Kerala

മണ്ഡലകാലം; നട തുറന്ന് നാലാം ദിനം; സന്നിധാനത്ത് ഇതുവരെ എത്തിയത് 2.26 ലക്ഷം അയ്യപ്പ ഭക്തര്‍

Published by

പത്തനംതിട്ട: ഈ കഴിഞ്ഞ ശനിയാഴ്ച വൃശ്ചികം ഒന്നിനാണ് സന്നിധാനത്ത് മണ്ഡലകാലത്തിന് തുടക്കമായത്. സന്നിധാനത്ത് നട തുറന്ന് നാല് ദിവസത്തിനുള്ളില്‍ ശബരിമലയില്‍ എത്തിയത് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണെന്നാണ് കണക്കുകള്‍. ഇന്നലെ വരെയുള്ള വിവരങ്ങള്‍ പ്രകാരം 2.26 ലക്ഷം അയ്യപ്പ ഭക്തരാണ് സന്നിധാനത്ത് അയ്യനെ കണ്ട് വണങ്ങാനെത്തിയത്. ഇന്നലെ മാത്രം ദര്‍ശനം നടത്തിയത് 73000 ഭക്തരെന്നും കണക്കുകള്‍. രാത്രിവരെയുള്ള കണക്കുകള്‍ അനുസരിച്ചാണിത്. പുലര്‍ച്ചെ 3ന് നട തുറക്കുമ്പോള്‍ മിനിറ്റില്‍ 80 പേരെ വീതം പതിനെട്ടാംപടി കയറ്റുന്നുണ്ട് . സോപാനത്തിനു മുന്‍പിലെത്തി തൊഴുതശേഷം മുന്നോട്ടു നീങ്ങുന്ന ഭക്തരുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ എതിര്‍ ദിശയിലെത്തി ആരെയും ദര്‍ശനത്തിനനുവദിക്കില്ല.

വി.ഐ.പി.കള്‍ അടക്കമുള്ളവരെ ശ്രീകോവിലിന്റെ പിന്നിലെ മുറ്റം വഴി എത്തിച്ച് ഭക്തരുടെ നിരയ്‌ക്ക് സമാന്തരമായി മാത്രമേ ദര്‍ശന സൗകര്യമൊരുക്കുകയുള്ളൂ. അതേസമയം ഇന്നലെ 7000 കുട്ടികള്‍ ദര്‍ശനം നടത്തി. 45 പോലീസുകാരെയാണ് പതിനെട്ടാംപടിയില്‍ ഭക്തരെ പടി ചവിട്ടാന്‍ സഹായിക്കുന്നതിനായി നിയോഗിച്ചിട്ടുള്ളത്. ഓരോ 15 മിനിറ്റിലും ഇവരെ മാറ്റിക്കൊണ്ടിരിക്കും. വൃശ്ചികം 12നു ശേഷം തിരക്കു വര്‍ധിക്കുമെന്നാണു ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. തീര്‍ഥാടകരുടെ യാത്രയ്‌ക്കായി കെഎസ്ആര്‍ടിസി പമ്പയില്‍ 383 ബസുകള്‍ എത്തിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by