തിരുവനന്തപുരത്തെ മുതിര്‍ന്ന പത്രപ്രവര്ത്തകന് കെ. കുഞ്ഞിക്കണ്ണനെ കോഴിക്കോട്ട് ജന്മഭൂമി സുവര്‍ണ ജയന്തിയാഘോഷവേദിയില് ക്ഷണിച്ചുവരുത്തി ആദരിച്ചതിന്റെ ചിത്രം പത്രത്തില്‍ കണ്ടപ്പോള്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ വികാരവിവശനായിപ്പോയി. മൂന്നാം തീയതി ആഘോഷങ്ങളുടെ ആദ്യ ദിവസം ഈയുള്ളവനും, ജന്മഭൂമിയുടെ പിറവിക്കാലത്ത് സബ് എഡിറ്ററായിരുന്ന രാമചന്ദ്രന് കക്കട്ടിലും ആദൃതരായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ജന്മഭൂമിയുടെ ഭാഗമായിരുന്ന പുത്തൂര്‍ മഠം ചന്ദ്രന്, കായലാട്ട് സിദ്ധാര്ത്ഥന് എന്നിവര്‍ അന്ന് എത്തിയിരുന്നില്ല. കോഴിക്കോട്ടും പിന്നീട് എറണാകുളത്തും ജന്മഭൂമിയുടെ ആദ്യകാലത്തു ചന്ദ്രന് ഡസ്കില്‍ മികച്ച സേവനം ചെയ്തിരുന്നു. അദ്ദേഹത്തിന് പരിപാടികളുടെ വിശദാംശത്തെപ്പറ്റി വിവരം ലഭിച്ചില്ലെന്നാണ് അന്വേഷിച്ചപ്പോള്‍ മനസ്സിലായത്. സിദ്ധാര്‍ത്ഥനും അതുതന്നെ പറഞ്ഞു.
ഉദ്ഘാടന സത്രത്തില്‍ കുഞ്ഞിക്കണ്ണന് വരാതിരുന്നത് എനിക്ക് നഷ്ടബോധമുണ്ടാക്കി. ജന്മഭൂമി ആരംഭിക്കുന്നതിനും മുമ്പ് അദ്ദേഹം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായി ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. ജനസംഘത്തിന്റെയും ബിജെപിയുടെയും ശബ്ദവും, വക്താവുമായിരുന്ന കെ.ജി.മാരാരാണദ്ദേഹത്തെ ജനസംഘത്തിന്റെ ആ ഭാഗത്തെ അണികളുടെ മുന്‍നിരയിലേക്കെത്തിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിത്വ വികാസത്തിനും മാരാര്‍ജി വലിയ പങ്കുവഹിച്ചിരുന്നു.
1976 ല്‍ കണ്ണൂരില്‍ നടത്തപ്പെട്ട ജനസംഘ സംസ്ഥാന സമ്മേളനത്തിലാണ് എനിക്കു കുഞ്ഞിക്കണ്ണന്റെ, ഭാഷണ, സംഘാടന കുശലത ശരിക്കും മനസ്സിലാകാന്‍ അവസരമുണ്ടായത്. പിന്നീടദ്ദേഹം കണ്ണൂരിലെയും കാസര്‍കോട്ടെയും ജില്ലാ സംഘടനാകാര്യദര്‍ശിയായി. അടിയന്തരാവസ്ഥക്കാലത്തെ പ്രവര്‍ത്തനരംഗത്ത് പുലര്‍ത്തിയ ജാഗ്രതയും സാമര്‍ത്ഥ്യവും അത്ഭുതാവഹം തന്നെയായിരുന്നു. അതിനിടയില്‍ ഒരു ദിവസം ഇരിക്കൂറിനടുത്തു പെരുവളത്തു പറമ്പയിലുള്ള കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ പോകുകയും രാത്രി പുറത്തെ കോലായയില്‍ ഉറങ്ങുകയും ചെയ്തു. ആ ഗ്രാമം നിറയെ കശുമാവു തോട്ടങ്ങളാണ്. ലോകത്തിലെ ഏറ്റവും മികച്ച കശുവണ്ടി വിളയുന്ന പ്രദേശങ്ങളില്‍ പെടുന്ന സ്ഥലമാണത്. കൊല്ലത്തെ വന്‍ കശുവണ്ടി വ്യവസായികള്‍ കശുവണ്ടി ശേഖരണത്തിനായി അവിടെയും ഇരിട്ടിയിലും സീസണായാല്‍ ക്യാമ്പ് ചെയ്യാറുണ്ടായിരുന്നു. ഭരതന് പിള്ളയെന്ന വ്യവസായിയുടെ ആളായി ചാവക്കാട് കുണ്ടഴിയൂരിലെ രാഘവന് എന്ന പഴയ സ്വയംസേവകനെ കാണാനിടയായതും അതിനിടെ വിസ്മയമായി. കശുമാമ്പഴവും ഒരു വ്യവസായത്തിന്റെ അസംസ്കൃത വിഭവമാണല്ലൊ. സീസണില്‍ കുടില്‍ വ്യവസായത്തിന് മാമ്പഴച്ചാര് അസംസ്കൃത വസ്തുവായി പ്രയോജനപ്പെട്ടുവന്നു. അന്നു മദ്യനിരോധം നിലവിലിരുന്നുവെന്ന് പ്രത്യേകം ഓര്‍ക്കണം.
കുഞ്ഞിക്കണ്ണന്റെ ജ്യേഷ്ഠനും, അച്ഛനും പുലര്‍ച്ചെ എഴുന്നേറ്റ് തോട്ടങ്ങളില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയി. സംഘടനാ പ്രവര്‍ത്തനത്തിന് ഞങ്ങളും പുറപ്പെട്ടു. പെരുവളത്തു പറമ്പില്‍ ഒരു നീണ്ട ഓലപ്പുരകണ്ടതു ‘കുടിപ്പള്ളിക്കൂട’മെന്നറിയപ്പെടുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞപ്പോള്‍ എല്‍.പി സ്കൂളോ എഴുത്തുപള്ളിയോ ആയിരിക്കുമെന്നാണ് ഞാന്‍ ധരിച്ചത്. എന്നാല്‍ അവിടം ‘കുടി’ നടക്കുന്നതിനാല്‍ ആ പേര് വന്നതാണത്രേ. അവിടന്നു കൊണ്ടുവന്നു ഞാന്‍ നട്ടുമുളപ്പിച്ച കശുമാവ് നല്ല വിള തന്നശേഷം ഇപ്പോള്‍ നാശോന്മുഖമാണ്.
അടിയന്തരാവസ്ഥക്കാലത്തു കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മിക്ക സംഘകേന്ദ്രങ്ങളിലും പോകാന്‍ അവസരമുണ്ടായി. സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ ആദ്യ ബാച്ചായി ഉദുമയില്‍ നിന്നു പുറപ്പെട്ട സംഘത്തെ കാണാനും സാധിച്ചു. പിറ്റേന്നു വൈകുന്നേരമായപ്പോള്‍ ആ സന്നദ്ധ ഭടന്മാര്ക്കു കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനു സമീപം അനുഭവിക്കേണ്ടിവന്ന പൈശാചികമായ മര്‍ദ്ദനത്തെപ്പറ്റിയും അറിഞ്ഞു.
കാസര്‍കോട് താലൂക്ക് സംഘദൃഷ്ട്യാ അന്നു കര്‍ണാടക പ്രാന്തത്തിന്റെ ഭാഗമായിരുന്നതിനാല്‍ പല പ്രവര്ത്തകയോഗങ്ങള്ക്കും അദ്ദേഹത്തിനു മംഗലാപുരത്തു പോകേണ്ടിയിരുന്നു. ജനസംഘ സംസ്ഥാന ചുമതല വഹിച്ചിരുന്നതിനാല്‍ എന്നെ കാണാന്‍ അവിടത്തെ പ്രചാരക് കൃഷ്ണപ്പാജി താല്‍പ്പര്യം കാട്ടി. എന്നെയും കൂട്ടി കുഞ്ഞിക്കണ്ണന് മംഗലാപുരത്തെ ഒട്ടേറെ ഊടുവഴികള്‍ താണ്ടി താമസസ്ഥലത്തെത്തി, തലമൊട്ടയടിച്ചു പിന്കുടുമയുമായി കഴിഞ്ഞ കൃഷ്ണപ്പാജിയെ തിരിച്ചറിയാന്‍ പോലും എനിക്കു കഴിഞ്ഞില്ല. കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞ എ.ഡി.നായരുടെ അഭിവന്ദ്യ പിതാവ് അന്തരിച്ചതിനാല്‍ അദ്ദേഹം പരോള്‍ ലഭിച്ച് മരണാനന്തര കര്‍മ്മങ്ങള്‍ക്കായി സ്വഗൃഹത്തിലെത്തിയതും മറ്റും മുമ്പ് ഈ പംക്തിയില്‍ വിവരിച്ചിട്ടുണ്ട്.
ജന്മഭൂമിയുടെ പുനഃപ്രകാശനം 1977 ല്‍ എറണാകുളത്തു നടന്നപ്പോള്‍ കണ്ണൂര്‍ ജില്ലാ ലേഖകനായി കുഞ്ഞിക്കണ്ണനെ നിയോഗിക്കുകയായിരുന്നു. ജനസംഘത്തിന്റെയും യുവമോര്‍ച്ചയുടെയും ഭാരവാഹിത്വവും തുടര്‍ന്നു. വളരെ വേഗത്തില്‍ തന്നെ യഥാസമയം ജില്ലാ ലേഖകര്‍ക്ക് പിആര്‍ഡിയുടെ അക്രഡിറ്റേഷന് ലഭിച്ച കൂട്ടത്തില്‍ അദ്ദേഹവും പെട്ടു. അതിനിടെ വിവാഹം കഴിഞ്ഞു. എറണാകുളത്തേക്കു സ്ഥലംമാറ്റപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്തായി. തലസ്ഥാനത്തു ശ്രീ കൃഷ്ണശര്മാജിയെപ്പോലുള്ളവരുടെ മാര്‍ഗദര്‍ശനം പ്രയോജനകരമായി. മുമ്പ് രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് പ്രമുഖ മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ജില്ലയില്‍ മത്സരിച്ചതിനാല്‍ ഇ.കെ.നായനാര്‍ അടക്കമുള്ള നേതാക്കള്‍ക്കു ആദരവും വാത്സല്യവും തോന്നിയെന്നു പറഞ്ഞാല്‍ തെറ്റില്ല. തങ്ങളുടെ പഴയ സഖാവിന്റെ മകനാണല്ലൊ.
ആദ്യമായി മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പത്ര സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ”നീയേതാടോ കടലാസ്” എന്നദ്ദേഹം അന്വേഷിച്ച കാര്യം കുഞ്ഞിക്കണ്ണന് പറഞ്ഞതോര്‍ക്കുന്നു. തിരുവനന്തപുരത്തും പരിസരങ്ങളിലും ബിജെപി
യുടെ പൊതുയോഗങ്ങളില്‍ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ട പ്രാസംഗികനായിത്തീര്ന്നു. കന്യാകുമാരി ജില്ലയില്‍ തെരഞ്ഞെടുപ്പു വന്നപ്പോള്‍ യോഗങ്ങളില്‍ മലയാള പ്രസംഗങ്ങള്‍ പലയിടങ്ങളിലും ആവശ്യമായി. അതിനും കുഞ്ഞിക്കണ്ണന് നിയുക്തനായി. പത്രക്കാരനായും പ്രാസംഗികനായും ആള് പേരെടുത്തു. ഒരു തിരുവനന്തപുരം യാത്രയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ താമസിക്കാന്‍ എനിക്കവസരമുണ്ടായി. തട്ടുപൊക്കം കുറവായതിനാല്‍ എനിക്ക് നിവര്‍ന്നു നില്ക്കാന് പ്രയാസമായിരുന്നു. അവര്‍ക്കെല്ലാം ഉയരക്കുറവായതുകൊണ്ടു പ്രശ്നമില്ലായിരുന്നു. ഇപ്പോല്‍ തലസ്ഥാനത്തു സ്വന്തമായി സ്ഥലവും വീടുമായി. അദ്ദേഹത്തിന് സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയ വേണ്ടിവന്നു. ‘ശ്രീചിത്ര’ ആസ്പത്രിയില്‍ അതു വിജയകരമായി നടത്തപ്പെട്ടു.
മകള്‍ പ്രകുല ടി.വി ജേര്‍ണലിസ്റ്റാണ്. ഏഷ്യാനെറ്റിലാണ് ജോലിയെന്നറിയാം. വാര്‍ത്താ വായന വളരെ വ്യക്തമാണ്. 25 വര്‍ഷം നിയമസഭാ റിപ്പോര്‍ട്ടിങ് തികച്ചവരെ സര്‍ക്കാര്‍ ആദരിച്ചവരുടെ കൂട്ടത്തില്‍ കുഞ്ഞിക്കണ്ണനുമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ എഴുത്തിന്റെ ശൈലി വല്ലഭത്വം വിശിഷ്ടമാണ്. കെ.ജി.മാരാരായിരുന്നു അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്കും പൊതുരംഗത്തേക്കും കൊണ്ടുവന്നതും. മാരാര്ജിയോടു അദ്ദേഹത്തിനുള്ള ആദരവ് അത്യധികമാണ്. ”കെ.ജി.മാരാര്‍ രാഷ്ട്രീയത്തിലെ സ്നേഹസാഗരം”, ”മാരാര്‍ജി മനുഷ്യപ്പറ്റിന്റെ പര്യായം” എന്നീ രണ്ടു പുസ്തകങ്ങള്‍ കുഞ്ഞിക്കണ്ണന്റെതായിട്ടുണ്ട്. മലയാളത്തിലെ ജീവചരിത്രഗ്രന്ഥങ്ങളുടെ നിരയില്‍ മികച്ച സ്ഥാനം ലഭിക്കേണ്ടവയാണ് ഇതുരണ്ടുമെന്നതിനു സംശയമില്ല. മലയാള സാഹിത്യരംഗത്തും, പ്രസിദ്ധീകരണരംഗത്തും അയിത്തം കല്‍പ്പിക്കപ്പെടുന്ന വ്യക്തിയും പ്രസ്ഥാനവുമാണ് മാരാരുടേതെന്ന മട്ടിലാണല്ലൊ കാര്യങ്ങള്‍.
ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആസന്നമരണനായിക്കഴിഞ്ഞ പി.പി. മുകുന്ദനെ കാണാന്‍ നെയ്യാറ്റിന്‍കരെ പോയി മടങ്ങും വഴിക്ക് തലസ്ഥാനത്തെ ‘ജന്മഭൂമി’യില്‍ പോയി കുഞ്ഞിക്കണ്ണനെ കാണാനും സംസാരിക്കാനും ഒപ്പം ഭക്ഷണം കഴിക്കാനും അവസരം ലഭിച്ചു.
ഇംഗ്ലീഷ് പരിജ്ഞാനവും ജേര്‍ണലിസ ഉപരിപഠനവും വിദേശ സര്‍വകലാശാലകളുടെ അംഗീകാരവും ഇല്ലാതെ തന്നെ ‘സ്വ’ത്വം കൊണ്ട് ഒരാള്‍ക്ക് എത്ര ഉയരം കൈവരിക്കാമെന്നതിന് കുഞ്ഞിക്കണ്ണന് ഉത്തമ മാതൃകയാണ്.
‘വിക്രമാര്‍ജിത സ്വത്വസ്യ
സ്വയമേവ മൃഗേന്ദ്രതാ’
എന്നാണല്ലൊ ആപ്തവാക്യം.
കോഴിക്കോട്ട് അദ്ദേഹത്തിന്റെ ആദരണത്തില്‍ പങ്കെടുക്കാനാവാത്തതിലെ ഖേദം ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: