ബൊക്കാറോ : ജെഎംഎം സർക്കാർ ജാർഖണ്ഡിലെ മദ്രസകളിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുകയും ആധാർ, വോട്ടർ ഐഡി കാർഡ്, ഗ്യാസ് കണക്ഷൻ, റേഷൻ കാർഡ്, ഭൂമി എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ രംഗത്ത്. ബൊക്കാറോ ജില്ലയിലെ ഗോമിയയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് ഇപ്പോൾ ഒരു ഇൻ്റലിജൻസ് റിപ്പോർട്ട് ലഭിച്ചു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് ഇവിടെ മദ്രസകളിൽ അഭയം നൽകുന്നുണ്ടെന്ന് അതിൽ പറയുന്നു. അവരുടെ ആധാർ, വോട്ടർ ഐഡി, ഗ്യാസ് കണക്ഷൻ, റേഷൻ കാർഡ് എന്നിവ സുഗമമാക്കുകയും ഹേമന്ത് സോറൻ സർക്കാർ അവർക്ക് ഭൂമി ഉറപ്പാക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടിലുളളതെന്ന് നദ്ദ പറഞ്ഞു.
കൂടാതെ ഹേമന്ത് സോറൻ ജാർഖണ്ഡിലെ ‘ജൽ, ജംഗിൾ, ജമീൻ’ ( ജലം , വനം , ഭൂമി ) കൊള്ളയടിച്ചു. ഇവിടെ നുഴഞ്ഞുകയറ്റം വ്യാപകമാണ്. നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇത്തരക്കാരുടെ സന്തതികളെ ഭൂമിയിൽ നിന്ന് വിലക്കുന്നുവെന്ന് ഉറപ്പാക്കാൻ തങ്ങൾ ഒരു നിയമം കൊണ്ടുവരും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് മാത്രമേ നുഴഞ്ഞുകയറ്റം തടയാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഴുവൻ ജെഎംഎം- ആർജെഡി- കോൺഗ്രസിനെയും അഴിമതിക്കാരായ നേതാക്കളുടെ ‘കുംബ’ (കുടുംബം) എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇൻഡി ബ്ലോക്ക് നേതാക്കൾ ഒന്നുകിൽ ജയിലിലോ ജാമ്യത്തിലോ ആണെന്നും പറഞ്ഞു.
ജാമ്യത്തിലിറങ്ങിയ ഹേമന്ത് സോറൻ വീണ്ടും ജയിലിൽ പോകും. 5,000 കോടി രൂപയുടെ ഖനന അഴിമതിയിലും 236 കോടിയുടെ ഭൂമി കുംഭകോണത്തിലും മറ്റ് നിരവധി കുംഭകോണങ്ങളിലും അദ്ദേഹം പങ്കാളിയാണെന്നും നദ്ദ ആരോപിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഒബിസികളുടെ ചാമ്പ്യനാണെന്ന് പറയുന്നു എന്നാൽ രാജീവ് ഗാന്ധി ഫൗണ്ടേഷനിലും ദേശീയ ഉപദേശക സമിതിയിലും എത്ര ഒബിസി അംഗങ്ങൾ ഉണ്ടെന്ന് നദ്ദ ചോദിച്ചു.
കൂടാതെ ഹേമന്ത് സോറൻ സർക്കാർ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം പിന്തുടരുകയും ജനങ്ങൾക്കിടയിൽ അശാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോൾ അവരെ പുറത്തുകടത്താനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: