നാഗ്പൂർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആരും ഗൗരവമായി കാണേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രാഹുലിനെ പരിഹസിച്ചത്.
രാഹുൽ ഗാന്ധി സംസാരിക്കുന്ന രീതി കാരണം ആരും അദ്ദേഹത്തെ ഗൗരവമായി എടുക്കുന്നില്ല. ആളുകൾ അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഗൗരവമായി കാണേണ്ടതില്ലെന്നും ഗഡ്കരി അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലെ ജനങ്ങൾ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൽ വിശ്വാസം അർപ്പിക്കുമെന്നു അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെപ്പോലെ ഓർമ്മക്കുറവ് അനുഭവിക്കുന്നയാളാണ് മോദി എന്ന ഗാന്ധിയുടെ ആരോപണങ്ങളിൽ കോൺഗ്രസ് നേതാവ് നിരുത്തരവാദപരമായാണ് സംസാരിക്കുന്നതെന്ന് ഗഡ്കരി പറഞ്ഞു.
കൂടാതെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ഇൻഡി സഖ്യം വലിയ തോതിൽ ആശയക്കുഴപ്പത്തിലാക്കിയതായി ഗഡ്കരി പറഞ്ഞു. തങ്ങൾ 400-ലധികം സീറ്റുകൾ നേടിയാൽ ഡോ. ബാബാസാഹെബ് അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് അവർ കുപ്രചരണം നടത്തിയെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
എന്നാൽ ഭരണഘടന മാറ്റുന്ന പ്രശ്നമില്ല. ഞങ്ങൾ അത് ചെയ്യില്ല, മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കുകയുമില്ലെന്നും ഗഡ്കരി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നടത്തിയ പ്രചാരണം നുണകളിൽ അധിഷ്‌ഠിതമായിരുന്നുവെന്ന് ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മഹാരാഷ്‌ട്രയിലെ മഹായുതിയെ അനുകൂലിച്ച് പിന്തുണയ്‌ക്കാൻ ജനങ്ങൾ തീരുമാനിച്ചുവെന്നും ഗഡ്കരി പറഞ്ഞു.
ജാതി സെൻസസ് വിഷയം രാഹുൽ ഗാന്ധി ഉന്നയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഗ്രാമങ്ങളുടെയും പാവപ്പെട്ടവരുടെയും കർഷകരുടെയും ക്ഷേമമാണ് യഥാർത്ഥ വിഷയം എന്ന് ഗഡ്കരി പറഞ്ഞു. പാവങ്ങൾക്ക് ജാതിയും മതവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: