കൊച്ചി: പോലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി സന്തോഷ് ശെല്‍വന്‍ കുറുവ സംഘത്തില്‍പ്പെട്ട ആളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒപ്പം പിടികൂടിയ മണികണ്ഠന്‍ മോഷ്ടാവാണെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. ഇയാളുടെ പശ്ചാത്തലം പോലീസ് പരിശോധിക്കുകയാണ്. സന്തോഷിനെതിരെ തമിഴ്‌നാട്ടില്‍ 18 കേസുകളുണ്ട്. കേരളത്തില്‍ എട്ടു കേസുകളും. തമിഴ്‌നാട്ടില്‍ മൂന്നു മാസം ജയിലിലായിരുന്നു. കേരള പോലീസ് കൈമാറിയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച തമിഴ്‌നാട് പോലീസാണ് സന്തോഷാണ് ആലപ്പുഴയില്‍ മോഷണം നടത്തിയതെന്ന് ഉറപ്പിച്ചത്.
തമിഴ്നാട് കുറുവ സ്വദേശിയാണ് സന്തോഷ്. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് പിടികൂടിയ ഇയാള്‍ കുണ്ടന്നൂരില്‍വെച്ച് പോലീസ് സംഘത്തെ വെട്ടിച്ച് ചാടിപ്പോയെങ്കിലും നാല് മണിക്കൂറിലേറെ തെരച്ചിലിനൊടുവില്‍ കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പോലീസ് പിടികൂടി.
നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാന്‍ സഹായിച്ചത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ നെഞ്ചില്‍ പച്ചകുത്തിയത് തിരിച്ചറിഞ്ഞു. തമിഴ്‌നാട് പോലീസ് നല്‍കിയ കുറുവ സംഘത്തിലെ ക്രിമിനലുകളുടെ ഫോട്ടോകളിലും പച്ചകുത്തിയ ഒരാളിന്റെ ഫോട്ടോയുണ്ടായിരുന്നു. പാല, ചങ്ങനാശേരി, പൊന്‍കുന്നം എന്നിവിടങ്ങളില്‍ സന്തോഷിനെതിരെ കേസുണ്ട്.
കുട്ടവഞ്ചിയില്‍ മീന്‍പിടിക്കുന്നവരെന്ന വ്യാജേനയാണ് കുറുവ മോഷണ സംഘം പല സ്ഥലങ്ങളിലും താമസിക്കുന്നത്. കുടുംബ സമേതമാണ് കുറുവ സംഘം കേരളത്തിലെത്തിയത്. 14 പേരാണ് മോഷണ സംഘത്തിലുള്ളത്. മൂന്നു പേരെയാണ് തിരിച്ചറിഞ്ഞത്.
വടക്കന്‍ പറവൂര്‍ ചേന്ദമംഗലത്ത് എത്തിയതും കുറുവ സംഘമെന്ന സംശയം ഉയരുന്നു. അറസ്റ്റിലായ സന്തോഷ് ആക്രി പെറുക്കാനെന്ന പേരില്‍ പറവൂരില്‍ എത്തിയിരുന്നതായി പോലീസിന് സൂചന ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: