ലഖ്നൗ: സിനിമ വിനോദത്തിനൊപ്പം സംസ്‌കാരത്തിനുംസമൂഹത്തിനും ഹിതകരമായത് കൂടിയാവണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ പ്രചാര്‍ പ്രമുഖ് നരേന്ദ്രകുമാര്‍. സമാജിക പുരോഗതിക്ക് വിഘാതമാകുന്ന ഘടകങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുന്നത് നിയന്ത്രിക്കാന്‍ സംവിധാനം വേണം. ഒടിടി പ്ലാറ്റ്‌ഫോമില്‍ നിയമപരമായ നിരീക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ലഖ്‌നൗ ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ യൂണിവേഴ്സിറ്റിയിലെ അടല്‍ ബിഹാരി വാജ്പേയ് ഓഡിറ്റോറിയത്തില്‍ നടന്ന ദ്വിദിന അവധ് ചിത്ര സാധന ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.
സിനിമകള്‍ ആളുകളെ പ്രചോദിപ്പിക്കാനും സാമൂഹിക ജീവിതത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാനും കഴിയുംവിധം വ്യക്തികളെ സ്വാധീനിക്കുന്നതാവണം. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ സിനിമ വലിയ സംഭാവന നല്കിയിട്ടുണ്ട്. യുവാക്കളെ സ്വാതന്ത്ര്യത്തിനായി പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അക്കാലത്ത് സിനിമകള്‍ ചെയ്തിരുന്നത്. അതോടൊപ്പം സാമൂഹിക തിന്മകളെ തുടച്ചുനീക്കുന്നതിലും സിനിമകള്‍ പ്രധാന പങ്കുവഹിച്ചു.
എല്ലാവര്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. ആളുകള്‍ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശവുമുണ്ട്. എന്നാല്‍ സമൂഹത്തിന്റെ ഭാഗമാണെന്നും സമൂഹത്തിന് വേണ്ടിയാണെന്നുമുള്ള ഭാവത്തോടെയാകണം ഉള്ളടക്കം തയാറാക്കേണ്ടത്, നരേന്ദ്രകുമാര്‍ പറഞ്ഞു.
ഇന്ന് നല്ല സിനിമകള്‍ ധാരാളം പുറത്തുവരുന്നുണ്ട് യുവാക്കള്‍ അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. നല്ല ഉള്ളടക്കമില്ലാത്ത സിനിമയെക്കുറിച്ചും നമ്മള്‍ പറയണം. സിനിമാ നിര്‍മാണത്തില്‍ ഭാരതീയ കാഴ്ചപ്പാട് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ കാഴ്ചപ്പാടില്‍ സിനിമ സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. ദേവര്‍ഷി നാരദന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവ് എന്നതുപോലെ ദാദാസാഹിബ് ഫാല്‍ക്കെ ആയിരുന്നു ആദ്യത്തെ ഭാരതീയ ചലച്ചിത്ര നിര്‍മാതാവ്. അദ്ദേഹം ആദ്യമായി നിര്‍മിച്ച ചിത്രം രാജാ ഹരിശ്ചന്ദ്രയാണ്. സത്യത്തിന്റെ മൂര്‍ത്തിയായിരുന്നു ഹരിശ്ചന്ദ്രന്‍. ഭാരതീയ സംസ്‌കാരത്തിനും രാഷ്‌ട്രത്തിനും വേണ്ടി സ്വന്തം കുടുംബത്തെയും സ്വയം ത്യജിക്കേണ്ടി വന്നാലും പിന്നോട്ട് പോകരുതെന്ന പാഠമാണ് ഈ സിനിമ നല്കിയത്, അദ്ദേഹം പറഞ്ഞു.
നല്ല സിനിമകള്‍ക്ക് ഗവേഷണാടിസ്ഥാനത്തിലുള്ള എഴുത്ത് ഉണ്ടാകണമെന്നും ചലച്ചിത്രനിര്‍മാണത്തില്‍ ഗവേഷണത്തിനും എഴുത്തിനും ഏറെ പ്രാധാന്യമുണ്ടെന്നും വിശിഷ്ടാതിഥിയായ ചലച്ചിത്ര നിര്‍മാതാവ് അതുല്‍ പാണ്ഡെ പറഞ്ഞു.
ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എന്‍.എം.പി. വര്‍മ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അവധ് ചിത്ര സാധനയുടെ അധ്യക്ഷന്‍ ഡോ. ഗോവിന്ദ് പാണ്ഡെ ചലച്ചിത്രമേളയില്‍ അവതരിപ്പിച്ച ചിത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു. ലഖ്നൗവിലെ ബാബാ സാഹിബ് ഭീംറാവു അംബേദ്കര്‍ യൂണിവേഴ്സിറ്റിയിലെ അവധ് ചിത്ര സാധനയുടെയും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് രണ്ട് ദിവസത്തെ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: