തിരുവനന്തപുരം: കര്‍മ്മം കാലത്തിന്റെ നിയോഗമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അതുകൊണ്ടു മാത്രമാണ് തിരിച്ചടികള്‍ അശ്വതി രേഖയ്‌ക്ക് സംതൃപ്തിയോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതും. ലോകത്തിന്റെ വിവിധ കോണുകളിലായി ആയിരക്കണക്കിന് ശിഷ്യരുള്ള യോഗാധ്യാപികയാണ് ഇന്ന് അശ്വതിരേഖ. പ്രതിസന്ധികളില്‍പ്പെട്ട ബാല്യവും വേദന നിറഞ്ഞ പരീക്ഷണങ്ങളും കരുത്താക്കി മാറ്റി യോഗ സാധനയിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറുകയായിരുന്നു.
ആത്മഹത്യയിലേക്ക് എറിഞ്ഞുകൊടുക്കാന്‍ പെറ്റമ്മയ്‌ക്ക് മനസേല്‍ക്കാത്തതിനാല്‍ ശ്രീചിത്ര പൂവര്‍ ഹോമിലേക്കെത്തപ്പെട്ട ബാല്യം. സുമനസുകളുടെ സഹായത്തോടെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെയും തിരുവനന്തപുരം സെന്‍ട്രല്‍ ഹൈസ്‌കൂളിലെയും പഠനം. തളരാത്തമനസോടെയുള്ള പഠനത്തില്‍ പത്താംതരത്തില്‍ ഡിസ്റ്റിഗ്ഷനോടടുപ്പിച്ച വിജയം. ശ്രീചിത്രയില്‍ ഒരുകുട്ടി ഇത്രയും മാര്‍ക്കുവാങ്ങുന്നത് ആദ്യമായിട്ടായിരുന്നു. തുടര്‍ന്ന് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ക്രമേണ യോഗ മാര്‍ഗത്തിലേക്ക്. നെയ്യാര്‍ഡാം ശിവാനന്ദ യോഗ വേദാന്ത ധന്വന്തരി ആശ്രമം, മധുര ശിവാനന്ദ യോഗവേദാന്ത മീനാക്ഷി ആശ്രമം എന്നിവിടങ്ങളില്‍ യോഗപഠനം. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് യോഗയില്‍ എംഎസ്‌സി, തഞ്ചാവൂര്‍ തമിഴ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫില്‍. യോഗയെക്കുറിച്ചുള്ള പഠനത്തിലൂടെ ഡോക്ടറേറ്റിനുള്ള തയ്യാറെടുപ്പിലാണ് അശ്വതി ഇപ്പോള്‍. പഠനവും സാധനയും പര്യടനവും ജീവിത വ്രതമാക്കി അശ്വതി യാത്ര തുടരുകയാണ്. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ഓസ്ട്രിയ, ജര്‍മ്മനി, ബെല്‍ജിയം….. നിരവധി രാജ്യങ്ങളില്‍ തന്നെക്കാത്തിരിക്കുന്ന ശിഷ്യപരമ്പരയുടെ ഇടയിലേക്ക്. ഇതിനിടയില്‍ വിവിധ രാജ്യങ്ങളിലെ യോഗ അധ്യാപകര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും ഉപരിപഠനം നല്‍കുന്നതിനും അശ്വതി സമയം കണ്ടെത്തുന്നു. ‘ജീവിതം മനോഹരമാണ്, അത് എങ്ങിനെ കൂടുതല്‍ സമാധാനപരവും സന്തോഷപ്രദവുമാക്കാം’ എന്ന സന്ദേശം പകരുന്നതില്‍ നിര്‍വൃതി കണ്ടെത്തുന്നു.
നിയതിയുടെ നിശ്ചയം
പ്രതീക്ഷകളെല്ലാം നശിച്ചുവെന്ന് തോന്നിയ നിമിഷത്തില്‍ നിശ്ചയിച്ചുറപ്പിച്ചുതന്നെ പറഞ്ഞതാണ് ‘അമ്മേ… നമുക്കൊന്നിച്ച് ആത്മഹത്യ ചെയ്യാം’ എന്ന്. ആ ചോദ്യത്തിനു മുന്നില്‍ ഞെട്ടിത്തരിച്ചുപോയ അമ്മ രമാമണിക്ക് അശ്വതിയെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരയാനേ കഴിഞ്ഞുള്ളു. മദ്യത്തിനും കഞ്ചാവിനും അടിമയായ എസ്എപി ക്യാമ്പിലെ പോലീസുകാരനായിരുന്നു അച്ചന്‍. പാതിരാത്രികളില്‍ ലക്കുകെട്ടെത്തി അമ്മയെയും തന്നെയും സഹോദരങ്ങളെയും തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നത് മുടങ്ങാത്ത ചടങ്ങായിരുന്നു. എല്ലാവഴികളും അടഞ്ഞപ്പോഴാണ് മക്കളെ അഭയകേന്ദ്രത്തിലേല്പിക്കാന്‍ ആ അമ്മ അന്വേഷണമാരംഭിച്ചത്. എന്നാല്‍ വൈക്കത്തുനിന്ന് വിവാഹിതയായെത്തിയ അവര്‍ക്ക് ഇവിടെ അധികം പരിചയക്കാരൊ ഉറ്റവരോ ഉടയവരോ ഇല്ലായിരുന്നു.
ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കുന്നതിനുമപ്പുറമായപ്പോള്‍ അമ്മയും മക്കളും പോലീസ് ക്വാര്‍ട്ടേഴ്‌സ് വിട്ടിറങ്ങി.
അശ്വതിയുടെ കൂടെ പഠിക്കുന്ന ചില കൂട്ടുകാരികളുടെ വീട്ടില്‍ ഒന്നും രണ്ടും ദിവസങ്ങളായി കഴിച്ചുകൂട്ടി. സ്ഥിരമായൊരിടം കിട്ടിയില്ല. ഇവരുടെ വിഷമാവസ്ഥ കണ്ടറിഞ്ഞ് ഫോര്‍ട്ട് സിഐ ആയിരുന്ന വേണുഗോപാല്‍ രേഖയെയും സഹോദരങ്ങളെയും ശ്രീചിത്ര പൂവര്‍ഹോമിലെത്തിച്ചു. മാധ്യമങ്ങളില്‍ അന്നത് വലിയ വാര്‍ത്തയായിരുന്നു. തന്റെ കഥ അച്ചടിച്ചുവന്ന, കീറിത്തുടങ്ങിയ പഴയ പത്രത്താളുകള്‍ അശ്വതി ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട്. അതേ പത്രത്തില്‍, തന്റെ കഥപറയുന്നതിന് തൊട്ടടുത്തായി ‘ശിവാനന്ദ യോഗവേദാന്ത സെന്റര്‍ ഉദ്ഘാടനം ചെയ്തു’ എന്ന വാര്‍ത്തയും ഉണ്ടായിരുന്നു. അത് നോക്കി അശ്വതി ഉരുവിടുന്നു ‘വിധി കാലേക്കൂട്ടി കരുതിവച്ച തിരക്കഥയാണ് ജീവിതം’ എന്ന്.
ജന്മദിനം അന്തര്‍ദ്ദേശീയ യോഗ ദിനം
കരഞ്ഞുകലങ്ങി കണ്ണീരുവറ്റി, കൊച്ചനുജനും കുഞ്ഞനുജത്തിക്കുമൊപ്പം അമ്മയെയും കൂട്ടി ആത്മഹത്യക്കായി ഇറങ്ങിത്തിരിച്ച ആ പതിമൂന്നുകാരിയിലേക്ക് അശ്വതി ഇപ്പോള്‍ തിരിഞ്ഞുനോക്കാറില്ല. അശ്വതി തന്റെ രണ്ട് മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം നല്‍കിയതോടൊപ്പം ശിവാനന്ദ യോഗാകേന്ദ്രത്തിലെ അധ്യാപകരുമാക്കി. താന്‍ പഠിച്ചുവളര്‍ന്ന ശ്രീചിത്രാ പൂവര്‍ഹോമില്‍ ഇപ്പോഴും കുട്ടികളെ യോഗ പഠിപ്പിക്കുന്നുണ്ട്. അവിടെ നിന്നും നാലുകുട്ടികളെ ശിവാനന്ദ യോഗകേന്ദ്രത്തിലയച്ച് യോഗാധ്യാപകരുമാക്കി. തന്റെ ജന്മദിനമായ ജൂലൈ 21 നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്റര്‍ നാഷണല്‍ യോഗ ദിനം ആയി പരിവര്‍ത്തനം ചെയ്യപ്പെട്ടതും അശ്വതിയുടെ വാക്കുകള്‍ കടമെടുത്താല്‍ ‘നിയതിയുടെ നിശ്ചയം’ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക