ജമ്മു : വ്യാജ ലൈസൻസ് ഉപയോഗിച്ച് ആയുധങ്ങൾ കൈവശം വച്ചതിനും മഹാരാഷ്‌ട്രയിലെ വിവിധ നഗരങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളായി ജോലിയിൽ പ്രവേശിച്ച സംഭവത്തിലുമായി ഒമ്പത് കശ്മീരി യുവാക്കൾ അറസ്റ്റിൽ. കശ്മീരിലെ രജൗരിയിൽ നിന്നുള്ള ഒമ്പത് പേരെ മഹാരാഷ്‌ട്ര പോലീസ് മിലിട്ടറി ഇൻ്റലിജൻസും ആർമിയും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് ഒമ്പത് 12 ബോർ റൈഫിളുകളും 58 ബുള്ളറ്റുകളും കണ്ടെടുത്തിട്ടുണ്ട്. ജമ്മു മേഖലയിലെ രജൗരി ജില്ലയിൽ നിന്നുള്ള ചിലർ വ്യാജ ലൈസൻസിന്റെ അടിസ്ഥാനത്തിൽ ജോലി നേടിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്‌ട്രയിലെ അഹല്യനഗർ പോലീസ്, സതേൺ കമാൻഡ്, മിലിട്ടറി ഇൻ്റലിജൻസ് എന്നിവയുടെ സംയുക്ത ഓപ്പറേഷനിലാണ് അറസ്റ്റ് നടന്നത്.
ഷബ്ബീർ മുഹമ്മദ് ഗുജ്ജാർ , മുഹമ്മദ് സലിം, മുഹമ്മദ് സഫ്രാസ്, ജഹാംഗീർ സാക്കിർ, ഷഹബാസ് അഹമ്മദ്, സുർജീത് രമേഷ്ചന്ദ്ര സിംഗ്, അബ്ദുൾ റഷീദ് ചിദിയ, തുഫൈൽ അഹമ്മദ്, ഷേർ അഹമ്മദ് ഗുലാം ഹസ്സൻ എന്നിവരാണ് അറസ്റ്റിലായവർ.
ഇവരുടെ ആയുധ ലൈസൻസുകളുടെ ആധികാരികത പരിശോധിക്കാൻ മഹാരാഷ്‌ട്ര പോലീസ് ജമ്മു കശ്മീർ അധികൃതർക്ക് കത്തുകൾ അയച്ചിരുന്നു. അതിൽ അവ വ്യാജമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ റെയ്ഡുകൾ നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ഈ സമയം ഇവർ അഹല്യനഗറിലെ ശ്രീഗോണ്ട, ഛത്രപതി സംഭാജിനഗർ, പൂനെ തുടങ്ങിയ സ്ഥലങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളായി ജോലി ചെയ്യുകയായിരുന്നു. തുടർന്ന് ആയുധ നിയമപ്രകാരം തോഫ്ഖാന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും റാക്കറ്റിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയും ചെയ്തു.
നേരത്തെ ജമ്മു കശ്മീരിൽ നിർമ്മിച്ച നിരവധി വ്യാജ ആയുധ ലൈസൻസുകൾ രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സെക്യൂരിറ്റി ഏജൻസികളിൽ നിന്നും കണ്ടെടുത്തിരുന്നു. സിബിഐ ആയിരുന്നു അന്ന് കേസ് അന്വേഷിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക