ഇംഫാല്‍: മണിപ്പൂരില്‍ കുക്കി ഭീകരരുടെ അക്രമം വ്യാപിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി ദല്‍ഹിയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടികാഴ്ചകള്ക്കുശേഷം സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിനോട് മണിപ്പൂരിലേക്ക് പോകുവാന്‍ അദ്ദേഹം നിര്‍ദേശം നല്കി. നേരത്തെ കൂടുതല്‍ കേന്ദ്രസേനയെ സംഘര്‍ഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിരുന്നു.
മണിപ്പുരിലെ ജിരിബാമില്‍ മെയ്തി വിഭാഗത്തില്‍പ്പെട്ട ആറു സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി കുക്കി ഭീകരര്‍ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം വ്യാപകമായത്. കാണാതായവരുടെ മൃതദേഹങ്ങള്‍ നദിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ആയിരക്കണക്കിന് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ശനിയാഴ്ച രാത്രി ഇംഫാലിലെ വിവിധ ജില്ലകളില്‍ രോഷാകുലരായ ജനക്കൂട്ടം വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ കുടുംബ വീടിനുനേരെ ആക്രമണമുണ്ടായി. ആ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല. മന്ത്രിമാരായ സപം രഞ്ജന്റെയും എല്‍.സുശീന്ദ്റോ സിങ്ങിന്റെയും വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ മരുമകന് രാജ്കുമാര് ഇമോ സിങ്, രഘുമണി സിങ്, സപം കുഞ്ഞകേശ്വര് എന്നിവരുള്‍പ്പെടെയുള്ള ബിജെപി എംഎല്‍എമാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. സ്വതന്ത്ര എംഎല്‍എ സപം നിഷികാന്തയുടെ വീടിന് നേരെയും ആക്രമണമുണ്ടായി.
ഇതിനിടയില്‍ അക്രമമേഖലകളില് സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് റദ്ദാക്കുകയും ചെയ്തു. സ്കൂളുകളും കോളജുകളും മാര്‍ക്കറ്റുകളും അടച്ചിരിക്കുകയാണ്. ഏഴ് ജില്ലകളില്‍ അഫ്സ്പ പുന:സ്ഥാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പുന:പരിശോധിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: