പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡത്തില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. അന്തിമപട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണുള്ളത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 13ന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് കല്പാത്തി രഥോത്സവത്തെ തുടര്‍ന്നാണ് 20ലേക്ക് മാറ്റിയത്. 23 നാണ് വോട്ടെണ്ണല്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
എംഎല്‍എയായിരുന്ന ഷാഫിപറമ്പില്‍ വടകര ലോകസഭാമണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മണ്ഡലം. രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോ. പി. സരിനാണ് എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. വികസനത്തിനൊരു വോട്ട് എന്ന മുദ്രാവാക്യവുമായി അരയും തലയും മുറുക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് എന്‍ഡിഎ പാലക്കാട്ട് നടത്തിയത്.
മഹാരാഷ്ട്രയും ഇന്ന് വിധിയെഴുതും. സംസ്ഥാനത്തെ 288 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ മഹായുതി സഖ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണിവിടെ. ഝാര്‍ഖണ്ഡിലെ 38 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
വിവിധ സംസ്ഥാനങ്ങളിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കും മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: