക്കളും ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും അടങ്ങുന്നതാണ് കുടുംബം. രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തിന് ശേഷം നിരന്തരം തന്നെ ഭീഷണിപ്പെടുത്തുകയും, വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ശ്രീനാഥ് പറഞ്ഞു. നേരത്തെ ഒരു കള്ളക്കഥ പ്രചരിപ്പിച്ച് ഇരുപത്തിയഞ്ചോളം പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര്‍ വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയും കള്ളക്കേസ് കൊടുക്കുകയും ചെയ്തിരുന്നു.

ഗത്യന്തരമില്ലാതെ ആലപ്പുഴ വിട്ട് മറ്റൊരു ജില്ലയിലായിരുന്നു താമസം. മാതാപിതാക്കളെ നോക്കേണ്ടതിനാല്‍ കുറച്ചു മാസങ്ങള്‍ മുമ്പ് നാട്ടില്‍ മടങ്ങിയെത്തി. മണ്ണഞ്ചേരി വള്ളക്കടവിന് കിഴക്കുവശം ഒരാളുടെ ഡ്രൈവറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇവിടെയെത്തിയാണ് ഭീഷണിപ്പെടുത്തിയത്.

ജോലിയില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ഭവിഷ്യത്തുണ്ടാകുമെന്ന് വാഹനത്തിന്റെ ഉടമയേയും ഇവര്‍ ഭീഷണിപ്പെടുത്തി.

ഇതുസംബന്ധിച്ച് ശ്രീനാഥ് മണ്ണഞ്ചേരി പോലീസിലും ആലപ്പുഴ ഡിവൈഎസ്പിക്കും പരാതി നല്‍കി. ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും നാട്ടില്‍ കലാപത്തിന് ശ്രമം തുടങ്ങിയിരിക്കുകയാണ് നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടുകാര്‍. പിഎഫ്‌ഐയുടെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐ അത്യന്തം പ്രകോപനപരമായ സമൂഹമാദ്ധ്യമ പോസ്റ്റുകളും പോസ്റ്ററുകളുമാണ് പ്രചരിപ്പിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക