Varadyam

അശ്വത്ഥാമാവ് ഇവിടെയുണ്ട്, ഈ കോട്ടയില്‍…

Published by

വിസ്മയിപ്പിക്കുന്ന, പേടിപ്പെടുത്തുന്ന ഒരു കഥ, അല്ല, സത്യം, അല്ലല്ല, ചരിത്രം പറയാം. അശ്വത്ഥാമാവ് ഇന്നും ജീവനോടെയുണ്ട്. അശ്വത്ഥാമാവ് ആരെന്നറിയില്ലേ, മഹാഭാരത യുദ്ധത്തിനൊടുവില്‍ ബ്രഹ്മാസ്ത്രമെയ്ത് പാണ്ഡവകുലം മുടിക്കാന്‍ കടുംകൈ കാട്ടിയ, അതിന്റെ പേരില്‍ കൊടും ശാപമേറ്റ്, പഴുത്ത വ്രണവുമായി, ആരാലും വെറുക്കപ്പെട്ട്, അതേസമയം ഒടുങ്ങാത്ത പകയും ഉള്ളിലടക്കിക്കഴിയുന്ന മരണമില്ലാത്ത ഒരു ജീവിതം. പേരുകേള്‍ക്കെത്തന്നെ പേടി ജനിക്കുന്ന അശ്വത്ഥാമാവിനെ കാണുന്ന കാര്യമാണ് പറയാന്‍ പോകുന്നത്…

ഏറെ ശ്രദ്ധേയമായിരുന്നു, അടുത്തിടെ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ കല്‍ക്കി സിനിമയിലെ ഒരു രംഗം. പുരാണ പ്രസിദ്ധനായ, ചിരഞ്ജീവിയായ അശ്വത്ഥാമാവ്, നിഗൂഢമായൊരു ക്ഷേത്രത്തിനുള്ളില്‍ ശിവലിംഗത്തെ ആരാധിക്കുന്ന രംഗമുണ്ടതില്‍. സിനിമയ്‌ക്ക് വേണ്ടി സെറ്റിട്ടുണ്ടാക്കിയതാണ് ആ ക്ഷേത്രം. പക്ഷേ, ഭാരതത്തിലെ ഏറ്റവും വനനിബിഢ സംസ്ഥാനമായ മധ്യപ്രദേശില്‍ അങ്ങനെയൊരു ക്ഷേത്രമുണ്ട്. പ്രാചീന ഭാരതത്തിന്റെ ഗരിമയുടെ കഥ പറയുന്ന വിന്ധ്യഭൂമിയിലെ അസീര്‍ഗഡ് കോട്ടയ്‌ക്കുള്ളിലാണ് ആ പുരാതന ക്ഷേത്രം. ചരിത്രവും പുരാണവും ഇഴപിരിഞ്ഞു കിടക്കുന്ന പ്രൗഢഗംഭീരമായ ഈ കോട്ട സ്ഥിതിചെയ്യുന്നത് മധ്യപ്രദേശിലെ ബുര്‍ഹാന്‍പുരിലാണ്. പുരാണങ്ങള്‍ പ്രകാരം, ദശപ്രജാപതികളിലൊരാളായ ഭൃഗുമഹര്‍ഷി തപസ്സനുഷ്ഠിച്ചിരുന്ന ഭൃഗ്നാപുരമാണ് പില്‍ക്കാലത്ത് ബുര്‍ഹാന്‍പുര്‍ എന്നറിയപ്പെട്ടത്. തപ്തീനദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ നഗരത്തില്‍ വച്ചാണ് അദ്ദേഹം വിശ്രുതമായ ഭൃഗുസംഹിത രചിച്ചത്. ബ്രഹ്മപുരി എന്ന മറ്റൊരു പേരും ഈ പുരാതന നഗരത്തിനുണ്ട്.

ബുര്‍ഹാന്‍പുരിലെ അസീര്‍ഗഡ് ഗ്രാമത്തില്‍ നിന്ന് ഏകദേശം നാലര കിലോമീറ്റര്‍ ട്രക്കിങ് നടത്തിവേണം കോട്ടയിലെത്താന്‍. പതിനഞ്ചാം നൂറ്റാണ്ടില്‍, സൈനിക പ്രാധാന്യം മുന്‍നിര്‍ത്തി മലമുകളില്‍ നിര്‍മിക്കപ്പെട്ട അസീര്‍ഗഡ് കോട്ട ചുറ്റുമുള്ള ഭൂപ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. പേര്‍ഷ്യന്‍, തുര്‍ക്കിഷ്, ഭാരതീയ ശൈലികള്‍ കോര്‍ത്തിണക്കി നിര്‍മിച്ച അതിഗംഭീര കൂറ്റന്‍ മതിലുകളും കൊത്തളങ്ങളും അക്കാലത്തെ വാസ്തുവിദ്യാ വൈഭവത്തിന്റെ തെളിവാണ്. എന്നാല്‍, ചരിത്രാന്വേഷികളേക്കാള്‍ അതിന്ദ്രീയ ശക്തികളെ പിന്തുടരുന്നവരാണ് ഈ കോട്ട സന്ദര്‍ശിക്കുന്നവരില്‍ അധികവും. എന്താണെന്നോ? അശ്വത്ഥാമാവ്, നിത്യേന വന്നു പോകുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന മഹാക്ഷേത്രം ഈ കോട്ടയ്‌ക്കുള്ളിലാണ്.

പാണ്ഡവ വംശത്തിന്റെ കുലം മുടിയ്‌ക്കാനായി ദ്രോണപുത്രന്‍ ‘അപാണ്ഡവായ’ എന്ന് അഭിമന്ത്രിച്ചയച്ച ബ്രഹ്മാസ്ത്രം ലക്ഷ്യം കണ്ടെങ്കിലും, ശ്രീകൃഷ്ണ കൃപയാല്‍ വംശത്തിന്റെ വേരറ്റു പോയില്ല. പരീക്ഷിത്തിനെ സംരക്ഷിച്ച കൃഷ്ണന്‍, പക്ഷേ അശ്വത്ഥാമാവിന് നല്‍കിയത് ഉഗ്രശാപമായിരുന്നു. അതിന്റെ ഫലമായി കല്‍പ്പാന്തകാലത്തോളം, ചോരയും ചലവും ഒലിപ്പിച്ചു കഠിനവേദനയും സഹിച്ച് അലഞ്ഞുതിരിഞ്ഞു നടക്കുകയാണ് അശ്വത്ഥാമാവെന്ന് വേദവ്യാസന്‍ പറഞ്ഞു നിര്‍ത്തുന്നു. ഇവിടെ നിന്നാണ് അസീര്‍ഗഡ് കോട്ടയിലെ വിളുമ്പില്‍ സ്ഥിതിചെയ്യുന്ന ഗുപ്തേശ്വര്‍ മഹാദേവക്ഷേത്രത്തിന്റെ ഐതിഹ്യം ആരംഭിക്കുന്നത്.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ശാപവും പേറി അലഞ്ഞു നടക്കുന്ന അശ്വത്ഥാമാവ്, നിത്യേന ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ വന്ന് ശിവപൂജ ചെയ്തിരുന്ന പ്രാചീന ക്ഷേത്രമായിരുന്നത്രേ ഗുപ്തേശ്വര്‍. പിന്നീട് അസ ആഹിര്‍ എന്ന ഹിന്ദു രാജാവ് കോട്ട നിര്‍മിച്ചപ്പോള്‍ ഈ ക്ഷേത്രവും അതിനുള്ളിലാക്കിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ അന്ധനാക്കിയ ശേഷം തടവിലാക്കിയിരുന്ന കലാപകാരിയായ മൂത്തമകന്‍, ഖുസ്രോ രാജകുമാരനെ, സഹോദരനായ ഖുറം (ഷാജഹാന്‍ ചക്രവര്‍ത്തി) കൊലപ്പെടുത്തിയത് അസീര്‍ഗഡ് കോട്ടയില്‍ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് ഷാജഹാന്‍ താമസിച്ചിരുന്ന ഷാഹി കില, ബുര്‍ഹാന്‍പുരില്‍ ഇന്നുമുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ്, മൈന്‍ഡ് മാപ്സ് യൂട്യൂബ് ചാനലിന് വേണ്ടിയാണ് ഞാന്‍ ഗ്രാമത്തിന്റെ ശ്രദ്ധാകേന്ദ്രമായി നിലകൊള്ളുന്ന കോട്ടയെക്കുറിച്ച് വിശദമായി അന്വേഷിച്ചത്. വഴിയില്‍ വിരളമായി കണ്ടുമുട്ടിയ ആട്ടിടയന്മാരും, കോട്ടയിലെ സെക്യൂരിറ്റി ജീവനക്കാരും അറുപത് ഏക്കറില്‍ പരന്നുകിടക്കുന്ന കോട്ടയ്‌ക്ക് ചുറ്റും സ്ഥിതി ചെയ്യുന്ന വിസ്തൃതമായ വനത്തിനുള്ളില്‍ വെച്ച് അശ്വത്ഥാമാവിനെ കണ്ടുമുട്ടിയിട്ടുണ്ടെന്ന് നിസംശയം സാക്ഷ്യപ്പെടുത്തി. എട്ടടി ഉയരമുള്ള, ആജാനുബാഹുവായ ജഡാധാരിയെ കണ്ട കഥകള്‍ ഗ്രാമീണര്‍ പലരും വലിയ ആവേശത്തോടെയാണ് വിവരിച്ചത്. നെറ്റിയിലെ മുറിവുണക്കാന്‍ മഞ്ഞള്‍പൊടിയും കടുകെണ്ണയും ആവശ്യപ്പെട്ട സമാനമായ കഥയാണ് ആ ഗ്രാമത്തില്‍ ഏറെക്കുറേ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. രാത്രിയില്‍ ഈ മേഖലയിലൂടെ യാത്ര ചെയ്യവേ അപ്രതീക്ഷിതമായി അദ്ദേഹത്തിനു മുന്നില്‍പ്പെട്ട് മനസിന്റെ സമനില തെറ്റിയവരും ഗ്രാമത്തില്‍ നിരവധിയുണ്ട്.

ഞാന്‍ അവിടെ എത്തുന്നതിന് ഏതാനും മാസം മുമ്പ് ഗ്രാമത്തെ നടുക്കിയൊരു സംഭവമുണ്ടായി. അശ്വത്ഥാമാവിന്റെ ക്ഷേത്രദര്‍ശനത്തിന്റെ നിജസ്ഥിതിയറിയാന്‍ ഒരാള്‍ ധൈര്യപൂര്‍വ്വം ഒരു രാത്രി കോട്ടയില്‍ കഴിച്ചുകൂട്ടി.

പിറ്റേദിവസം രാവിലെ ഡ്യൂട്ടിക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടത്, ബോധമറ്റ് കിടക്കുന്ന ആ യുവാവിനേയാണ്. ചികിത്സയ്‌ക്കിടയില്‍, സ്വബോധം തിരിച്ചു കിട്ടിയ നിമിഷങ്ങളില്‍ അയാള്‍ പിറുപിറുത്ത വാക്കുകള്‍ ‘ഞാന്‍ അശ്വത്ഥാമാവിനെ കണ്ടു’ എന്നായിരുന്നത്രേ. അധികം വൈകാതെ ആ ചെറുപ്പക്കാരന്‍ മരണമടയുകയും ചെയ്തു.

വിശപ്പും ദാഹവും അനുഭവപ്പെടാതെ രോഗ ക്ഷീണാദികളില്ലാതെ, വിഷസര്‍പ്പങ്ങളില്‍ നിന്നുപോലും സംരക്ഷണം തന്നിരുന്ന തന്റെ ചൂഡാമണി അറുത്തെടുത്ത് കൃഷ്ണന് നല്‍കിയപ്പോള്‍ ദ്രൗണിയുടെ നെറ്റിയിലുണ്ടായ ഒരിക്കലുമുണങ്ങാത്ത മുറിവ്, അദ്ദേഹത്തിന് കടുത്ത വേദന സമ്മാനിച്ചിരുന്നു. ഇതില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ അശ്വത്ഥാമാവ് കോട്ടയ്‌ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഗുപ്തേശ്വര്‍ മഹാദേവനെ ആരാധിക്കാനെത്തുന്നു എന്നാണ് പ്രാദേശിക ഐതിഹ്യം. പൂജയ്‌ക്കു മുന്‍പ് ദ്രൗണി ദേഹശുദ്ധി വരുത്തുന്നതെന്ന് കരുതപ്പെടുന്ന, ഏതു കടുത്ത വരള്‍ച്ചയിലും വറ്റാത്ത ക്ഷേത്രക്കുളവും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. മറാത്ത ശൈലിയില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രത്തിന് ഏതാനും നൂറ്റാണ്ടുകളുടെ പഴക്കമേയുള്ളൂവെങ്കിലും, പ്രതിഷ്ഠയായ ശിവലിംഗം അതിപുരാതനമാണ്. ക്ഷേത്രചരിത്രം കൊത്തിവെച്ച ഫലകത്തിനു പിന്നിലായി ഭൂനിരപ്പില്‍ നിന്ന് ഏകദേശം രണ്ടാള്‍ താഴ്ചയിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ശ്രദ്ധയോടെ പടവുകളിറങ്ങി മഹാദേവന് കാവല്‍ നില്‍ക്കുന്ന നന്ദികേശ പ്രതിമയും പിന്നിട്ടാല്‍ പിന്നെ ഗര്‍ഭഗൃഹമാണ്. അതിനുള്ളില്‍ കടന്നാല്‍, മനോഹരമായ പൂക്കള്‍കൊണ്ട് അലംകൃതമായ സ്വയംഭൂലിംഗം കാണാന്‍ സാധിക്കും.

പല രാജവംശങ്ങളിലൂടെ നിരവധി തവണ കൈമാറപ്പെട്ട അസീര്‍ഗഡ് കോട്ട, ഒടുക്കം എത്തിച്ചേര്‍ന്നത് ബ്രിട്ടീഷുകാരുടെ കൈകളിലാണ്. സ്വാതന്ത്ര്യസമരസേനാനികളെ തുറങ്കിലടയ്‌ക്കാനുള്ള ജയിലായാണ് ഈസ്റ്റ് ഇന്ത്യ കമ്പനി അസീര്‍ഗഡ് കോട്ട ഉപയോഗിച്ചിരുന്നത്. കൊടും കുറ്റവാളികളെ തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ചിരുന്ന ഫാസിഖാന, ക്ഷേത്രത്തിന് കുറച്ചകലെ സ്ഥിതി ചെയ്യുന്നു.

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരെ കൂറ്റന്‍ കിടങ്ങിനു മുകളിലായി സ്ഥാപിച്ചിരുന്ന കൂറ്റന്‍ ജോയിസ്റ്റുകളില്‍ കഴുത്തില്‍ കുരുക്കിട്ട് നിര്‍ത്തിയ ശേഷം, താഴേക്ക് തള്ളിയിടുകയായിരുന്നു ചെയ്തിരുന്നത്. ശിക്ഷ നടപ്പാക്കിയതിനു ശേഷം, തൂങ്ങിയാടുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ കയര്‍ മുറിച്ച് താഴേക്കിടും. ഇപ്രകാരം താഴെ വീഴുന്ന മൃതദേഹങ്ങള്‍, കിടങ്ങിനടിയിലുള്ള തുരങ്കത്തിലൂടെ വന്നെത്തിയിരുന്ന വന്യമൃഗങ്ങള്‍ ഭക്ഷിക്കുകയായിരുന്നു പതിവ്. സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം ഉപേക്ഷിക്കപ്പെട്ട ഈ കോട്ട, അതിന്റെ ചരിത്ര പ്രാധാന്യം തിരിച്ചറിഞ്ഞതിനാല്‍, നിലവില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സംരക്ഷണയിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by