Kerala

കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടിൽ: കെ.സുരേന്ദ്രൻ

Published by

പാലക്കാട്:  കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട് തങ്ങളെ കണ്ട് വണങ്ങേണ്ട ഗതികേടിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാണക്കാട് എത്തി അനുഗ്രഹം വാങ്ങിയാൽ മാത്രമേ കോൺഗ്രസിൽ പ്രവർത്തിക്കാനാവുകയുള്ളൂവെന്നതാണ് അവസ്ഥ. എന്തുകൊണ്ടാണ് മറ്റ് മത സാമുദായിക ആചാര്യൻമാരെ നവാഗതർ കാണാത്തത്?
എന്തുകൊണ്ടാണ് തട്ടിൽ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരൻ നായരെയോ പുന്നലയേയും കാണാത്തത്? എന്തുകൊണ്ടാണ് ഓർത്തഡോക്സ്, യാക്കോബായ, ലത്തീൻ വിഭാഗങ്ങളെ കാണാത്തത്? എന്തുകൊണ്ടാണ് വിശ്വകർമ്മ നേതാക്കളെയോ മൂത്താൻ സമുദായ നേതാക്കളെയോ കാണാത്തത്? ചെട്ടി സമുദായത്തെയോ തേവർ സമുദായത്തെയോ കാണാൻ ആരും എന്താണ് പോവാത്തത്? കത്തോലിക്കാ സഭയുമായി നല്ല ബന്ധമുള്ള ഘടകക്ഷി നേതാവ് പിജെ ജോസഫിനെ പോലും കാണാൻ പോവാത്തത് എന്താണ്?
ഇവരെയൊന്നും പരിഗണിക്കണ്ടെന്നാണോ കോൺഗ്രസിന്റെ നിലപാടെന്നും  നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.

വിഡി സതീശനും സംഘവും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്? പോപ്പുലർ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രം മതി തിരഞ്ഞെടുപ്പ് ജയിക്കാൻ എന്നാണ് വിഡി സതീശൻ വിചാരിക്കുന്നത്. ലജ്ജാകരമായ സ്ഥിതിയിലേക്ക് കോൺഗ്രസ് എത്തി. പാലക്കാട് നടക്കുന്ന കാര്യങ്ങൾ മുരളീധരനും തങ്കപ്പനും ഒന്നും അറിയില്ലെന്നാണ് പറയുന്നത്. കോൺഗ്രസ് ഒരു വിഭാഗത്തിന്റെത് മാത്രമായി മാറിക്കഴിഞ്ഞു. വിഡി സതീശനും ഷാഫി പറമ്പിലും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയിൽ കൊണ്ട് കെട്ടിയിരിക്കുകയാണ്. എസ്ഡിപിഐയുടെ നോട്ടീസും കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്താൻ സതീശന് നാണമില്ലേ? പിഡിപിയുമായി ചേർന്ന് പ്രചരണം നടത്തുകയാണ് എൽഡിഎഫ് ചെയ്യുന്നത്. ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടാൻ വർഗീയത പ്രചരിപ്പിക്കുമ്പോൾ ബാക്കിയുള്ള 77% ജനങ്ങൾക്ക് ഒരു വിലയുമില്ലേ?

മുനമ്പം വഖഫ് ഭൂമിയായി പ്രഖ്യാപിക്കണമെന്നാണ് മുസ്ലിം സംഘടനകൾ പറയുന്നത്. ഇതിനെ കുറിച്ച് എന്താണ് കോൺഗ്രസും ഇടതുപക്ഷവും നിലപാട് വ്യക്തമാക്കാത്തത്? പാലക്കാട് ഒരു ജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയാണ് കോൺഗ്രസ്. ഇതിനെതിരെയുള്ള ജനവിധിയായിരിക്കും ഇത്തവണയുണ്ടാകുകയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: K Surendran