കവി കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ഒരു ശ്ലോകമുണ്ട്. ‘സ്യമന്തകം’ എന്ന പുരാണ പ്രസിദ്ധമായ മണിയെക്കുറിച്ചുള്ള കാവ്യത്തിലാണ്. ശ്ലോകം ഇങ്ങനെ: ”മണപ്പിച്ചു ചുംബിച്ചു നക്കിക്കടിച്ചി/ട്ടിണങ്ങാതെ ദൂരത്തെറിഞ്ഞാല്‍ കപീന്ദ്രന്‍/മണിശ്രേഷ്ഠ; മാഴ്‌കൊല്ല; നിന്നുള്ളു കാണ്‍മാന്‍/പണിപ്പെട്ടുടയ്‌ക്കാഞ്ഞതേ നിന്റെ ഭാഗ്യം.” ഏകദേശ അര്‍ത്ഥം: കിട്ടിയയുടന്‍ മണത്തുനോക്കി, പിന്നെ ഉമ്മവച്ചു, നക്കി, കടിച്ചു ഗുണമൊന്നും തോന്നാഞ്ഞ് എറിഞ്ഞു കളഞ്ഞു. അയ്യോ, ശ്രേഷ്ഠമായ മണി, സങ്കടം വേണ്ട, കരയരുത്; നിന്റെ ഉള്ളിലെന്താണെന്നറിയാന്‍ തല്ലിപ്പൊട്ടിച്ചില്ലല്ലോ, അത് വല്യ ഭാഗമായിക്കരുതുക എന്നാണ്. വായിച്ചാല്‍ ആരെക്കുറിച്ചാണെന്ന് ആര്‍ക്കും ബോധ്യമാകും. കുരങ്ങിനെക്കുറിച്ചാണ്. ചിന്തിച്ചു നോക്കൂ, അതാണ് കുരങ്ങന്റെ രീതി. അത് ഗുണവും മൂല്യവുമൊക്കെ തിരിച്ചറിയാന്‍ വൈകും. കിട്ടിയാലുടന്‍ തിരിച്ചും മറിച്ചും നോക്കി എറിഞ്ഞു കളയും. സ്വഭാവം അങ്ങനെയാണ്.
ഇങ്ങനെയൊരു കുരങ്ങിനു പറ്റിയ അമളിക്കഥയുണ്ട്. ഏറെ പ്രചരിതമാണ്. മരംമുറിച്ച്, ആളുകള്‍ കൈകൊണ്ട് കൂറ്റന്‍ ഈര്‍ച്ചവാളിനാല്‍ അറുത്ത്, പിളര്‍ന്നും മറ്റും വലിയ തടി, നിര്‍മാണാവശ്യങ്ങള്‍ക്ക് ഉരുപ്പടികളാക്കി വിനിയോഗിക്കുമായിരുന്നു പണ്ട്; മരമറുക്കുന്ന യന്ത്ര സംവിധാനം വരുംമുമ്പ്. അങ്ങനെ പിളര്‍ന്നുവരുന്ന മരത്തിന് ഇടയില്‍ വാള്‍ തിങ്ങാതിരിക്കാന്‍ മരക്കഷണം ‘ആപ്പായി’ വയ്‌ക്കുമായിരുന്നു. (മുദ്ര ശ്രദ്ധിക്കണം; ഇന്നത്തെ ഡിജിറ്റല്‍ ഭാഷയിലുള്ള ആപ്പ് അല്ല, അത് ആപ്ലിക്കേഷന്റെ ചുരുക്കപ്പേരാണ്. മാത്തമാറ്റിക്‌സിന് മാത്ത്‌സ് എന്ന പോലെ ) കഥയിങ്ങനെ: ജോലിക്കാര്‍ പോയവേളയില്‍ ആ മരത്തിന്റെ ‘ആപ്പ്’ ഒരു കുരങ്ങ് ചെന്ന് വലിച്ചൂരി വലിച്ചെറിഞ്ഞു. അപ്പോള്‍ വാല്‍ മരത്തിനിടയില്‍ പെട്ടു പോയി. ഊരാനും വയ്യ, പോകാനും വയ്യ. ഈ ‘കുരങ്ങുകഥ’ പറഞ്ഞത് ഉദാഹരണമായാണ്. ‘ഉപമ’പോലുമല്ല. സമാനമല്ലാത്തതെങ്കിലും ഒപ്പം പറഞ്ഞാല്‍ ‘ഉല്‍പ്രേക്ഷാലങ്കാര’മായി തോന്നുന്ന ഒരു വൃത്താന്തം പറയാനാണിത്രയും പറഞ്ഞത്.
രാജ്യത്തെ നിയമസഭകളോടും സകല നിയമ സംവിധാനത്തോടും നിയമനിര്‍മാണ സംവിധാനങ്ങളോടും സര്‍വവിധ ബഹുമാനവും പുലര്‍ത്തിക്കൊണ്ട് പറയട്ടെ, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഏറ്റവും പുതിയ പ്രമേയത്തിന് ഈ ‘ആപ്പ്’ കഥയുമായി വിദൂരമായ ബന്ധം തോന്നുന്നുവെങ്കില്‍ വായനക്കാരുടെ മനസ്സിന്റെ വിശാലമായ സങ്കല്‍പവൈഭവം കൊണ്ട് മാത്രമാകുന്നു.
വഖഫ് നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായപ്പോള്‍ ആ നിയമഭേദഗതിയെ എതിര്‍ത്തുകൊണ്ടാണ് കേരള നിയമസഭ ‘ഒറ്റത്തൊണ്ട’യോടെ പ്രമേയം പാസാക്കിയത്. വാസ്തവത്തില്‍ എന്തിന് വേണ്ടി, ആര്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്ന് അറിയാതെയാണ് ജനപ്രതിനിധികളും വിവിധ പാര്‍ട്ടി പ്രതിനിധികളുമായ നിയമസഭാംഗങ്ങള്‍ അത് ചെയ്തതെന്ന് ആര്‍ക്കും സുവ്യക്തമാണ്. നിയമഭേദഗതിയെ ”മണപ്പിച്ചു ചുംബിച്ച്…” ഭാഗ്യം, പ്രതീകാത്മകമായി ബില്‍ കീറിയെറിഞ്ഞില്ല.
വഖഫ് നിയമവും, അതിന്റെ സംരക്ഷണത്തിനും നടപ്പിലാക്കലിനും നിയോഗിച്ചിട്ടുള്ള വഖഫ് ബോര്‍ഡിന്റെ ചെയ്തിയും അതുണ്ടാക്കിയ പുകിലുമാണ് ഇപ്പോള്‍ മുനമ്പത്തെ സമരവും പ്രതിഷേധവുമായി കേരളത്തിലാകെ നിറഞ്ഞുനില്‍ക്കുന്നത്. വാസ്തവത്തില്‍ മുനമ്പത്തെ വിഷയം അവിടെ 610 കുടുംബങ്ങള്‍ക്ക്, അവരുയര്‍ത്തിയ ആവശ്യങ്ങളില്‍ ന്യായമായ, താല്‍ക്കാലികമോ സ്ഥിരമോ ആയ പരിഹാരംകൊണ്ട് അവസാനിക്കുന്നില്ല, തുടങ്ങുന്നതേയുള്ളൂ. നൂറുകണക്കിന് ‘മുനമ്പ’ങ്ങളുടെ മുന, അല്ല ‘കുന്തമുന’ കേരളത്തിന്റെയും അതുവഴി രാജ്യത്തിന്റെയും പൊതുസാമൂഹ്യ വിഷയമായി ഉയരാന്‍ പോവുകയാണ്. അതിനുള്ള പരിഹാരമായാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് റിപ്പീല്‍ ബില്‍ 2024 പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്‌ക്ക് വിട്ടിരിക്കുന്നതും. ആ ബില്ലിനെതിരെയാണ് നിയമസഭയിലെ പ്രമേയം. ഈ പ്രമേയം ‘ആപ്പാ’കുന്നത് എങ്ങനെയെന്നോ? നോക്കാം.
സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനാ രൂപീകരണ ചര്‍ച്ചയിലെങ്ങും വഖഫ് ഒരു വിഷയമായിരുന്നില്ല. 1954 ലാണ് വഖഫ് നിയമമെന്നൊന്ന് സ്വതന്ത്ര ഭാരതത്തില്‍ രൂപപ്പെട്ടത്. പക്ഷേ ഭാരതം ബ്രിട്ടീഷ് ഭരണത്തിലായിരിക്കെ വഖഫ് സ്വത്ത് സംവിധാനം ഭാരതത്തിലും അവസാനിച്ചതാണ്. നാലംഗ ബ്രിട്ടീഷ് ജഡ്ജിമാര്‍ ഈ സംവിധാനത്തെ ‘വിനാശകരമായ’തെന്ന് വിശേഷിപ്പിച്ച് അവസാനിപ്പിച്ചതാണ്. എന്നാല്‍, ആ വിധി ഭാരതത്തില്‍ സ്വീകരിച്ച് നടപ്പാക്കിയില്ല.
1913 ലെ, ‘മുസല്‍മാന്‍ വഖഫ് വാലിഡേറ്റിങ് ആക്ട്’ ഭാരതത്തില്‍ നിലനിര്‍ത്തി. വഖഫ് എന്നത് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി, ഒരു മത വിശ്വാസ സമ്പ്രദായക്കാര്‍ക്ക്, അവരുടെ സ്വത്ത്, അവരുടെ ദൈവമായ ‘അള്ളാഹു’വിന്റെ സ്വത്തായി സമര്‍പ്പിക്കാന്‍ രൂപപ്പെടുത്തിയ സംവിധാനമാണ്. അങ്ങനെ ഒരിക്കല്‍ ഒരു വിശ്വാസി തന്റെ സ്വത്ത് ദൈവത്തിന് സമര്‍പ്പിച്ചാല്‍ അത് ദൈവസ്വത്തായി നിലനിര്‍ത്തണം. മറ്റ് ലാഭേച്ഛയോടെയുള്ള ഒരു പ്രവര്‍ത്തനത്തിനും അത് വിനിയോഗിച്ചു കൂടാ. കൃത്യമായ കണക്കും രേഖകളും മറ്റും മറ്റും അതിനുണ്ടാകണം. അത് കൈകാര്യം ചെയ്യാനുള്ള വിവിധതല സംവിധാനത്തിന്റെ ഭാഗമായാണ് വഖഫ് ബോര്‍ഡ്-കൗണ്‍സിലുകള്‍ രൂപീകരിക്കപ്പെട്ടത്. ഭാരതത്തില്‍ ഈ വഖഫ് ചരിത്രത്തിന് ദല്‍ഹിയിലെ സുല്‍ത്താന്‍ ഭരണകാലത്തോളം പഴക്കമുണ്ട്. സുല്‍ത്താന്‍ മുയ്‌സുദ്ദീന്‍ സാം ഘപോര്‍, രണ്ട് ഗ്രാമങ്ങള്‍ മുള്‍ട്ടാന്‍ ജുമാ മസ്ജിദിന് സമര്‍പ്പിച്ചു. അന്ന് വഖഫ് എന്ന പേരൊന്നുമില്ല. അതിന്റെ ഭരണ മേല്‍നോട്ടത്തിന് ഷെയ്ഖുള്‍ ഇസ്ലാമിന് അധികാരവും നല്‍കി. കാലക്രമത്തില്‍ ദല്‍ഹി സുല്‍ത്താന്‍ ഭരണവും മുഗള്‍ ഭരണവും ശക്തിപ്പെട്ടതനുസരിച്ച് ഈ സമര്‍പ്പണ സ്വത്തുവകകളും പല തരത്തില്‍ വളര്‍ന്നു. ക്രമേണ മുസല്‍മാന്‍ വഖഫ് ആയി രൂപപ്പെട്ടു. മറ്റു പല ഇസ്ലാമിക രാജ്യങ്ങളിലും ഇപ്പോഴും ഇല്ലാത്ത ഒരു സംവിധാനം.
എന്നാല്‍, സ്വാതന്ത്ര്യാനന്തരകാലത്ത് 1954 ലാണ് വഖഫ് ആക്ട് ഇവിടെ രൂപംകൊണ്ടത്. 1964 ആയി സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപപ്പെടാനും അതിന് വിവിധ സംസ്ഥാനങ്ങളില്‍ സമിതികള്‍ ഉണ്ടാവാനും അന്നത്തെ ഭരണാധികാരികള്‍ വഴി തുറന്നു. ഈ ആക്ട് (ചട്ടം) 1995 ല്‍ പരിഷ്‌കരിച്ചു. അത് വഖഫ് സംവിധാനത്തിന് പരമാധികാരം നല്‍കുന്ന പല വ്യവസ്ഥകളും നല്‍കിക്കൊണ്ടുള്ള പരിഷ്‌കാരമായിരുന്നു. അങ്ങനെ കൂടുതല്‍ മതപരമായി വഖഫ് ആക്ട്. അധികാരങ്ങള്‍ മതനേതൃത്വത്തില്‍ കേന്ദ്രീകരിക്കപ്പെട്ടു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍പോലെയുള്ള സംവിധാനം വന്നു. വഖഫ് ട്രിബ്യൂണല്‍ എന്നൊരു ക്രമം കൊണ്ടുവരികയും അതിന് സിവില്‍ കോടതി സംവിധാനത്തിനും മുകളില്‍ അധികാര അവകാശങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. ട്രിബ്യൂണലിന്റെ തീരുമാനത്തിനുമേല്‍ ഒരു സിവില്‍ കോടതിയിലും നിയമ നടപടി പറ്റില്ലെന്നുവന്നു. കോടതിക്കും മേലെയായി വഖഫ് ട്രിബ്യൂണല്‍! സര്‍ക്കാര്‍ സംവിധാനത്തിനും മേലേ എന്ന പോലെ ഒരു സംവിധാനമായി.
2013 ല്‍ വീണ്ടും ഭേദഗതി വന്നു. വഖഫ് ഭരണക്രമം കൂടുതല്‍ സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് എന്നായിരുന്നു ഈ മാറ്റത്തിനു കാരണം പറഞ്ഞത്. പക്ഷേ അതിലും പോരായ്മകള്‍ ബോധ്യപ്പെട്ടപ്പോഴാണ് 2022 ല്‍ വഖഫ് റിപ്പീല്‍ ബില്‍ അവതരിപ്പിച്ചത്. വഖഫിനേയും മറ്റ് മതസമിതികളേയും സമാനമായ, കുറ്റമറ്റ പ്രവര്‍ത്തന സംവിധാനത്തിലാക്കുന്നതിന്, എന്നാണ് നിയമ ഭേദഗതിക്ക് കാരണം വ്യക്തമാക്കിയിട്ടുള്ളത്. 2022 ലെ ഈ ബില്‍ ഒഴികെ മറ്റെല്ലാം കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഭരിച്ചിരുന്ന കാലത്തേതായിരുന്നുവെന്നത് ശ്രദ്ധിക്കണം.
1976-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, മാര്‍ച്ച് 26 ന് ഏതാനും സംസ്ഥാനങ്ങള്‍ക്ക് അയച്ച ഒരു കത്തുണ്ട്. ചരിത്രപരമാണ് ആ കത്ത്. (നമ്പര്‍ 71. പിഎംഒ 76. തീയതി മാര്‍ച്ച് 26, 1976.) ഈ കത്ത് പറയും വലിയൊരു ചരിത്രം. എന്നാണ്, എങ്ങനെയാണ്, ആരാണ് വഖഫ് സംവിധാനത്തിന്, സദുദ്ദേശ്യം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഇല്ലാതാക്കിക്കളഞ്ഞതെന്ന്. രാജ്യത്തെ സകല സംവിധാനത്തേയും രാഷ്‌ട്രീയ നേട്ടത്തിന് ദുര്‍വിനിയോഗം ചെയ്തതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവകാശപ്പെടാന്‍ യോഗ്യത നേടിയ ഇന്ദിരാഗാന്ധിയുടെ വിചിത്രമായ ചെയ്തികളിലൊന്നാണ് ഈ കത്ത്. ഒരുപക്ഷേ മുനമ്പത്തെ ‘പ്രശ്ന’ത്തിന് താല്‍ക്കാലിക പരിഹാരമായി, നിയമസഭയില്‍ ‘ഏകകണ്ഠ’രായി നിന്ന് എല്‍ഡിഎഫ്- യുഡിഎഫ് കക്ഷികള്‍ ഈ ‘ഇന്ദിരാ മോഡല്‍’ നടപ്പാക്കാന്‍ ആസൂത്രണം നടത്തിയിട്ടുമുണ്ടാകാം. 1976ലെ കത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പറയുന്നു: വഖഫുകളുടെ ഭരണസംവിധാനം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ എനിക്ക് ഉത്കണ്ഠയുണ്ട്. അതിന് താഴെപ്പറയുന്ന കാര്യങ്ങള്‍ ഉടന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കത്ത് എന്നാണ് പേരെങ്കിലും കര്‍ക്കശമായ ഉത്തരവാണത്. കാരണം 1976 എന്നാല്‍ അടിയന്തരാവസ്ഥയാണ്. ‘ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ’ എന്ന മുദ്രാവാക്യകാലത്തെ സ്വേച്ഛാധിപത്യ- ഏകാധിപത്യ ഭരണം. കത്തിലെ ‘ഉത്തര’വുകള്‍ ഇങ്ങനെ: (1) വഖഫ് സ്വത്തുക്കള്‍ അതത് വഖഫ് ബോര്‍ഡുകള്‍ക്ക് കൈമാറണം. (2) ചില വലിയ കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് കൈമാറാന്‍ സാങ്കേതികമായി പറ്റില്ലെങ്കില്‍, സംസ്ഥാന സര്‍ക്കാര്‍ ആ കെട്ടിടത്തിന്റെ വിപണി വില വഖഫുകള്‍ക്ക് നല്‍കി വഖഫുകളുമായി കെട്ടിടത്തിന് ദീര്‍ഘകാല ഉപയോഗത്തിനായി കരാറുണ്ടാക്കണം. (3) അതല്ലെങ്കില്‍ തത്തുല്യമായ ഭൂമി വിപണി വിലയ്‌ക്ക് വാങ്ങി വഖഫിന് നല്‍കി അതിന്റെ അവകാശം വഖഫിന് നല്‍കണം. ഇതിനുപുറമെ മറ്റൊരു സൗകര്യം കൂടി ഇന്ദിര ചെയ്തു. പല വഖഫ് സ്വത്തുക്കളും നാമമാത്രമായ വാടകയ്‌ക്കാണ് കൊടുത്തിട്ടുള്ളത്. വാടകനിയന്ത്രണ നിയമമുള്ളതിനാല്‍ വാടക കൂട്ടാനാവുന്നില്ല. ഈ പ്രശ്നത്തിന് പരിഹാരമായി വഖഫ് സ്വത്തുക്കളെ റെന്റ് കണ്‍ട്രോള്‍ ആക്ടില്‍നിന്ന് ഒഴിവാക്കണം. ആന്ധ്ര, കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ നടപ്പാക്കിക്കഴിഞ്ഞ ഈ വ്യവസ്ഥകള്‍ പഞ്ചാബ്, ഹരിയാന, ഹിമാചല്‍, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ദല്‍ഹി എന്നിവിടങ്ങളില്‍ ഉടന്‍ നടപ്പാക്കാനാണ് കത്തിലെ നിര്‍ദ്ദേശം. ഭരണഘടനപോലും മരവിപ്പിച്ചുനിര്‍ത്തിയ അടിയന്തരാവസ്ഥക്കാലത്തെ പ്രധാനമന്ത്രിയുടെ ഈ ഉത്തരവ് ഇന്നും വഖഫ് നടത്തിപ്പില്‍ തുടരുകയാണ്! എന്നിട്ടും കൃത്യത, വ്യക്തത, സുതാര്യത ഇല്ലാത്തതിനാലാണ് 2022 ലെ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. അതിനെയാണ് ‘ഒറ്റത്തൊണ്ട’യില്‍ കേരള നിയമസഭാംഗങ്ങള്‍ എതിര്‍ത്തത്.
ഇടതുപക്ഷക്കാര്‍ക്കും സംപൂജ്യയായിക്കഴിഞ്ഞ ഇന്ദിരാഗാന്ധിയുടെ ഉത്തരവുപ്രകാരം കേരളത്തിലെ കമ്യൂണിസ്റ്റ് ലേബലുള്ള പിണറായി സര്‍ക്കാര്‍, മുനമ്പം മുതലായ വഖഫ് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ മാര്‍ക്കറ്റ് വില കൊടുക്കുകയോ പകരം ഭൂമി- സ്വത്ത് കൊടുക്കുകയോ ചെയ്യാന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും നിയമസഭയില്‍ അതും ഏകകണ്ഠമായി അംഗീകരിച്ചേക്കും. പക്ഷേ, അതിനുള്ള വക കണ്ടെത്താന്‍ കാലിയെന്ന് ധനമന്ത്രി തന്നെ വിളിച്ചുകൂവുന്ന, കേരള ഖജനാവിന്റെ താക്കോല്‍ പണയം കൊടുത്താല്‍ വാങ്ങാന്‍ ആരുണ്ടാകും എന്ന ചോദ്യം ബാക്കിയാണ്.
ഭാരതത്തിലെ വഖഫ് ബോര്‍ഡുകള്‍ക്കെല്ലാംകൂടി 8.7 ലക്ഷം എണ്ണം സ്വത്തുക്കള്‍ നിലവില്‍ അവകാശത്തിലുണ്ട്. അത് ഭൂമിയളവുപ്രകാരമാണെങ്കില്‍ 9.4 ലക്ഷം ഏക്കര്‍ വരും; അതിന് ഏകദേശവില 1.2 ലക്ഷം കോടിയും. ലോകത്ത് ഏറ്റവും വഖഫ് സ്വത്തുള്ളത് ഭാരതത്തിലാണ്. പുതിയ പുതിയ അവകാശവാദങ്ങള്‍ വരുമ്പോള്‍ ഇത് ഇനിയും കൂടും. ഭാരതത്തില്‍ പ്രതിരോധ സേനയും റയില്‍വേയ്‌സും കഴിഞ്ഞാല്‍ കൂടുതല്‍ ഭൂസ്വത്തുള്ളത് വഖഫിനായിരിക്കും.
പുതിയ നിയമഭേദഗതിക്ക് പ്രേരിപ്പിച്ചത് പല ഘടകങ്ങളാണ്. കേന്ദ്രസര്‍ക്കാരിന് വഖഫ് സ്വത്തിന്റെ കാര്യത്തില്‍ പരാതികള്‍ അധികവും ലഭിച്ചത് മുസ്ലിം, മുസ്ലിം ഇതര സമൂഹത്തില്‍ നിന്നാണ്. 2023 ഏപ്രില്‍ മുതല്‍ ഇതുവരെ മാത്രം 148 പരാതികള്‍ ലഭിച്ചു. ദുരുപയോഗം, സുതാര്യതമില്ലായ്മ, ഭരണ പിടിപ്പുകേട്, വഖഫ് സ്വത്ത് നഷ്ടപ്പെടുത്തല്‍ തുടങ്ങിയവയാണ് പരാതികള്‍. 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ 566 പരാതികള്‍ കിട്ടിയതില്‍ 194 എണ്ണം ഭൂമികയ്യേറ്റവും 93 എണ്ണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും സംബന്ധിച്ചാണ്.
സര്‍ക്കാര്‍ സംവിധാനത്തിലുള്ള, കോടതിക്കും മേലേ അധികാരമുള്ള ഒരു സമിതിക്ക് പോരായ്മകളുണ്ടെങ്കില്‍ അത് തിരുത്തപ്പെടേണ്ടതാണ്. ഭരണഘടനയ്‌ക്ക് പോരായ്മയും പരിമിതിയും ബോധ്യം വന്നപ്പോള്‍ അഞ്ചുവര്‍ഷം മുമ്പുവരെയുള്ള കണക്കുപ്രകാരം 123 തവണ ഭേദഗതി വരുത്തിയ രാജ്യത്ത് വഖഫ് നിയമത്തില്‍ വീഴ്ചയുണ്ടെങ്കില്‍ തിരുത്താന്‍ പറ്റില്ലെന്ന് നിയമസഭാംഗങ്ങള്‍ തീരുമാനിക്കുന്നത് വാസ്തവത്തില്‍ പാഴ്പ്പണിയാണ്. സ്വയം വില കെടുത്തലും! രാജ്യത്തെ പൊതുനിയമം നിര്‍മിക്കുന്നത് പാര്‍ലമെന്റാണല്ലോ, നിയമസഭയല്ലല്ലോ! എന്നാല്‍ രസമതല്ല, നിയമസഭാ സംവിധാനത്തെ രാഷ്‌ട്രീയക്കളികള്‍ക്ക് വിനിയോഗിക്കുന്നത് വിനോദമാക്കിയ ശീലത്തില്‍ ഇത്തവണത്തെ പ്രമേയം ‘ആപ്പൂരിയ’ ജന്തുവിന്റെ കാര്യത്തിലെന്നപോലെ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് അബദ്ധമായിട്ടുണ്ട്. മുനമ്പത്ത് ക്രിസ്തീയസഭ ഒപ്പം നില്‍ക്കുന്നത് വഖഫ് അവകാശവാദ പ്രകാരം ഒഴിപ്പിക്കപ്പെടാന്‍ പോകുന്ന അവിടത്തുകാര്‍ക്കൊപ്പം. പക്ഷേ ക്രിസ്തീയ സഭകളുടെ സംരക്ഷണവും സഭയില്‍നിന്ന് സംരക്ഷണവും നേടിയ പാര്‍ട്ടികളുടെ നേതൃത്വം നില്‍ക്കുന്നത് എതിര്‍പക്ഷത്താണ്. വഖഫ് സംരക്ഷണം മുസ്ലിം സമുദായത്തിനുവേണ്ടിയാണെന്ന് വാദിച്ച് പ്രമേയം പാസാക്കിയവര്‍ നേരിടുന്ന പ്രതിഷേധം കിടപ്പാടത്തില്‍ നിന്ന് അനാഥരായി ഇറങ്ങിപ്പോകേണ്ടിവരുന്ന മുസ്ലിം സമുദായാംഗങ്ങളില്‍നിന്നുകൂടിയാണ്. അപ്പോള്‍ പ്രമേയം ഒറ്റത്തൊണ്ടയ്‌ക്ക് പാസാക്കിയവരുടെ ബുദ്ധിയും ചിന്താശേഷിയും വിവേകവും, വേണ്ട, രാഷ്‌ട്രീയവും ആരും സംശയിച്ചു പോകും. ഇന്ദിരയുടെ ധാര്‍ഷ്ട്യവും എടുത്തു ചാട്ടവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാനസികാവസ്ഥയും മനശ്ശാസ്ത്ര ബുദ്ധ്യാ പ്രത്യേകം പഠിക്കേണ്ട വിഷയമാണല്ലോ. അതുപോലെ പഠിക്കേണ്ടതുണ്ട് നമ്മുടെ ഏകകണ്ഠ പ്രമേയങ്ങളും. എന്തിന്? ആര്‍ക്കു വേണ്ടി? ഇന്ദിരയുടെ 1976ലെ കത്തിന് മതപരമായ ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യത്തിന്റെ തുടര്‍ച്ചക്കാരാണ് വഖഫ് നിയമത്തിലെ ”വിനാശകരമായ ” അധികാരങ്ങള്‍ക്കു വേണ്ടി വാദിക്കുന്നതെന്ന് ചിന്തിക്കുന്നവരില്‍ പലര്‍ക്കും തോന്നിയേക്കാം.
ചില അസ്വാഭാവികതകള്‍ക്ക് അവസാനം വരുന്നത് പൊതുസമൂഹത്തിന്റെ മനസ്സ് ആശങ്കപ്പെടുകയും തീവ്രമായി അതിനോട് രഹസ്യമായാണെങ്കിലും വിയോജിക്കുമ്പോഴുമാണ്. ശാപ- അനുഗ്രഹങ്ങള്‍ അത്തരമൊരു വികാരത്തിന്റെ ഫലമാകാമെന്ന് ചില മനോവിജ്ഞാനീയക്കാര്‍ പറയുന്നു. കായിക ബല ധിക്കാരത്തിന്റെ പരമാവസ്ഥയുടെ പൊട്ടിയൊലിക്കലായിരുന്നു ‘അവിലും മലരും കുന്തിരിക്കവും’ മുദ്രാവാക്യമായത്. തുടര്‍ ഫലത്തിലൂടെ സമൂഹം ആശ്വസിക്കുകയായിരുന്നല്ലോ. ഏതിടവും വഖഫ് സ്വത്തെന്ന വാദം ഉയരുന്ന സ്ഥിതി വരുന്നു എന്ന തോന്നല്‍ സമൂഹത്തിനുണ്ടായാല്‍, നിയമങ്ങളില്‍, നിയമ ഭേദഗതികളില്‍ ഏത് പൊതു സമൂഹവും ആശ്വാസം കാണുമല്ലോ. അവിടെ ആരും നിര്‍ബന്ധിക്കാതെ തന്നെ മതേതരത്വവുമുണ്ടാകും; സ്വാഭാവികം.
പിന്‍കുറിപ്പ്:
ശബരിമല വിമാനത്താവളത്തിന് കേരള സര്‍ക്കാര്‍ കേരളത്തിന്റെ ഭൂമി കൈവശക്കാരായ ചെറുവള്ളി എസ്റ്റേറ്റ് ഉടമകളില്‍ നിന്ന് പണം കൊടുത്തു വാങ്ങിയത് ഓര്‍മ്മയില്ലേ! സ്വാമിയേ ശരണമയ്യപ്പ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: