India

ഭാരതത്തിന്റെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം; സൈന്യത്തിന് കരുത്തേകുന്ന സുപ്രധാന നേട്ടത്തെ കുറിച്ച് കൂടുതല്‍ അറിയാം…

Published by

ഇന്ത്യയുടെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരമെന്ന് ഡിആര്‍ഡിഒ. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. 1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് ശത്രുക്കള്‍ക്ക് നാശം വിതയ്‌ക്കാനുള്ള കരുത്ത് ഈ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിനുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇന്ത്യന്‍ സൈന്യത്തിനായി ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും തദ്ദേശീയമായാണ് മിസൈലിന്റെ നിര്‍മ്മാണം. ഇതോടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു.

സൈന്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍. മറ്റ് ഡിആര്‍ഡിഒ ലബോററ്ററികളുടെയും വ്യവസായ പങ്കാളികളുടെയും സഹകരണത്തോടെ ഹൈദരാബാദിലെ ഡോ. എപിജെ അബ്ദുള്‍ കലാം മിസൈല്‍ കോപ്ലംക്സിലാണ് ഇത് നിര്‍മിച്ചത്. മുതിര്‍ന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിന്റെ ആദ്യ പരീക്ഷണം ഇന്ത്യ നടത്തിയത്. ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിലൂടെ ഇന്ത്യ സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു.

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ കൈവരിച്ചിരിക്കുന്നത്. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കാകും. മണിക്കൂറില്‍ 6,125 കിലോമീറ്റര്‍ മുതല്‍ 24,140 കിലോമീറ്റര്‍ വരെ ഈ മിസൈലുകള്‍ക്ക് വേഗം കൈവരിക്കാമെന്നതിനാല്‍ എതിരാളികള്‍ക്ക് തിരിച്ചറിയാനും തടയാനും പ്രയാസമാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: indiamissile