Categories: News

യുവേഫ നേഷന്‍സ് ലീഗ്: വമ്പന്‍ ജയവുമായി ജര്‍മനി, ഡച്ച്

Published by

ഫ്രെയ്ബര്‍ഗ്: യുവേഫ നേഷന്‍സ് ലീഗില്‍ വമ്പന്‍ ജയവുമായി വമ്പന്‍മാരായ ജര്‍മനിയും നെതര്‍ലന്‍ഡ്‌സും. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട ടീമുകളാണ് രണ്ടും. ജര്‍മനി ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് നിഷ്പ്രഭരാക്കിയപ്പോള്‍ നെതര്‍ലന്‍ഡ്‌സ് കരുത്തരായ ഹംഗറിയെ 4-0ന് കീഴ്‌പ്പെടുത്തി.

ദുര്‍ബലരായ ബോസ്‌നിയ ഹെര്‍സെഗോവിനയ്‌ക്കെതിരെ കളിയുടെ തുടക്കം മുതലേ ജര്‍മനി സ്‌കോര്‍ ചെയ്തു തുടങ്ങി. അടിമുടി ആധിപത്യം ജര്‍മനിക്കായിരുന്നു. ചില മുന്നേറ്റങ്ങള്‍ എതിരാളികള്‍ നടത്തിയെങ്കിലും ജര്‍മനിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഒരു ഘട്ടത്തിലും അവര്‍ക്ക് സാധിച്ചില്ല. രണ്ടാം മിനിറ്റില്‍ ജമാല്‍ മുസിയാലയുടെ ഹെഡ്ഡര്‍ ഗോളോടെ ആഘോഷം തുടങ്ങിയ ജര്‍മനി ആദ്യപകുതി പിരിയും മുമ്പേ മൂന്ന് ഗോളുകള്‍ നേടി. ഇരട്ടഗോള്‍ നേടിയ ടിം ക്ലെയിന്‍ഡിയെന്‍സ്റ്റ് 23-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ സമ്മാനിച്ചു. 14 മിനിറ്റുകള്‍ കൂടി കഴിഞ്ഞപ്പോള്‍ സൂപ്പര്‍ താരം കായി ഹാവേര്‍ട്‌സ് ജര്‍മന്‍ സ്‌കോര്‍ 3-0 ആയി ഉയര്‍ത്തി.

രണ്ടാം പകുതിയില്‍ ഫ്‌ളോറിയന്‍ വിര്‍ട്‌സിന്റെ ആദ്യ ഗോളോടെയാണ് ജര്‍മന്‍പട സ്‌കോറിങ് തുടങ്ങിയത്. ഏഴ് മിനിറ്റിന് ശേഷം താരം ഇരട്ടഗോള്‍ തികച്ച് ജര്‍മന്‍ സ്‌കോര്‍ അഞ്ചാക്കി. 66-ാം മിനിറ്റില്‍ മറ്റൊരു പ്രധാന താരം ലെറോയ് സാനെയും ജര്‍മന്‍ ലീഡ് ഉയര്‍ത്തി. 79 മിനിറ്റുകളായപ്പോള്‍ ക്ലെയിന്‍ഡിയെന്‍സ്റ്റ് ഇരട്ടഗോള്‍ തികച്ച് ക്വാട്ട പൂര്‍ത്തിയാക്കി.

ഹംഗറിക്കെതിരെ രണ്ട് പകുതിയിലും രണ്ട് വീതം ഗോളുകള്‍ നേടിയാണ് നെതര്‍ലന്‍ഡ്‌സ് വിജയിച്ചത്. ആദ്യ പകുതിയിലെ രണ്ടുഗോളും പെനാല്‍റ്റിയിലൂടെയാണ് കണ്ടെത്തിയത്. 21-ാം മിനിറ്റില്‍ വൗട്ട് വെഗോഴ്‌സ്റ്റും ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പ് കോഡി ഗാക്‌പോയും. 64-ാം മിനിറ്റില്‍ ഡെന്‍സെല്‍ ഡംഫ്രീസ് വകയായിരുന്നു മൂന്നാം ഗോള്‍. 85-ാം മിനിറ്റില്‍ ട്വെന്‍ കൂപ്‌മെയ്‌നേഴ്‌സ് നാലാം ഗോളും അടിച്ചു.
ഗ്രൂപ്പ് മൂന്നില്‍ ജര്‍മനിക്ക് പിന്നില്‍ രണ്ടാമതാണ് നെതര്‍ലന്‍ഡ്‌സ്. അഞ്ച് കളികളില്‍ നിന്ന് എട്ട് പോയിന്റാണുള്ളത്. തോല്‍വി അറിയാത്ത ജര്‍മനി 3 പോയിന്റ് നേടി ഒന്നാമതാണ്.

ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ സ്വീഡന്‍ സ്ലൊവാക്യയെ 2-1ന് തോല്‍പ്പിച്ചു. അല്‍ബേനിയ-ഷീസിയ പോരാട്ടം ഗോളില്ലാ സമനിലയില്‍ തീര്‍ന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by