Kerala

കേരളത്തിലേക്ക് എട്ടിനു പകരം 20 കോച്ചുള്ള വന്ദേഭാരത് വരുന്നു

Published by

തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന എട്ടു കോച്ചുള്ള വന്ദേഭാരതിനുപകരം 20 കോച്ചുള്ളവ വരുന്നു. നിലവില്‍ ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം (20631/20632) വന്ദേഭാരതിനു പകരമാണ് പുതിയ തീവണ്ടി ഓടുക.

നിലവില്‍ റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്തുള്ള വണ്ടിയാണിത്. 100 സീറ്റുള്ള വണ്ടിയില്‍ കയറിയും ഇറങ്ങിയും 200 യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.

മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ(20631) 474 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. 20 റേക്കായാല്‍ 1246 സീറ്റിലധികം ഉണ്ടാകും. 20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതിയതായി ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്നിറങ്ങിയ രണ്ട് വന്ദേഭാരതുകള്‍ കഴിഞ്ഞദിവസം ദക്ഷിണ റെയില്‍വേക്ക് കൈമാറി.

നിലവില്‍ എട്ടു റേക്കില്‍ ഓടുന്ന തിരുവനന്തപുരം-മംഗളൂരു, തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരതുകള്‍ക്കാണ് പരിഗണന. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിലെ (20634) 1016 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. റെയില്‍വേയുടെ കണക്കനുസരിച്ച്‌ 100 ശതമാനം ഒക്കുപ്പൻസിയുള്ള 17 വണ്ടികളില്‍ ഏറ്റവും മുന്നിലാണ് ഈ വണ്ടി.

വന്ദേഭാരതിന്റെ നീലയും വെള്ളയും നിറം ഒഴിവാക്കി. ഇപ്പോള്‍ ഓറഞ്ച്, ചാരം, കറുപ്പ് എന്നിവയുടെ സംയോജനത്തോടെയുള്ള നിറത്തിലാണ് ഇറക്കുന്നത്. ഐ.സി.എഫ് റെയില്‍വേ അനുമതിയോടെ നിറംമാറ്റിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by