കൊച്ചി: മുനമ്പത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ തന്നെ ചെല്ലാനത്തും തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്ടും വഖഫ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ചെല്ലാനം കൂടി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതോടെ തീരദേശമാകെ വഖഫ് ഭീകരതയ്‌ക്കെതിരെ പ്രതിഷേധം അലയടിക്കും.
ചാവക്കാട്ട് വഖഫ് നോട്ടീസ് ലഭിച്ച 57 കുടുംബങ്ങള്‍ക്ക് നീതി തേടി പാലയൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ റാലി നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഫൊറോന അംഗങ്ങള്‍ ഒത്തുചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യും. നാലു മണിക്ക് പ്രതിഷേധ പ്രകടനം നടക്കുമെന്ന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ ഡേവീസ് കണ്ണമ്പുഴ അറിയിച്ചു. പാലയൂര്‍, തെക്കന്‍ പാലയൂര്‍, ചക്കംകണ്ടം, എടപ്പുള്ളി, പഞ്ചാരമുക്ക് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ചാവക്കാട് മേഖലയില്‍ നോട്ടീസ് ലഭിച്ചിട്ടുള്ളത്.
ചെല്ലാനത്ത് വിവിധ സാമുദായിക സംഘടനകള്‍ പ്രത്യേകമായാണ് സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നത്. പ്രാഥമിക യോഗങ്ങള്‍ ഇന്ന് നടക്കും. ഇതിനു ശേഷം എല്ലാ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
ചെല്ലാനത്ത് വഖഫിന് ഭൂമി ഇല്ലെന്നിരിക്കെ ഇടക്കൊച്ചിയിലെ പള്ളിയുടെ പേരില്‍ ഭൂമിയുണ്ടെന്ന് കാണിച്ചാണ് വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഭൂമി എവിടെയെന്നു പോലും വ്യക്തമാക്കിയിട്ടില്ല.
വഖഫ് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ചെല്ലാനവും തങ്ങളുടേതാണെന്ന് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഭൂനികുതി ഒടുക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം മുനമ്പത്ത് ഇന്ന് മഹിളകളുടെ പ്രതിഷേധ റാലി സംഘടിപ്പിച്ചിട്ടുണ്ട്. മുനമ്പത്തെ ഒരു തരിമണ്ണ് പോലും വഖഫിന് കൊടുക്കില്ലെന്ന മുദ്രാവാക്യവുമായി പുലിമുട്ട് ബീച്ചില്‍ നിന്നാരംഭിക്കുന്ന റാലി വേളാങ്കണ്ണി മാതാ ദേവാലയത്തിലെ സമരപ്പന്തലില്‍ സമാപിക്കും, ഫാ. ആന്റണി സേവ്യര്‍ തറയില്‍ റാലി നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക