പനാജി: അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളെ ഭാരതീയ ആസ്വാദകരിലേക്കെത്തിക്കാന്‍ ഗോവന്‍ കടല്‍ത്തീരമൊരുങ്ങുന്നു. എട്ടുനാള്‍ നീണ്ടുനില്‍ക്കുന്ന 55-ാമത് ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് തുടക്കം.
ഓസ്‌ട്രേലിയന്‍ സംവിധായകന്‍ മൈക്കല്‍ ഗ്രേസിയുടെ ബെറ്റര്‍ മാന്‍ ആണ് ഉദ്ഘാടന ചിത്രം. 19 അന്താരാഷ്‌ട്ര ചലച്ചിത്രങ്ങളും 43 ഏഷ്യന്‍ സിനിമകളും 109 ഭാരത സിനിമകളുമടക്കം 171 സിനിമകളുടെ പ്രീമിയര്‍ വിവിധ വേദികളിലായി പ്രേക്ഷകരിലേക്കെത്തും. ഗോവന്‍ സംസ്‌കാരവും സിനിമാസ്വാദനവും ഒരേപോലെ ഏവര്‍ക്കും നല്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. 81 രാജ്യങ്ങളില്‍ നിന്നുള്ള 181 സിനിമകള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 6,500ലേറെ പ്രതിനിധികളാണ് മേളയ്‌ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിയാത്മകമായി സിനിമാ നിര്‍മ്മാണം ആഗ്രഹിക്കുന്ന 100 യുവപ്രതിഭകള്‍ക്കാണ് ഇത്തവണ അന്താരാഷ്‌ട്ര ചലച്ചിത്ര മേള അവസരം നല്കുന്നത്. ആഗോളതലത്തില്‍ വലിയ തോതില്‍ മേളയിലേക്ക് സിനിമകളുടെ അപേക്ഷകളെത്തിയ വര്‍ഷം കൂടിയാണ് ഇത്തവണ. 1,676 അപേക്ഷകള്‍ 101 രാജ്യങ്ങളില്‍ നിന്ന് ഗോവന്‍ മേളയ്‌ക്ക് ലഭിച്ചു. ഇതില്‍ നിന്നാണ് 181 സിനിമകള്‍ തെരഞ്ഞെടുത്തത്.
സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രശസ്ത ഓസ്ട്രേലിയന്‍ സംവിധായകന്‍ ഫിലിപ് നോയ്സിന് നല്കും. അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ സുവര്‍ണ ചകോരം സ്വന്തമാക്കാന്‍ ആടു ജീവിതം അടക്കം മൂന്ന് ഭാരത സിനിമകളും പന്ത്രണ്ട് വിദേശ സിനിമകളുമുണ്ട്.
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ ഫിലിമുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച വെബ് സീരിസുകള്‍ക്കും അവാര്‍ഡുകളുണ്ട്. എ.ആര്‍. റഹ്മാന്‍, മണിരത്നം തുടങ്ങിയ സിനിമാ മേഖലയിലെ പ്രശസ്തരും ഇത്തവണ മേളയുടെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക