ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന നടത്തിയ സൈനിക ഓപ്പറേഷനിടെ ഒരു തീവ്രവാദി പിടിയിൽ. കുൽഗാം ജില്ലയിലെ നാഗനാട് സ്വദേശി ഷൗക്കത്ത് അഹമ്മദ് ഭട്ടിനെയാണ് ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ ബാഗ് സഹിതം പിടികൂടിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ബാരാമുള്ള ജില്ലയിലെ ജാൻബാസ്പോറ ബിന്നർ റോഡിന് സമീപമുള്ള പ്രദേശങ്ങളിൽ സൈന്യം , സിആർപിഎഫ്, ബാരാമുള്ള പോലീസിന്റെ എസ്ഒജി എന്നിവർ ചേർന്ന് സംയുക്ത തിരച്ചിൽ നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് കുൽഗാം സ്വദേശിയായ ഭീകരൻ പിടിയിലാകുന്നത്.
ഇയാളിൽ നിന്ന് ഒരു എകെ 47 റൈഫിൾ, ഒരു എകെ മാഗസിൻ, 20 വെടിയുണ്ടകൾ എന്നിവയും കണ്ടെടുത്ത ആയുധങ്ങളിൽ ഉൾപ്പെടുന്നു. ഇയാൾ ഭട്ട് ഹഞ്ജൻ ബെഹിബാഗിൽ ഇമാമായി സേവനമനുഷ്ഠിക്കുകയായിരുന്നെന്നും 2024 നവംബർ 10 മുതൽ കാണാതായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ പ്രദേശത്ത് മറ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് പ്രചോദിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതായി സംശയമുണ്ടെന്ന് സൈന്യം പറഞ്ഞു.
അതിനിടെ ഷോപിയാൻ ജില്ലയിലെ കെല്ലർ മേഖലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ തീവ്രവാദികളുടെ ഒളിത്താവളം തകർത്തു. ബുജ്ബ്രോഡ് പെഹ്ലി പോറയിലാണ് ഒളിത്താവളം തകർത്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പാചക പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും ഒളിത്താവളത്തിൽ നിന്ന് കണ്ടെടുത്തു. കെല്ലർ ഏരിയയിലെ പഹ്ലിപോറ, ഹീർപോറ, പദ്പവാൻ, ബോഹ്രിഹാലൻ, ഡൊണാഡൂ എന്നിവിടങ്ങളിലാണ് ഓപ്പറേഷൻ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: