പാലക്കാട് : ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. മറ്റന്നാളാണ് വോട്ടെടുപ്പ്.
പാലക്കാട് സ്‌റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം. എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന് വേണ്ടി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും കൃഷ്ണദാസും ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെളളാപ്പളളിയും കളത്തിലിറങ്ങി.യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ബി ജെ പി വിട്ട സന്ദീപ് വാര്യരും രമേശ് പിഷാരടിയും അണിനിരന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിനു വേണ്ടി മന്ത്രി എംബി രാജേഷും എത്തി.
ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് സര്‍വസന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികള്‍ കളം നിറഞ്ഞത്. മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ താളത്തിനൊപ്പം നൃത്തം ചവിട്ടിയും പതാകകള്‍ പാറിച്ചും കൊട്ടിക്കലാശം കൊഴുപ്പിച്ചു.ധാരാളം വനിതാ പ്രവര്‍ത്തകരും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.
ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജംഗ്ഷനില്‍ നിന്നുമാണ് ആരംഭിച്ചത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഒലവക്കോട് നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ റോഡ്‌ഷോ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നുമാണ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക