പോര്‍ട്ടോ: പോര്‍ച്ചുഗലിനായി യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ഇരട്ട ഗോളുമായി തിളങ്ങി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോളണ്ടിനെതിരെ പോര്‍ച്ചുഗല്‍ 5-1ന്റെ ജയം നേടിയ മത്സരത്തിലാണ് ഈ സൂപ്പര്‍ പ്രകടനം. ഒരു പെനല്‍റ്റി കിക്ക് വലയിലെത്തിച്ചതടക്കം രണ്ട് ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ ഒരു ഗോളിന്റെ അസിസ്റ്റുമായി.
റോണോയുടെ ആകെ ഗോള്‍ നേട്ടം ഇതോടെ 910 ആയി. പോളണ്ടിനെതിരെ സ്വന്തം നാട്ടിലായിരുന്നു പോര്‍ച്ചുഗലിന്റെ ഇന്നലത്തെ മത്സരം ആറ് ഗോളുകള്‍ പിറന്ന മത്സരത്തിലെ എല്ലാ ഗോളുകളും വലയിലെത്തിയത് രണ്ടാം പകുതിയിലാണ്. 59-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ റഫീല്‍ ലീയോ ആണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. 72-ാം മിനിറ്റില്‍ പെനല്‍റ്റി ഫലത്തിലെത്തിച്ച റോണോയ്ക്ക് പിന്നാലെ ബ്രൂണോ ഫെര്‍ണാണ്ടസ് പെഡ്രോ നെറ്റോ എന്നിവരും ഗോളുകള്‍ നേടി. മത്സരത്തില്‍ ടീമിന്റെ അവസാനത്തെയും അഞ്ചാമത്തെയും ഗോള്‍ 87-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ആണ് നേടിയത്. തൊട്ടുപിന്നാലെ ഡോമിനിക് മര്സൂക്കിലൂടെ പോളണ്ട് ആശ്വാസം കണ്ടെത്തി.
അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ലീഗ് എ ഗ്രൂപ്പ് ഒന്നില്‍ തോല്‍വി അറിയാത്ത പോര്‍ച്ചുഗല്‍ 13 പോയിന്റുമായി മുന്നിലാണ്. ഏഴ് പോയിന്റിന്റെ ബലത്തില്‍ ക്രൊയേഷ്യ രണ്ടാമത് നില്ക്കുന്നു. പോളണ്ടും സ്കോട്ട്ലന്‍ഡും ആണ് പിന്നാലെ.
ഗ്രൂപ്പില്‍ ഇന്നലെ നടന്ന മറ്റൊരു പോരാട്ടത്തില്‍ ക്രൊയേഷ്യയെ സ്കോട്ട്ലന്‍ഡ് 1-0ന് ഞെട്ടിച്ചു. മറ്റൊരു മത്സരത്തില്‍ കരുത്തരായ ഡെന്മാര്ക്കിനെ സ്പെയിന് 2-1ന് തോല്‍പ്പിച്ചു. സ്പെയിനും ഗ്രൂപ്പ് നാലില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ടീം ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: