മലാഗാ: ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിടപറയാനൊരുങ്ങുന്ന സൂപ്പര്‍ സ്റ്റാര്‍ റാഫേല്‍ നദാലിന് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ച് ഇതിഹാസ താരം റോജര്‍ ഫെഡറര്‍.
സമൂഹ മാധ്യമത്തില്‍ എഴുതിയ ചുരുങ്ങിയ വരികളില്‍ ഫെഡറര്‍ ആദ്യമേ അഭിനന്ദിച്ചിരിക്കുന്നത് നദാലിന്റെ കുടുംബത്തെയും ടീം അംഗങ്ങളെയുമാണ്. അങ്ങയുടെ വിജയത്തില്‍ കൂട്ടായ ശ്രമം അവര്‍ക്കുണ്ടെന്നും അതേ വാചകത്തില്‍ തന്നെ പറയുന്നു. അടുത്തതായി ചെയ്യാനിരിക്കുന്ന ഓരോ ചുവടിനെയും ആഹ്ലാദത്തോടെ കാത്തിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ആദ്യ ഖണ്ഡിക തീരുന്നു.
വാമോസ് റാഫാ എന്ന് സംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ഇത് പോസ്റ്റ് ചെയ്യുമ്പോഴേക്കും ഒരുപക്ഷേ നിന്റെ വിരമിക്കല്‍ പൂര്ണമായിരിക്കാം എന്ന് അറിയിച്ചുകൊണ്ടെഴുതിയ കുറിപ്പില്‍ ഇരുപത് വര്‍ഷം മുമ്പ് ഇരുവരും ആദ്യമായി നേര്‍ക്കുനേര്‍ വന്ന മത്സരത്തെ ഒരു തിരക്കഥയുടെ ചാരുതയോടെ ഫെഡറര്‍ വര്‍ണിച്ചിരിക്കുന്നു- 2004 ഓസ്ട്രേലിയ ഓപ്പണോടെ ഞാന്‍ ആദ്യമായി കരിയറില്‍ ലോക ഒന്നാം റാങ്ക് താരമായി. രണ്ട് മാസത്തിന് ശേഷം ഫ്രാന്‍സിലെ റോളന്‍ഡ് ഗാരോസില്‍ മൂന്നാം റൗണ്ട് മത്സരത്തില്‍ തനിക്കെതിരെ കളിക്കാന്‍ വരുന്ന കൗമാരക്കാരന് പയ്യന് ബൈസെപ്സ് പ്രദര്‍ശിപ്പിച്ചുകൊണ്ട് ചുവന്ന സ്ലീവ്ലെസ് ടീ ഷര്‍ട്ട് ധരിച്ചെത്തുന്നത് ഇന്നും ഓര്‍മയിലുണ്ട്. മയ്യോര്കയില് നിന്നുള്ള താരമാണെന്ന് കേട്ടറിവ് മാത്രമേ അതുവരെ ഉണ്ടായിരുന്നുള്ളു.
ആദ്യ ഏറ്റുമുട്ടലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (6-3, 6-3)അന്നത്തെ ലോക ടെന്നീസ് ഹീറോ കടപുഴകി വീണത്.
പിന്നീടിങ്ങോട്ട് ഫ്രഞ്ച് ഓപ്പണില്‍ നദാല്‍ നടത്തിയ തേരോട്ടത്തെയും താനുമൊത്തുള്ള ഓരോ മത്സരത്തെയും പ്രശംസാപൂര്‍വ്വം കുറിപ്പില്‍ സ്മരിക്കുന്നു. 22 ഗ്രാന്‍ഡ് സ്ലാം നേട്ടത്തിലൂടെ സ്പെയിനിനും അതിലുപരി ലോക ടെന്നിസീന്റെയും പ്രൗഢിക്ക് നദാല്‍ മാറ്റ് കൂട്ടിയിരിക്കുന്നുവെന്നും ഫെഡറര്‍ കുറിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: