ന്യൂഡല്‍ഹി: ഭഗവദ് ഗീതയിലെ 700ഓളം ശ്ലോകങ്ങള്‍ 84,426 ചിത്രങ്ങളിലൂടെ പുന:സൃഷ്ടിച്ച് റെക്കോര്‍ഡിട്ട് 12കാരന്‍. മംഗളുരുവിലെ സ്വരൂപ അധ്യായന്‍ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിയായ പ്രസന്നകുമാര്‍ ഡിപിയാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ഭഗവദ് ഗീതയിലെ 700 ശ്ലോകങ്ങളും ഈ അധ്യായന കേന്ദ്രം വികസിപ്പിച്ചെടുത്ത ചിത്രഭാഷയില്‍ എഴുതിയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ (ഐബിആര്‍) പ്രസന്നകുമാര്‍ ഇടം നേടിയത്.
ഭഗവദ്ഗീതയിലെ ഓരോ വാക്കും പ്രതിനിധീകരിക്കാന്‍ 84,426 പ്രത്യേകതരം ചിത്രങ്ങളാണ് ഈ 12കാരന്‍ സൃഷ്ടിച്ചത്. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഹോളഹോന്നൂര്‍ സ്വദേശികളായ പമ്പാപതിയുടെയും നന്ദിനിയുടെയും മകനാണ് പ്രസന്നകുമാര്‍. ശിവമോഗയിലെ രാഷ്‌ട്രോത്തന്‍ വിദ്യാലയത്തിലെ പഠനത്തിന് ശേഷമാണ് പ്രസന്നകുമാര്‍ സ്വരൂപ അധ്യായന കേന്ദ്രത്തിലേക്ക് എത്തിയത്.
രണ്ടരമാസം രാവും പകലുമില്ലാതെ അധ്വാനിച്ച ഈ 12കാരന്‍ 1400 വരികള്‍ ഹാര്‍ഡ്‌ബോര്‍ഡ് ഷീറ്റുകളില്‍ ചിത്രീകരിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പ്രസന്നകുമാറിന്റെ ഈ സൃഷ്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.
ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ 84,426 ചിത്രങ്ങളിലൂടെ പ്രസന്നകുമാര്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു. പ്രസന്നകുമാറിന്റെ ഏകാഗ്രതയും കഴിവും മാത്രമല്ല ഈ നേട്ടത്തിലൂടെ വെളിവാകുന്നത്. സ്വരൂപ അധ്യായന കേന്ദ്രത്തിലെ നൂതന പഠനരീതികളും ഇതിലൂടെ പ്രശസ്തിയിലേക്ക് കുതിക്കുകയാണ്.
അതേസമയം ഈ യാത്രയില്‍ സ്വരൂപ അധ്യായന കേന്ദ്രം തനിക്ക് എല്ലാ പിന്തുണയും നല്‍കി. എല്ലാ മനപാഠമാക്കാനുള്ള കരുത്ത് നല്‍കിയ അധ്യായന കേന്ദ്രം എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഏകാഗ്രതയോടെ പ്രവര്‍ത്തിക്കാനും എനിക്ക് സാധിച്ചു. പ്രസന്നകുമാര്‍ പറഞ്ഞു.
സ്വരൂപ അധ്യായന കേന്ദ്രം വികസിപ്പിച്ചെടുത്ത പ്രത്യേകതരം ചിത്രഭാഷ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുണ്ടെന്ന് അധ്യായന കേന്ദ്രത്തിന്റെ സ്ഥാപകനായ ഗോപദ്കര്‍ പറഞ്ഞു. ‘ഏത് വിഷയവും മനപാഠമാക്കാന്‍ ഈ ചിത്രഭാഷ സഹായിക്കുന്നു. വിവിധ വിഷയങ്ങളിലെ നോട്ടുകള്‍ ഹൃദിസ്ഥമാക്കാനും ചിത്രഭാഷയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു,’ എന്ന് അദ്ദേഹം പറഞ്ഞു.
സ്വരൂപ അധ്യായന കേന്ദ്രം ഒരു കലാപഠന കേന്ദ്രം മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളിലെ കലാപരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും കേന്ദ്രം ശ്രദ്ധ പതിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക